അബ്ദുള്‍ ജലീല്‍. ഖുറാനില്‍ ദൈവത്തിന്റെ നാമമായി വിശേഷിപ്പിക്കുന്ന പേരുകളിലൊന്ന്. ‘ഉന്നതന്റെ ദാസന്’ എന്നാണ് അര്‍ത്ഥം. രാജ്യങ്ങള്‍ ഭരിച്ച സുല്‍ത്താന്‍ന്മാര്‍, ലോക പ്രശസ്ത കായിക താരങ്ങള്‍, സാഹിത്യകാരന്മാര് തുടങ്ങി നിരവധി ആളുകള്‍ ഈ പേരില്‍ അറിയപ്പെടുന്നവരായുണ്ട്. എന്നാല്‍ കേരളത്തില്‍ അബ്ദുള്‍ ജലീല്‍ എന്ന നാമത്തില്‍ പ്രശസ്തി നേടിയത് മുസ്ളീം അല്ല. ക്രൈസ്തവ പുരോഹിതനാണ്. അബ്ദുള്‍ ജലീല്‍ എന്ന പേരില്‍ കേരള ചരിത്രത്തില്‍ ഇടം പിടിച്ചത്, മലങ്കര സുറിയാനി സഭയുടെ സ്ഥാപകന്‍ എന്നു വിഷേഷിപ്പിക്കാവുന്ന അബ്ദുള്‍ ജലീല്‍ മോര് ഗ്രിഗോറിയോസ് ബാവ ജനിച്ചത് ഇറാഖിലാണ്. തുര്‍ക്കിയിലും പിന്നൂട് ജറുസലേമിലും സുറിയാനി ഓര്‍ത്തഡോക്സ് ബിഷപ്പായി.
പോര്‍ച്ചുഗീസുകാര്‍ക്ക് കീഴ്പ്പെടാന്‍ വിസമ്മതിച്ച സെന്റ്തോമസ് ക്രിസ്ത്യാനികള്‍ തങ്ങളുടെ ആര്‍ച്ച്ഡീക്കന്‍ ആയി തെരഞ്ഞെടുത്ത മാര്‍ത്തോമ്മാ ഒന്നാമന്റെ സ്ഥാനാരോഹണം ക്രമപ്പെടുത്തുന്നതിനാണ് 1665ല്‍ ഇന്ത്യയിലേക്ക് വന്നത്.പുരാതന കാലം മുതല്‍ സത്യ സുറിയാനി സഭയുടെ വിശ്വാസാചാര പൈതൃകം പിന്തുടര്ന്നിരുന്ന തൊമ്മായുടെ മലങ്കര ഇടവക, പറങ്കി വിശ്വാസത്തെ തള്ളിപ്പറഞ്ഞ് 1963ല്‍ കൂനന്‍ കുരിശു സത്യം എടുത്തു. അതിനു ശേഷം സുറിയാനി സഭയുടെ പാത്രിയാര്‍ക്കീസിന്റെ അനുഗ്രഹത്തോടെ മലങ്കരയിലേക്ക് അയക്കപ്പെട്ട മെത്രാപോലീത്തയായിരുന്ന മോര് അബ്ദുല്‍ ജലീല്‍ ഗ്രീഗറിയോസ് ബാവാ. കേരളത്തില്‍ ‘സിറിയന്‍’ പേരും പാരമ്പര്യവും പൈതൃകവും പേറുന്ന എല്ലാ ക്രിസ്തീയ സഭകളുടെയും യഥാര്‍ത്ഥ ആത്മീയ പിതാവ് ആണ് ഈ പരിശുദ്ധനായ അബ്ദുള്‍ ജലീല്‍.. നോര്‍ത്ത് പറവൂര്‍ മോര്തോമന് പള്ളിയില്‍ വച്ചു കാലം ചെയ്യുകയും അവിടെ തന്നെ കബറടങ്ങുകയും ചെയ്തു. 2000 ല്‍ അബ്ദുള്‍ ജലീല്‍ മോര് ഗ്രീഗോറിയോസിനെ പരിശുദ്ധനായും പ്രഖ്യാപിച്ചു.
ഓര്‍ത്തഡോക്സ്-പാത്രിയാര്‍ക്കീസ് വഴക്കും കേസും പള്ളിപിടുത്തവും ഒക്കെ നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഈ പേര് പൊങ്ങിവരുന്നത് ബിഷപ്പിന്റേയോ പള്ളിയുടേയോ പേരില്ല. അബ്ദുള്‍ ജലീല്‍ എന്ന നാമം അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശില്‍ മുന്‍ റയില്‍വേ ഉദ്യോഗസ്ഥന് വിശ്വാസത്തിലേക്ക് തിരിച്ചു പോയതും കേരളത്തില്‍ ഒരു മന്ത്രി വിശ്വാസ വഞ്ചന കാണിച്ചതിന്റേയും വാര്‍ത്തകള്‍ക്കൊപ്പമാണ് ഈ പേരും ഉയര്‍ന്നു കേട്ടത്.
ഹത്രാസ് ജില്ലയിലെ സദാബാദ് താലൂക്ക് സ്വദേശിയായ അബ്ദുള്‍ ജലീല്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുധര്‍മ്മത്തെ ആശ്ലേഷിച്ചത് വലിയ വാര്‍ത്തയായി. സങ്കടമോചന്‍ മന്ദിറിലെ വേദമന്ത്രങ്ങള്‍ ഉയരുന്ന ഹവന വേദിയില്‍ സനാതന ധര്മ്മത്തിലെത്തിയ അദ്ദേഹം ശ്രാവണ്‍ കുമാര്‍ എന്ന പേരും സ്വീകരിച്ചു. റയില്‍വേയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിച്ചയാളാണ് 66 വയസ്സുള്ള അബ്ദുള്‍ ജലീല്‍. കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നാണദ്ദേഹം പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഹിന്ദു മതത്തിലേക്ക് മാറണം എന്ന ആഗ്രഹം തന്നില്‍ വളര്‍ന്നു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രാദേശിക ജനറല്‍ സെക്രട്ടറിയെ പരിചയപ്പെടാന്‍ ഇടയായി. അത് സൗഹൃദമായി മാറി. അദ്ദേഹത്തോട് അബ്ദുള്‍ ജലീല്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു.
‘ഇസ്ലാമിലെ പല പ്രശ്നങ്ങളെ ചൊല്ലിയും ഞാന്‍ നിരാശനായിരുന്നു. ജനങ്ങള്‍ അത്യാഗ്രഹികളും സ്വത്തിനു വേണ്ടി പരസ്പരം കൊല്ലാന്‍ പോലും തയ്യാറാവുന്നവരുമാണ്. അതുകാരണം ഞാന്‍ ഹിന്ദുമതത്തിലേക്ക് പോകും എന്ന് തീരുമാനിച്ചു. ഞാന്‍ ഭഗവാന് രാമനെ ആരാധിക്കുന്നു. അദ്ദേഹമാണ് എന്റെ മൂര്‍ത്തി. ആദ്യമായി വിഷ്ണു കീര്‍ത്തനം ചൊല്ലുകയും ഹവന പൂജ ചെയ്യുകയും ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഞാന്‍ ഒരു മതവും മാറിയിട്ടില്ല, സ്വന്തം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. എന്റേത് ഘര്‍വാപസിയാണ്’. ഭഗവാന് രാമനാണ് തന്റെ മാതൃകാപുരുഷന്‍ എന്നു പറയുന്ന അബ്ദുള്‍ ജലീല്‍, രാമന് ഭാരതത്തിന്റെ മുഴുവന്‍ പൂര്‍വ്വികനാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു. എഞ്ചിനീയറും ഡോക്ടറും പൈലറ്റും മക്കളായിട്ടുള്ള അബ്ദുള്‍ ജലീല്‍ സനാതന ധര്‍മ്മത്തിലേക്ക് തിരിച്ചുപോയതിന്റെ പേരിലുളള ഭീഷണികള്‍ തള്ളിക്കളയുകയും ചെയ്യുന്നു.
കേരളത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലാണ് വിദേശ രാജ്യത്തിന്റെ വിശ്വസ്തനാകാന്‍ അബ്ദുല്‍ ജലീല്‍ എന്ന നാമം ഉപയോഗിച്ച് വിഡ്ഢിവേഷം കെട്ടിയിരിക്കുന്നത്. മന്ത്രിയായിരിക്കെ ജലീല്‍ അന്നത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി പ്രോട്ടോകോള്‍ ലംഘിച്ച് കൂടിക്കാഴ്ച നടത്തുകയും യുഎഇ ഭരണാധികാരികളുടെ അനുഭാവം നേടിയെടുക്കാന്‍ അവിടെ പ്രചാരമുള്ള മലയാള പത്രം മാധ്യമം നിരോധിക്കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടതുമാണ് വാര്‍ത്തയായത്. രാജ്യദ്രോഹം മാത്രമല്ല, വിശ്വാസ വഞ്ചനയും മതവിരുദ്ധതയുമാണ് ജലീല്‍ നടത്തിയത്. അതിന് സ്വന്തം പേരായ കെ.ടി.ജലീല്‍ എന്നതിനു പകരം ഖുറാനുമായി ബന്ധമുള്ള അബ്ദുള്‍ എന്ന പേരുകൂടി തുല്ല്യം ചാര്‍ത്തിയതിലെ ഇടുങ്ങിയ വര്‍ഗ്ഗീയ മനസ്സ് കണ്ടില്ലന്നു വെക്കാനാവില്ല. കേരളത്തില്‍ ഒരു പൊതു പ്രവര്‍ത്തകനും ചെയ്യരുതാത്ത, ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ് മത വിശ്വാസത്തില്‍ ഊറ്റം കൊള്ളുകയും രാഷ്ട്രീയ നേട്ടത്തിനായി മതത്തേയും മത ചിഹ്നങ്ങളേയും ആശ്രയിക്കുകയും ചെയ്ത ജലീല്‍ ചെയതത്. സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്തുവന്ന ഉടന്‍ പ്രതികളിലൊരാളുമായുള്ള ജലീലിന്റെ അടുപ്പം ആദ്യം വാര്‍ത്തയാക്കിയത് ജന്മഭൂമിയാണ്.
സ്വപ്ന സുരേഷ് നിരവധി പ്രാവശ്യം ജലീലിനെ വിളിച്ചിരുന്നു എന്ന വാര്‍ത്ത നല്‍കിയതിന് ജന്മഭൂമിക്കെതിരെ പത്രസമ്മേളനം നടത്തി. താന്‍ മുസ്ളീം ആയതിനാല്‍ ആര്‍എസ്എസ് പത്രം നുണ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. ജന്മഭൂമിക്കെതിരെ മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും നല്കി.
പിന്നീട് റംസാന്റെ മറവില്‍ ഈന്തപ്പഴവും പുസ്തകങ്ങള്‍ മറയാക്കി ഖുറാനും ഖുറാന് മറയാക്കി സ്വര്‍ണ്ണവും ഒക്കെ കടത്തിയതായി വാര്‍ത്തകള്‍ വന്നപ്പോഴും ജലീല്‍ പരിചയായി ഉപയോഗിച്ചത് മതത്തേയും വിശ്വാസത്തേയും ആണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫലശ്രമമാണ് ജലീല്‍ നടത്തിയത്. തനിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുമ്പോഴൊക്കെ ജലീല്‍ പതിവായി പ്രയോഗിക്കുന്ന തന്ത്രമാണിത്. അന്നൊക്കെ കൂട്ടുനിന്നവരാണ് ജമാഅത്ത് ഇസ്ലാമിയും അവരുടെ മാധ്യമങ്ങളായ ‘മാധ്യമം’ പത്രവും ‘മീഡിയ വണ്‍’ ചാനലും. ഈ മാധ്യമങ്ങളുടെ തോളില്‍ കയ്യിട്ട് പുറകില്‍ കുത്തുകയായിരുന്നു എന്നതാണ് ഇപ്പോള്‍ തെളിയുന്നത്. ‘മാധ്യമം’ പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ രാജ്യത്തിന് കത്തെഴുതിയ ജലീല്‍ ഇന്ത്യന്‍ പൗരനായി ജീവിക്കാനുള്ള അര്‍ഹതപോലും ഇല്ലാത്തവനെന്ന് സ്വയം തെളിയിച്ചിരിക്കുന്നു.
രാജ്യത്ത് മതഭീകരതയുടെ വിത്ത് പാകിയ ‘സിമി’ എന്ന വര്‍ഗ്ഗീയ സംഘടനയിലാണ് കെ.ടി.ജലീല്‍ എന്ന രാഷ്ട്രീയ നേതാവ് മുളച്ചത്. ‘സിമി’ നിരോധിച്ചപ്പോള്‍ മുസ്ളീം ലീഗില്‍ അഭയം തേടി. അവിടെയും പ്രശ്നമായപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. എക്കാലത്തും തീവ്രമുസ്ളീം സംഘടനകളേയും ‘മാധ്യമം’, ‘മീഡിയ വണ്‍’ എന്നിവയേയും ഒക്കെ ചവിട്ടുപടിയായി ഉപയോഗിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മാധ്യമം ജലീലിനുവേണ്ടി പ്രത്യേക പതിപ്പിറക്കി. ‘മീഡിയ വണ്‍’ പ്രത്യേക അഭിമുഖം നടത്തിയത് അടുത്ത ദിവസമാണ്. അങ്ങനെയിരിക്കെയാണ് ‘മാധ്യമം’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ വിദേശത്തേക്ക് കത്തെഴുതിയത് പുറത്തു വന്നത്. ഇതിന്റെ നിയമലംഘനവും പ്രോട്ടോക്കോള്‍ പ്രശ്നവും മാറ്റിവെച്ചാല്‍ ജലീല്‍ എന്ന മതവിശ്വാസി ചെയ്ത മതവഞ്ചന തിരിച്ചറിയണം. ഏത് ഉന്നതനുവേണ്ടിയാണ് ഈ അബ്ദുള്‍ ജലീല്‍ ദാസ്യവേല ചെയ്തത് എന്നത് അറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: