ന്യൂദല്‍ഹി: 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി ഗോത്രവനിത രാഷ്ട്രപതിയാകുന്നതിന് വേണ്ടി കരളുരുകി പ്രാര്‍ത്ഥിക്കുന്ന ആദിവാസികളുടെ ചിത്രം ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ ദിവസം ബിജെപി തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജില്‍ ആദിവാസികള്‍ സംഘമായി ദ്രൗപദി മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യയുടെ മറ്റൊരു യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ആദിവാസികളുടെ പ്രാര്‍ത്ഥനയുടെ ശുദ്ധിയും തീഷ്ണതയും അര്‍പ്പണവും ഈ പ്രാര്‍ത്ഥനകളില്‍ കാണാം. രണ്ട് ചിത്രങ്ങളില്‍ അവര്‍ ഭൂമിയില്‍ കമിഴ്ന്ന് കിടന്ന് കൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നത്. ഒന്ന് സ്ത്രീകളുടെ സംഘമാണെങ്കില്‍ മറ്റൊന്ന് പുരുഷന്മാരുടെ സംഘം. മൂന്നാമത്തെ ചിത്രത്തില്‍ പുരുഷന്മാര് നിരന്ന് നിന്ന് പ്രാര്ഥിക്കുന്നതാണ്. ദൈവത്തോട് നിസ്സഹായരായി ദ്രൗപദി മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈ ചിത്രം നമ്മെ ഒരു നിമിഷം നിശ്ശബ്ദരാക്കും.
“ഈ പ്രാര്‍ത്ഥന കാണുമ്പോള്‍ അവര്‍ ജനങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കാം. അവര്‍ തീര്‍ച്ചയായും ജനങ്ങളുടെ രാഷ്ട്രപതിയാകുമെന്ന് ഇതില്‍ നിന്നും ഉറപ്പിക്കാം”.- ആദിവാസികള്‍ മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് ഗോവയിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കുറിച്ചു.
ജൂലായ് 21 വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. 99.18 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ദ്രൗപദി മുര്‍മുവിന് 68 ശതമാനത്തില്‍ അധികം വോട്ട് കിട്ടുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. ഏതാനും കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതായി പരസ്യപ്രഖ്യാപനം നടത്തിയതിനാല്‍ മുര്‍മുവിന്റെ ഭൂരിപക്ഷം ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പായി. ജൂലായ് 24ന് രാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നതോടെ പുതിയ രാഷ്ട്രപതി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: