തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി വടക്കോട്ട് നീങ്ങാന്‍ തുടങ്ങി. കൂടാതെ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നത് കൊണ്ടാണ് മഴ തുടരുന്നതെന്നും വകുപ്പ് വ്യക്തമാക്കി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിര്‍ദേശം കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ചയും നിലനില്ക്കും.
അതേസമയം ഇന്നും നാളെയും കന്യാകുമാരി തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കന്യാകുമാരി തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. എന്നാല്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: