ഹമീദ് അന്‍സാരിയെക്കുറിച്ച് മുന്‍പും എഴുതിയിട്ടുണ്ട്. ഉപരാഷ്ട്രപതി പദവി ഒഴിഞ്ഞുകൊണ്ട് രാജ്യസഭയില്‍ സംസാരിക്കവെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും അതിന് മാന്യത വിടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ മറുപടിയുമാണ് അന്നതിന് വഴിയൊരുക്കിയത്. പത്തുവര്‍ഷം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഒരാള്‍ അധികാരമൊഴിയുന്ന വേളയില്‍ ‘ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ല’ എന്ന് വിളിച്ചുകൂവുമ്പോള്‍ അതിലെ രാഷ്ട്രീയം കാണാതിരിക്കാനാവുകയില്ലല്ലോ. ഇദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനായിരുന്നു; വൈസ് ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്; അനവധി വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍ ആയിരുന്നു. യുഎന്നില്‍ ഉണ്ടായിരുന്നു. ഇതൊക്കെ കാണിക്കുന്നത് അദ്ദേഹം കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള കുടുംബത്തിന് ഏറെ വേണ്ടപ്പെട്ടവനായിരുന്നു എന്നതുതന്നെയാണ്. ഇത്തരമൊരാള്‍, ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച്, പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയിരുന്നയാളെ ക്ഷണിച്ചുവരുത്തി. ആ പാക്കിസ്ഥാനി ഇവിടെ അഴിഞ്ഞാടി, രഹസ്യങ്ങള്‍ ചോര്‍ത്തി, അങ്ങിനെ പലതും. മറ്റൊരു ഉപരാഷ്ട്രപതിയെ നിശ്ചയിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി തയ്യാറെടുക്കുന്ന കാലഘട്ടത്തിലാണ് ഇതൊക്കെ വെളിച്ചം കാണുന്നത് എന്നതുകൂടി അനുസ്മരിക്കട്ടെ.
കശ്മീര്‍ പ്രശ്നം: ഇന്ത്യാ വിരുദ്ധനിലപാട്
ഇറാനില്‍ അംബാസഡറായിരിക്കെ (1990-92) ‘റോ’ യുടെ പ്രവര്‍ത്തനത്തിന് ഇടങ്കോലിടാനും ആ ഉദ്യോഗസ്ഥരെ വേണ്ടതിലധികം വിഷമിപ്പിക്കാനും ഹമീദ് അന്‍സാരി ശ്രമിച്ചത് മുമ്പേ വിവാദമായതാണ്. ‘മിഷന് റോ’ (ങശശൈീി ഞ & അണ) എന്ന ആര്‍കെ യാദവിന്റെ പുസ്തകത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ ആദ്യം നാം അറിയുന്നത്. ഇന്ത്യന്‍ ഇന്റലിജന്‍സ് സംവിധാനം ഇറാനില്‍ പ്രവര്‍ത്തിക്കുന്നതിന് തടസം നില്‍ക്കുകയാണ് അന്‍സാരി ചെയ്തത് എന്നത് അതില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഒരു ‘റോ’ ഉദ്യോഗസ്ഥനെ ഇറാനിയന്‍ ഇന്റലിജന്‍സുകാര്‍ തടങ്കലില്‍ വെച്ചപ്പോള്‍ അംബാസഡര്‍ എന്ന നിലയ്ക്ക് കഴിയുന്നതൊന്നും അന്‍സാരി ചെയ്തില്ല. അവസാനം അന്നത്തെ പ്രതിപക്ഷ നേതാവ് എ.ബി.വാജ്പേയി പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇടപെടലുണ്ടാവുകയും ചെയ്തു. ഇറാനിലെ മതമൗലിക വാദികള്‍ക്ക് വേണ്ടിയാണോ ഇന്ത്യക്ക് വേണ്ടിയാണോ അന്‍സാരി അവിടെ പോയത് എന്ന സംശയമാണ് അത് സൃഷ്ടിച്ചത്. അന്ന് ‘റോ’ ടെഹ്റാനിലെ ചില മുസ്ലിം സംഘടനകളില്‍ നുഴഞ്ഞുകയറിയിരുന്നു. ആ സംഘടനകള്‍ക്ക് ജമ്മു കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ചിലരുമായുള്ള ബന്ധം വ്യക്തമായതുകൊണ്ടാണ് അതിന് മുതിര്‍ന്നത്. എന്നാല്‍ അതിനോടൊക്കെ പ്രതികൂലസമീപനമാണ് അന്‍സാരി പുലര്‍ത്തിയത് എന്ന് യാദവ് വിശദമാക്കുന്നുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.കെ.സൂദ് അടുത്തിടെ അന്‍സാരിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു എന്നതും സ്മരിക്കാതെ വയ്യ.
ഒന്ന് സൂചിപ്പിക്കട്ടെ, ഷിയാ മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള ഇറാന്, ഇന്ത്യയോട് ചേര്ന്നുനില്ക്കാന് ആഗ്രഹിച്ചിരുന്ന രാജ്യമാണ്. എന്നും ഇന്ത്യയുമായി അടുത്തിടപഴകാന്‍ അവര്‍ തയ്യാറായിട്ടുണ്ട്. അമേരിക്കന്‍ ഉപരോധമൊക്കെയുള്ളപ്പോള് ഇന്ത്യ അവിടെനിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നടത്തിയത്, അവിടെ ഒരു ഇന്ത്യന്‍ തുറമുഖം ഉണ്ടായത് ഒക്കെ മറന്നുകൂടാ താനും. എന്നാല്‍ മതമൗലികവാദ ശക്തികളുടെ പിടിയിലാണ് ആ രാജ്യം പലപ്പോഴും ചെന്നുപെട്ടിരുന്നത്. പലപ്പോഴും ജിഹാദി പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായ നാടായി ഇറാന് മാറുകയുമുണ്ടായി. ജമാ അത്തെ ഇസ്ലാമി സ്വീകരിച്ചിരുന്ന നിലപാടും അതിന് ഇറാനിയന്‍ പ്രസ്ഥാനങ്ങള്‍ കൊടുത്ത പിന്തുണയും ഉദാഹരണമാണ്. ആഗോള ഇസ്ലാമിക തീവ്രവാദത്തിന് കരുത്തുപകരാന്‍ ജമാ അത്തെ ഇസ്ലാമി ശ്രമിച്ചിരുന്നു എന്നത് ആര്‍ക്കാണറിയാത്തത്.
1979 ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷമാണ് ജമാ അത്തെ ഇസ്ലാമി കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നതും അവിടെ എല്ലാവിധ ഇടപെടലിനും ശ്രമിക്കുന്നതും. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, കശ്മീര്‍ എന്നിവിടങ്ങളിലെ ജമാ അത്തുമായി ബന്ധമുള്ള തീവ്രവാദികള്‍ അഥവാ ഭീകരവാദികള്‍ ഇറാന് കേന്ദ്രമായി രൂപം കൊണ്ട പോപ്പുലര്‍ അറബ് ആന്‍ഡ് ഇസ്ലാമിക് കോണ്‍ഗ്രസിന്റെ (പിഎഐസി) ഭാഗമായതും ഏതാണ്ടൊക്കെ ഇക്കാലത്താണ്. 1993ല്‍ മര്‍ക്കസ് ദൗല്‍ ഇര്‍ഷാദ് (എംഡിഐ) കാശ്മീരിലേക്ക് കടന്നുവന്നത് ജിഹാദികളുടെ ഇന്ത്യ വിരുദ്ധ നീക്കത്തിലെ പ്രധാന അധ്യായമാണ്. കശ്മീരിലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളെ അവര്‍ ടെഹ്റാനിലേക്ക് കൊണ്ടുപോയതും മറ്റും ചരിത്രമാണ്. എംഡിഐയുടെ കീഴിലാണ് ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തനം തുടങ്ങുന്നത് എന്നതുമോര്‍ക്കേണ്ടതുണ്ട്.
ഇതിനെയൊക്കെ പരിഗണിച്ചാണ് റോ ടെഹ്റാനില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയത്. എന്നാല്‍ അവരെ സൗകര്യപൂര്‍വം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല എന്ന് പറയുമ്പോള്‍, എന്താണിത് കാണിക്കുന്നത്?. ഒരു ഇന്ത്യന്‍ അംബാസഡര്‍ ജിഹാദി ശക്തികള്‍ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ തടഞ്ഞു എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റപ്പെടുത്താനാവാത്ത അവസ്ഥയല്ലേ. ഒന്നുകൂടി പറയേണ്ടതുണ്ട്; അടുത്തദിവസം ഹമീദ് അന്‍സാരി ഇറക്കിയ നിഷേധ കുറിപ്പില്‍ ഇക്കാര്യത്തെ പരാമര്‍ശിച്ചിട്ടുണ്ട്; നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ ആര്.കെ.യാദവിന്റെ പുസ്തകം വെളിച്ചം കാണുന്നത് 2014 ലാണ്. അന്നുമുതല്‍ മിണ്ടാതിരുന്ന അന്‍സാരി ഇപ്പോള്‍ നിഷേധിച്ചാല്‍, എന്തുകൊണ്ട് ഇതുവരെ മിണ്ടാതിരുന്നു എന്നത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണല്ലോ.
പുതിയ വിവാദം; ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി
ഇതിന്റെയൊക്കെ പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. പാക്കിസ്ഥാനിലെ മുതിര്‍ന്ന പാക് മാധ്യമ പ്രവര്ത്തകന്, കോളമിസ്റ്റ്, നുസ്രത്ത് മിസ്ര അവിടത്തെ പ്രമുഖ വാര്‍ത്താ ചാനലില്‍ ചര്‍ച്ചയില്‍ സംബന്ധിക്കവെ പരസ്യമാക്കിയ രഹസ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. താന്‍ പലവട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും ഹമീദ് അന്‍സാരിയുടെ ക്ഷണപ്രകാരമാണ് അതുണ്ടായത് എന്നുമാണ് അയാള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന, അന്‍സാരി ഉദ്ഘാടനം ചെയ്ത സെമിനാറിലാണ് ആദ്യം എത്തിയത്.
ചാരപ്രവൃത്തി നടത്താന്‍ അന്‍സാരിയെ ഉപയോഗിച്ചു എന്നുള്ള പ്രതീതിയാണ് ആ പാക് പത്രപ്രവര്ത്തകന് നല്‍കിയത്. ഇത് ചെറിയ കോളിളക്കമല്ല ഉണ്ടാക്കിയത്. എന്നാല്‍ ബിജെപി അത് ഏറ്റെടുക്കും വരെ മൗനത്തിലായിരുന്ന അന്‍സാരി നിഷേധവുമായി രംഗപ്രവേശം നടത്തി. പക്ഷെ അപ്പോഴും ‘ഉപരാഷ്ട്രപതി ആരെയെങ്കിലും ക്ഷണിക്കുന്നെങ്കില്‍ അത് വിദേശകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്ത പ്രകാരമാണെന്നും പറയുന്നു. അതായത് കുറ്റം വിദേശകാര്യ മന്ത്രാലയത്തിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമം. അയാള്‍ ഇവിടെ വന്നിരുന്നു എന്നത് വ്യക്തമാവുന്നുമുണ്ട്.
അനവധി സംശയാസ്പദമായ കാര്യങ്ങള്‍ മുമ്പേ ഈ മുന്‍ ഉപരാഷ്ട്രപതിയെ ചൊല്ലി കേട്ടിട്ടുണ്ടല്ലോ. ഇന്ത്യയില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴൊക്കെ ഹമീദ്അന്‍സാരി സ്വീകരിച്ചത് ഒരു തികഞ്ഞ മതമൗലിക വാദിയുടെ സമീപനമാണ് എന്ന ആക്ഷേപങ്ങളൂം ഇതിനിടയില്‍ രാജ്യത്ത് കേട്ടിരുന്നല്ലോ. റിപ്പബ്ലിക് ദിന പരേഡിനിടെ ദേശീയ പാതകയെ വന്ദിച്ചില്ല, അന്താരാഷ്ട്ര യോഗ ദിന പരിപാടി ബഹിഷ്കരിക്കുക അങ്ങനെ പലതും. മുമ്പൊരിക്കല്‍ കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തിനെത്തിയത് അദ്ദേഹമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്നാട്ടിലെ റോള്‍, ശൈലി എന്നിവയറിയാത്ത ആളായിരുന്നു അദ്ദേഹം എന്ന് കരുതുക വയ്യല്ലോ. ഇന്നിപ്പോള്‍ ആ സംഘടന രാജ്യത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിക്കേണ്ടതില്ല; കോടതികളുടെ മുന്നിലാണ് പലതും എന്നതുകൊണ്ട് അതൊന്നും വിശദീകരിക്കുന്നില്ല. ഇത്തരമൊരു പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോയ ഒരാളെ എന്തിനാണ് സോണിയ രാഹുല്‍ ഗാന്ധിമാര്‍ കൂടെനിര്‍ത്തി വേണ്ടതിലേറെ പ്രോത്സാഹിപ്പിച്ചത് എന്നതാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. ഡോ. എപിജെ അബ്ദുള്‍ കലാമിന് രണ്ടാമതൊരു തവണ നല്കാന് തയ്യാറല്ലാതിരുന്ന സോണിയ അന്‍സാരിക്ക് അത് അനുവദിച്ചു നല്കി. ഇവിടെയാണ് അന്‍സാരിയെ മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തെയും സംശയിക്കേണ്ടിവരുന്നത്. മറ്റൊന്ന്, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ചും സിപിഎം, എന്നും അന്‍സാരി ഭക്തരായാണ് കഴിഞ്ഞിരുന്നത്. അതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നേയുള്ളൂ. അതുകൊണ്ട് ഇന്നിപ്പോള്‍ അന്‍സാരിയുടെ നിഷേധം സാങ്കേതികമായി മുഖം രക്ഷിക്കലാണെങ്കിലും ഇന്ത്യക്കാരില്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അന്‍സാരിമാരെ കരുതിയിരിക്കണോ എന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ചോദ്യമുയരുന്നതും അതുകൊണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: