അഡ്വ. എസ്. ജയസൂര്യന്‍
(അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍-കര്‍ഷക മോര്‍ച്ച)
കാര്‍ഷിക മേഖല കര്‍ഷകര്‍ക്കു നല്കുന്ന ഇരട്ടി വരുമാനത്തേക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചല്ലോ. കേരളത്തിലുള്ളവര്‍ക്ക് ആ സത്യവും ഈ തലക്കെട്ടും അവിശ്വസനീയമായിരിക്കാം. പല മലയാളം ചാനലുകളും മാധ്യമങ്ങളും മനപ്പൂര്‍വ്വം മറച്ചു വയ്ക്കുന്ന സത്യത്തിലേക്ക്, വസ്തുതകളിലൂടെ വെളിച്ചം വീശാം. നല്ല ദൂരക്കാഴ്ചയുടേയും വ്യക്തമായ പ്ളാനിങ്ങിന്റേയും ആത്മാര്‍ഥമായ നടപടികളുടേയും ഫലമാണ് ഈ നേട്ടം. കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാര്‍ പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. പിന്‍വലിക്കേണ്ടിവന്ന കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയാല്‍ നാളെ ഇന്ത്യ എവിടെയെത്തുമായിരുന്നു എന്നതിന്റെ സൂചനയും ഈ നേട്ടത്തിനു പിന്നിലുണ്ട്.
കൊവിഡ് പിടിമുറുക്കിയ കാലത്ത് ലോകത്തെ എല്ലാ വിദഗ്ധരും പറഞ്ഞിരുന്നു ഭാരതത്തില്‍ 140 കോടി ജനങ്ങളില്‍ 40 കോടി പേര് പട്ടിണികൊണ്ട് മരിക്കുമെന്ന്. ഇത്രയും ജനങ്ങളെ തീറ്റിപ്പോറ്റാന്‍ ഭാരതത്തിന് ആവില്ല എന്നായിരുന്നു വിലയിരുത്തല്‍. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ഇന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന ഭക്ഷ്യമിച്ച രാഷ്ട്രമായി ഭാരതം വളര്ന്നുനില്ക്കുന്നു. ആഭ്യന്തര കലാപത്തില്‍ ആടി ഉലയുന്ന അഫ്ഗാനിസ്ഥാനിലേക്ക്, പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി ഭാരതം കൊടുത്തു വിട്ട ഗോതമ്പ് തട്ടിപ്പറിച്ചാണ് ഇന്ന് പാക്കിസ്ഥാന് പോലും ജീവിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അവര്‍ കൈനീട്ടിയതും ഭാരതത്തിനു നേര്‍ക്കാണ്. അവര്‍ക്കും ആവോളം കൊടുക്കാനുള്ള ഭക്ഷ്യധാന്യം നമ്മുടെ കൈവശമുണ്ടായിരുന്നു. കൊവിഡിന്റെ പിടിയിലമര്‍ന്ന ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ആവശ്യത്തിന് ഭക്ഷണം എത്തിക്കാന്‍ ഭാരതത്തിനു സാധിച്ചു. അമേരിക്കയും അന്താരാഷ്ട്ര ഏജന്‍സികളും സമ്മതിക്കുന്നു, നാളെ ലോകത്തെ തീറ്റിപ്പോറ്റാന്‍ ഭാരതത്തിന് മാത്രമേ കഴിയൂ എന്ന്. ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയത് ഭാരതത്തിലെ കര്‍ഷകര്‍ മാത്രമല്ല, അവര്‍ക്കു താങ്ങും തണലും പിന്തുണയുമായി നിന്ന മോദി സര്‍ക്കാരും കൂടിയാണ്. ഇന്ന് ലോകത്ത് അതിവേഗം വളരുന്ന ശക്തമായ സമ്പദ് വ്യവസ്ഥ നമ്മുടേതാണ്. ഇതു പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം. ഭാരതം 85% കര്‍ഷകരെ ഉള്‍ക്കൊള്ളുന്ന കാര്‍ഷിക രാജ്യമാണ്. അത്തരമൊരു രാജ്യം ഈ സാമ്പത്തിക നേട്ടം കൈവരിച്ചത് കര്‍ഷകന്റെ സമ്പത്ത് വര്ദ്ധിച്ചതുകൊണ്ടുതന്നെയാണ്. ഈ സത്യം അംഗീകരിക്കാന്‍ മടിക്കുകയും മറച്ചു പിടിക്കാന്‍ ഉത്സാഹിക്കുകയും ചെയ്യുന്ന കേരള മാധ്യമങ്ങളുടേയും നേതാക്കള്ക്കളുടേയും കണ്ണു തുറപ്പിക്കാന്‍ ഈ വസ്തുതകളും സത്യങ്ങളും മതിയാകും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ഭാരതത്തില്‍ കൃഷിക്കുള്ള ബജറ്റ് വിഹിതം 23,000 കോടി രൂപയായിരുന്നു. ഇന്ന് അത് 1,32,000 കോടിയാണ്. കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ കാലത്ത് ഉണ്ടാക്കിയ അന്താരാഷ്ട്ര കരാറുകളുടെ ഫലമായി കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിനുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ വേണ്ടിയാണ് കേന്ദ്രം കിസാന്‍ സമ്മാന്‍ നിധി ഏര്‍പ്പെടുത്തിയത്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഭാരതത്തെ പോലെയുള്ള കാര്‍ഷിക രാജ്യങ്ങളുടെമേല്‍ കനത്ത നിരോധനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ നമുക്ക് എന്നും വിലങ്ങുതടിയായിരുന്നു. ഇതിനെ മറികടക്കാന്‍ മാര്‍ഗ്ഗങ്ങളില്ല എന്നായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാട്. എന്നാല്‍ അത്തരം നിരോധനങ്ങളെ പുല്ലുപോലെ തള്ളിക്കളഞ്ഞുകൊണ്ടാണ് കിസാന്‍ സമ്മാന്‍ നിധി പോലെയുള്ള പ്രഖ്യാപനങ്ങള്‍ മോദി ഗവണ്മെന്റ് നടപ്പിലാക്കിയത്. 11 കോടി കര്‍ഷകര്‍ക്കായി രണ്ടു ലക്ഷത്തി ഒരായിരം കോടി രൂപ ഈ പദ്ധതിയിലൂടെ നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേയാണ് 16 ലക്ഷം കോടി രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 9 കോടി കര്‍ഷകരിലേക്ക് എത്തിച്ചത്.
FPO കള്‍
രാജ്യമെമ്പാടും പതിനായിരം എഫ്പിഒകള്‍ തുടങ്ങാന്‍ ഒരു ലക്ഷം കോടി രൂപയാണ് മോദി ഗവണ്മെന്റ് അനുവദിച്ചത്. നാളിതുവരെ 5000 എഫ്പിഒകള്‍ക്ക് തുടക്കം കുറിക്കാന്‍ മാത്രമല്ല അവ കാര്യക്ഷമമായി നടത്തുവാനും സാധിച്ചു.
മണ്ഡികള്‍
കുത്തകകളും രാഷ്ട്രീയക്കാരും കോടീശ്വരന്മാരും ചേര്‍ന്ന് കൈവശം വെച്ചിരുന്ന ഇന്ത്യയിലെ മണ്ഡി സമ്പ്രദായത്തെ മറികടക്കുന്നതിനുവേണ്ടി ഇലക്ട്രോണിക് മണ്ഡി സംവിധാനം കൊണ്ടുവന്നു. ഇന്ന് ആയിരം ഇലക്ട്രോണിക് മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ മോദി ഗവണ്മെന്റിന് ധൈര്യം നല്‍കിയത് ഇത്തരം മണ്ഡികളുടെ സാര്‍വത്രികമായ നടപ്പാക്കലാണ്. മണ്ഡി മുതലാളിമാരായ രാഷ്ട്രീയ നേതാക്കളും വിദേശത്തിരുന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകര പ്രസ്ഥാനങ്ങളും അവരുടെ പണം പറ്റുന്ന മാധ്യമങ്ങളും മോദി ഗവണ്മെന്റിനെതിരെ പ്രക്ഷോഭം നയിക്കാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായി കേന്ദ്രം അവയെ പരാജയപ്പെടുത്തുകയാണ് ചെയ്തത്. അതില്‍ ഒരു തന്ത്രമായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് എന്ന് ഇപ്പോള്‍ ഏവര്‍ക്കും മനസ്സിലാകുന്നുണ്ട്.
സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
മണ്ണ് പരിശോധന നടത്തി ആവശ്യമായ വളപ്രയോഗത്തിനും കൃഷിക്കും വേണ്ടതായ ഉപദേശം നല്‍കാനുള്ള അത്യാധുനിക ലാബ് സംവിധാനത്തോടുകൂടി കൃഷിയെ പുരോഗതിയിലേക്ക് കുതിപ്പിക്കുക എന്നുള്ളതാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതമെമ്പാടും 11,97,73040 പേര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്
ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്രം അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചത്. തേനീച്ച വളര്‍ത്തലിന് 23,100 കോടി, മത്സ്യബന്ധനത്തിന് 20,000 കോടി, മൃഗസംരക്ഷണത്തിന് 15,000 കോടി, മൃഗചികിത്സയ്ക്ക് മാത്രം 13,433 കോടി. അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗിച്ച് കര്‍ഷകര്‍ക്കും കര്‍ഷക സംഘടനകള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് വ്യക്തിപരമായും എഫ്പിഒകള്വഴിയും 5 കോടി രൂപ വരെ കേന്ദ്ര ഗവണ്മെന്റ് നല്‍കും. ഇതിനു ശുപാര്‍ശ കത്തോ കരം അടച്ച രസീതോ പണയം വയ്ക്കാനുള്ള ആധാരമോ ആവശ്യമേ ഇല്ല.
കാര്‍ഷിക മേഖലയില്‍ കര്ഷകന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ ബാങ്കില്‍ പോകാതെ തന്നെ അവര്‍ക്ക് തുക ലഭിക്കും. ഇക്കാര്യത്തില്‍ ബാങ്കിന് ഗ്യാരണ്ടി നല്‍കുന്നത് കേന്ദ്ര ഗവണ്മെന്റ് ആണ്. ഇത്തരം അപേക്ഷകള്‍ ബാങ്കിന് നിരസിക്കുവാന്‍ അധികാരമില്ല എന്നുമാത്രമല്ല, അപേക്ഷയുടെമേല് എന്ത് നടപടിയെടുത്തു എന്നുള്ളത് 15 ദിവസത്തില്‍ ഒരിക്കല്‍ കേന്ദ്ര ഗവണ്മെന്റ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുവാന്‍ ഇതുവരെ പിന്തുണ നല്‍കിയിട്ടില്ല.
ഹൈടെക് അഗ്രികള്‍ച്ചര്‍
കാര്‍ഷിക മേഖലയില്‍ പല ലോകരാജ്യങ്ങള്‍ പുരോഗമിച്ചത് ആധുനിക സാങ്കേതിക വിദ്യകളെയും അത്യാധുനിക ഉപകരണങ്ങളെയും കൂട്ടുപിടിച്ചു കൊണ്ടാണ്. ആളില്ലാത്ത ചെറു വിമാനങ്ങള്‍ എന്ന ഡ്രോണുകളാണ് വികസിത രാജ്യങ്ങളില്‍ കീടനാശിനിയും കളനാശിനിയും വളവും കൊടുക്കുവാന്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ഈ ഭാരത സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. ഡ്രോണുകളിലൂടെയുള്ള കാര്‍ഷിക വികസനത്തിന് 100% സബ്സിഡി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. വ്യക്തികള്‍ക്ക് 40%, വനിതകള്‍ക്ക് 50%, പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന് 50% എന്ന നിലയില്‍ സബ്സിഡി നല്കുന്നു. ആധുനിക സാങ്കേതിക വിദ്യ പരിശീലനത്തിന് 100% സബ്സിഡിയാണ് കേന്ദ്രം സംസ്ഥാന ഗവണ്മെന്റുകള്ക്ക് കൈമാറുന്നത്. എന്നാല്‍ ഇവയൊന്നും ഉപയോഗപ്പെടുത്തുവാന്‍ കേരളം തയ്യാറായിട്ടില്ല.
കിസാന്‍ റെയില്‍
1640 കിസാന്‍ ട്രെയിനുകള്‍ ഓടിക്കഴിഞ്ഞു. കേരളത്തില്‍ റബര്‍ തൈ ഉല്പാദിപ്പിക്കുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനായി ആറ് ട്രെയിനുകളാണ് കേരളത്തിന് നല്‍കിയത്. എന്നാല്‍ കൈതച്ചക്ക, വാഴപ്പഴം, നെല്ല് എന്നിവയുടെ നീക്കത്തിനായി ആവശ്യമായ ട്രെയിനുകള്‍ ചോദിച്ചു വാങ്ങാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്.
രാസവളം സബ്സിഡി
രാസവള വിതരണത്തില്‍ നടക്കുന്ന മാഫിയ ഇടപാടുകളും തട്ടിപ്പുകളും അവസാനിപ്പിക്കാന്‍ കേന്ദ്രം ശക്തമായ നടപടികളാണ് കൈകൊണ്ടത്. ഈ രംഗത്ത് ആദ്യം നടപ്പാക്കിയ പദ്ധതി നീം കോട്ടഡ് യൂറിയ എന്നുള്ളതായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡൈ അമോണിയം ഫോസ്ഫേറ്റിന് 4000 രൂപ വിലയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 1200 രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ട്. 1200 രൂപ ഒരു ചാക്കിന് സബ്സിഡി കൊടുത്തു കൊണ്ടാണ് ഇപ്പോഴും നാം ഈ വിലയില്‍ പിടിച്ചുനിര്‍ത്തുന്നത്. റേഷന്‍ കടകളില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതുപോലെയാണ് ഭാരതത്തില്‍ മറ്റെല്ലായിടത്തും രാസവളം വാങ്ങുന്നത്. പക്ഷേ, ഈ സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ല. അതിന്റെ ഫലമായി കേരളത്തിനു ലഭിക്കുന്ന രാസവളം മറ്റ് സംസ്ഥാനങ്ങളിലേക്ക് കള്ളക്കടത്തായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തില്‍ എത്ര വളം വിതരണം ചെയ്തു എന്ന കണക്ക് കേന്ദ്രം ചോദിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്. ഇത് രാസവളം മാഫിയയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ഒത്തു കളിയാണ്. ഇതിന് അറുതി വരാത്തിടത്തോളം കാലം കേരളത്തിലെ കര്‍ഷകര്‍ രാസവളത്തിനു വേണ്ടി കേണുകൊണ്ടിരിക്കും.
കൃഷി സിഞ്ചായി യോജന
കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് ഗവണ്മെന്റ് കാലത്ത് 5100 കോടി രൂപ മാത്രം അനുവദിച്ചപ്പോള്‍ ബിജെപി ഗവണ്മെന്റ് പതിനായിരത്തി ഇരുന്നൂറ്റി അമ്പത് കോടി രൂപയാണ് അനുവദിച്ചത്.
കിസാന്‍ മാന്‍ധന്‍ യോജന
കര്‍ഷകര്‍ക്ക് 60 വയസ്സിനുശേഷം പ്രതിമാസം 3000 രൂപ പെന്ഷന് ലഭിക്കുന്നതാണ് ഈ പദ്ധതി. 30 ലക്ഷം പേരാണ് പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തിനും പുറംതിരിഞ്ഞു നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: