ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോകസഭയില്‍ കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ശിവശങ്കറിനെ 2022 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളാരും സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് എന്‍ഐഎ വീണ്ടും അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി മറുപടി നല്കി. ഇതോടെ, ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി വീണ്ടും വിവാദത്തിലായി.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സര്‍ക്കാരിന് നല്കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. സ്വര്‍ണക്കടത്തുകേസിന്റെ പശ്ചാത്തലത്തില്‍ 2020 ജൂലൈ 17നാണ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: