കണ്ണൂര്‍: വനിതകള്‍ക്ക് ആത്മാഭിമാനവും ഊര്‍ജ്ജവും പകരാന്‍ അഖിലേന്ത്യാ ബൈക്ക് യാത്ര നടത്തുന്ന അംബിക കൃഷ്ണ കണ്ണൂരിലെത്തി. കൊച്ചി ആകാശവാണി റെയിന്‍ബോയിലെ റേഡിയോ ജോക്കിയാണ് നാല്‍പ്പത്തിനാലുകാരിയായ അംബിക കൃഷ്ണ. അംബികയുടെ പത്തൊമ്പതാമത്തെ വയസ്സില്‍ ഇന്ത്യന്‍ ഏയര്‍ഫോര്‍സില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് എച്ച്. ശിവരാജ് ദല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു. അന്ന് മൂന്നുമാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു അംബികയ്ക്ക്. പിന്നീടുണ്ടായ ജീവിത പ്രയാസങ്ങള്‍ക്കെതിരെ സധൈര്യം പൊരുതി മുന്നേറിയ ചരിത്രമാണ് അംബികയുടേത്.
രക്തസാക്ഷിത്വം വരിച്ച ധീരജവന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും വേണ്ടി സമര്‍പ്പിച്ചുകൊണ്ടായിരുന്നു ഡ്രീം ലോഡഡ് വിത്ത് ബുള്ളറ്റെന്ന യാത്ര അംബിക കൃഷ്ണ കൊച്ചിയില്‍ നിന്നും തിരിച്ചത്. 17 സംസ്ഥാനങ്ങളിലായി 12,000 കി.മി. തനിച്ച് ബൈക്കില്‍ പര്യടനം നടത്തിയ അംബിക ഇന്നലെയാണ് കണ്ണൂരിലെത്തിയത്. ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്ന അംബികയുടെ പോരാട്ടത്തിന്റെ മറ്റൊരു വഴിത്തിരിവ് കൂടിയാണ് ഈ യാത്ര.
ആദ്യമായാണ് കേരളത്തിന് പുറത്ത് ഇത്തരമൊരു യാത്ര പോകുന്നത്. ഇനിയും യാത്രകള്‍ക്കുളള തയ്യാറെടുപ്പിലാണ് അംബിക. വീരമൃത്യു അടഞ്ഞ സൈനികരുടെ ഭാര്യമാരെ നേരില്‍ കണ്ട് അവരോട് സംസാരിക്കണം. അതോടൊപ്പം ഒരുപാട് സ്ത്രീകളെയും നേരില്‍ കാണണം. തളര്‍ന്നു പോയവര്‍ക്ക് പ്രചോദനം നല്‍കണമെന്നും ഇനിയുള്ള യാത്ര അതിനുവേണ്ടിയായിരിക്കുമെന്നും തൃപ്പൂണിത്തറ സ്വദേശിയും 13 വര്‍ഷമായി കൊച്ചി ആകാശവാണി റെയിന്‍ബോയിലെ റേഡിയോ ജോക്കിയുമായ അംബിക കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
20 വര്‍ഷത്തോളമായി ബൈക്ക് ഓടിക്കുമായിരുന്നെങ്കിലും 2018 ലാണ് ബുള്ളറ്റ് സ്വന്തമാക്കിയത്. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം പ്രതിസന്ധിയിലെത്തിയ ഘട്ടങ്ങളിലെല്ലാം മനക്കരുത്തും ആത്മവിശ്വാസവുമായിരുന്നു തന്റെ കരുത്തെന്ന് ഇവര്‍ പറഞ്ഞു. ആകാശവാണി ഡല്‍ഹിയില്‍ നിന്ന് ബ്രോഡ്കാസ്റ്റ് ചെയ്ത സന്ദേശ് ടു സോള്‍ഡിയേര്‍സ് എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കവെയാണ് സൈനികര്‍ക്ക് വേണ്ടി യാത്ര നടത്തണമെന്ന ആശയം തോന്നിയത്. ഇതേ തുടര്‍ന്ന് ഏപ്രില്‍ 11 ന് കൊച്ചി കളക്ടര്‍ ജാഫര്‍ മാലിക് യാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്തു.
ചെന്നൈ, ബാഗ്ലൂര്, ഹൈദരാബാദ്, മുംബൈ, പഞ്ചാബ്, ഹരിയാന തുടങ്ങി 17 സംസ്ഥാനങ്ങള്‍ പിന്നിട്ടു. കൊച്ചിയില്‍ നിന്ന് തുടങ്ങി 17 സംസ്ഥാനങ്ങളിലൂടെ (കേന്ദ്ര ഭരണ പ്രദേശങ്ങളുള്‍പ്പെടെ) ഏതാണ്ട് 12000 കി.മീ. താണ്ടിയാണ് അംബിക തിരിച്ചെത്തുന്നത്. മേഘാലയ, ആസ്സാം, ബീഹാര്‍, യുപി, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സീസ്ഥാനങ്ങളിലൂടെ അതിസാഹസികമായ ഒരു യാത്രയായിരുന്നു അത്. വിവിധ സംസ്ഥാനങ്ങളിലുള്ള 33 ആകാശവാണി റെയിന്‍ബോ നിലയങ്ങളും സന്ദര്‍ശിച്ചു. 2022 ഏപ്രില്‍ 11ന് ആരംഭിച്ച ഈ ഒറ്റയാള്‍ യാത്ര 21 ന് കൊച്ചിയില്‍ സമാപിക്കും.
യാത്രക്കിടയില്‍ ഒട്ടേറേ പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്യേണ്ടി വന്നതായി ഇവര്‍ പറഞ്ഞു. യാത്ര തിരിച്ച നാലാം ദിവസം കല്‍പ്പാക്കത്ത് വച്ച് ബൈക്കില്‍ നിന്നും വീണ് കാലിന് സാരമായി പരിക്കേറ്റു. മൂന്നാഴ്ചക്കാലത്തെ ചികിത്സയ്ക്കിടെ കുടുംബക്കാരുള്‍പ്പെടെയുളളവരുടെ കുറ്റപ്പൈടുത്തലുകള്‍. യാത്ര ഇനി തുടരാനാവില്ലെന്ന് ഡോക്ടറും അടുപ്പമുള്ളവരുമെല്ലാം നിര്‍ദേശിച്ചു. അംബിക പിന്തിരിഞ്ഞില്ല. കാലിന് വരിഞ്ഞുകെട്ടി ധീരതയോടെ പരിക്കുകളെ അതിജീവിച്ച് അവര്‍ യാത്ര തുടര്‍ന്നു.
പിന്നീട് അസാമിലെ ഗുവാഹ്ട്ടിയിയെത്തിയപ്പോള്‍ ഹസാനി ചുഴലിക്കാറ്റ് അതിഭീകരമായി ആഞ്ഞടിച്ചു. കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട് റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയും റോഡരികില്‍ സ്ഥാപിച്ചിരുന്ന റൂട്ട് ബോര്‍ഡുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പിലും റൂട്ടില്‍ റെഡ് അലേര്‍ട്ട് മാത്രം. ചില പ്രദേശവാസികളുടെ സഹായത്തോടെയാണ് പിന്നീട് റൂട്ട് മനസ്സിലാക്കി യാത്ര തുടര്‍ന്നത്. സൂറത്തില്‍ നിന്നും മുംബൈ വരെയുള്ള പത്ത് മണിക്കൂര്‍ യാത്രയും നിറയെ വെല്ലുവിളികളുടേതായിരുന്നു. അവിടെയും പ്രളയം കാരണം റോഡെല്ലാം സ്തംഭിച്ചിരുന്നു. റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ വന്ന് വാഹനങ്ങള്‍ കടന്നുപോകാന്‍ പോലും ബുദ്ധിമുട്ടി.
എല്ലാ സ്ഥലങ്ങളിലെയും പ്രാദേശവാസികളുമായി നല്ലപോലെ ഇടപഴകാന്‍ സാധിച്ചുവെന്നും പഞ്ചാബിലെ ആളുകളുടെ ചേര്‍ത്ത് നിര്‍ത്തല്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും നാല്പത്തിനാലുകാരിയായ അംബിക പറഞ്ഞു. ഒരു ദിവസം ശരാശരി 300 കി.മീ സഞ്ചരിക്കും. രാത്രി യാത്രകള്‍ പാടെ ഒഴിവാക്കി. ആകാശവാണി, ദൂരദര്ശന് ഗസ്റ്റുഹൗസുകളിലും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലുമായിരുന്നു താമസം. ധീരസൈനികരുടെ സ്മൃതി കുടീരങ്ങളും സൈനിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പോയ സ്ഥലങ്ങളിലൊക്കെയും മലാളിയെന്നനിലയിലും സ്ത്രീയെന്ന നിലയിലും വലിയ അംഗീകാരം ലഭിച്ചതായി ഇവര്‍ പറഞ്ഞു. ഇന്‍ഫോസിസില്‍ ഡിസൈനറായ ആര്യ ശിവരാജാണ് ഏക മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: