സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തയ്യാറാക്കിയ പ്രോസ്‌പെക്ടസ് പ്രകാരമാണ് അഡ്മിഷന്‍. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഓഗസ്റ്റ് 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. മൂന്ന് പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടെ ആകെ 13 പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലാണ് പ്രവേശനം.
കോഴ്‌സുകള്‍: ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി- മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എംഎല്‍ടി), പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എംആര്‍ടി), ഓപ്‌ടോമെട്രി, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബിപിടി), ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബിസിവിടി), ഡയാലിസിസ് ടെക്‌നോളജി (ഡിടി), ഒക്കുപ്പേഷണല്‍ തെറാപ്പി (ബിഒടി), ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്റ്‌സ്പീച്ച് ലാംഗുവേജ് പാതോളജി (ബിഎഎസ്എല്‍പി); സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി നടത്തുന്ന പുതിയ കോഴ്‌സുകള്‍- ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി.
ബിഎസ്‌സി നഴ്‌സിംഗ്, എംഎല്‍റ്റി, ബിപിറ്റി, ബിഎസ്‌സി, എംആര്‍റ്റി, ബിഒറ്റി കോഴ്‌സുകളുടെ പഠന കാലാവധി 4 വര്‍ഷമാണ്. ഒരുവര്‍ഷത്തെ/6 മാസത്തെ ഇന്റേണ്‍ഷിപ്പുമുണ്ട്. മറ്റ് കോഴ്‌സുകളുടെ കാലാവധി 3 വര്‍ഷം വീതമാണ്. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് വിധേയമാവണം.
പ്രവേശന യോഗ്യത: കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും ഈ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകമായും വിജയിച്ചിരിക്കണം. എന്നാല്‍ ബിഎഎസ്എല്‍പി കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ സൈക്കോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അര്‍ഹതയുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം പാസായിരിക്കണം. വിഎച്ച്എസ്‌സികാരെയും പരിഗണിക്കും.
എസ്ഇബിസി/ ഒഇസി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ യോഗ്യതാപരീക്ഷ പാസായിരുന്നാല്‍ മതി. 2022 ഡിസംബര്‍ 31 ന് പ്രായം 17 വയസ് പൂര്‍ത്തിയാകണം. ബിഎസ്‌സി നഴ്‌സിംഗ് ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. അതേസമയം സര്‍വ്വീസ് ക്വാട്ടയില്‍ പ്രായപരിധി 46 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷ: www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഫീസ് 800 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 400 രൂപ മതി. ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ മുഖാന്തിരം ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഓഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്‌ക്കാം. ഒറ്റ അപേക്ഷ മതി. ഓഗസ്റ്റ് 20 വരെ അപേക്ഷ സ്വീകരിക്കും. വിവിധ ഘട്ടങ്ങളായി അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്.
റാങ്ക്‌ലിസ്റ്റ്: യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റിനു മുമ്പ് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തും. രണ്ട് റാങ്ക്‌ലിസ്റ്റുകള്‍ ഉണ്ടാവും. റാങ്ക് ലിസ്റ്റ്-1: ബിഎസ്‌സി നഴ്‌സിംഗ്, എംഎല്‍റ്റി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിസിവിടി, ബിപിടി, ബിഎസ്‌സി എംആര്‍റ്റി, ഡയാലിസിസ് ടെക്‌നോളജി, ബിഒടി, ഒപ്‌ടോമെട്രി കോഴ്‌സുകള്‍ക്ക് യോഗ്യതാപരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ അവസാനവര്‍ഷ പരീക്ഷയുടെ മൊത്തം മാര്‍ക്കാണ് പരിഗണിക്കുക. റാങ്ക് ലിസ്റ്റ് 2: ബിഎഎസ്എല്‍പി കോഴ്‌സിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് യോഗ്യതാപരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയുടെയും ബയോളജി/മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/സൈക്കോളജി എന്നിവയിലേതെങ്കിലുമൊന്നിന്റെയും അവസാനവര്‍ഷത്തെ മൊത്തം മാര്‍ക്കാണ് പരിഗണിക്കുന്നത്.
ഓപ്ഷന്‍ രജിസ്‌ട്രേഷന്‍: റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോഴ്‌സ്/കോളേജ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം സമയം അനുവദിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. കോളേജുകളും കോഴ്‌സുകളും വെബ്‌സൈറ്റില്‍നിന്നും തെരഞ്ഞെടുത്ത് ഓപ്ഷനുകള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യാം. മൂന്ന് സീറ്റ് അലോട്ട്‌മെന്റുകള്‍ നടത്തും. അലോട്ട്‌മെന്റ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാകും.
സര്‍ക്കാര്‍ ഫീസ് നിരക്കുകള്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകൡലെ ഫീസ് നിരക്കുകള്‍: ബിഎസ്‌സി നഴ്‌സിംഗ്- 22070 രൂപ, ബിഎസ്‌സിഎംഎല്‍റ്റി- 19870 രൂപ, ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി-20970 രൂപ, ബിഎസ്‌സി ഓപ്‌ടോമെട്രി-20970 രൂപ, ബിസിവിടി-20970 രൂപ, ബിഎസ്‌സിഡിടി-20920 രൂപ. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: