തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് രണ്ടു പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്.യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എസ് എം ബാലു, എന്‍ എസ് നുസൂര്‍ എന്നിവരെയാണ് ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തത്. ഇവരെ ചുമതലകളില്‍ നിന്ന് നീക്കിയതായും ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സന്ദേശം പുറത്തായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കിയവരില് നുസൂറും ബാലുവും ഒപ്പുവച്ചിരുന്നു. കത്തില്‍ ഷാഫി പറമ്പിലിനെതിരെയും പരാമര്‍ശമുണ്ടായിരുന്നു. പാലക്കാട് ചിന്തന്‍ ശിബരത്തിനിടയില്‍ നടന്ന ലൈംഗികാരോപണ പരാതി വിവാദമാക്കിയത് ഇവരാണെന്നും സംശയമുണ്ട്. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വിമാനത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത കെ എസ് ശബരീനാഥന്റെ വാട്സാപ്പ് ചാറ്റാണ് പുറത്തായത്. പിന്നാലെ വധഗൂഢാലോചന കുറ്റം ചുമത്തി പോലീസ് ശബരിനാഥനെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ചോര്‍ത്തിയത് ഗുരുതര സംഘടനാപ്രശ്നമാണെന്ന് ശബരിനാഥന് പിന്നീട് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: