ചെന്നൈ: 100 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്നത് തമിഴ്നാട്ടിലെ ചെന്നൈ നഗരം. ചെസ്സിലെ മികവാര്‍ന്ന പോരാട്ടത്തിന് തമിഴ്നാട് ഒരുങ്ങുമ്പോള്‍, ടൂര്‍ണ്ണമെന്റിന്റെ വരവറിയിച്ച് ചെന്നൈയില നേപ്പിയര്‍ പാലത്തിനെ ഒരു ചെസ് ബോര്‍ഡാക്കി മാറ്റിയിരിക്കുകയാണ്.
ടൂര്‍ണ്ണമെന്റിന്റെ വരവറിയിച്ച് ചെന്നൈയിലെ ഐതിഹാസികമായ നേപിയര്‍ പാലത്തിനെ ഒരു ചെസ്ബോര്ഡിലേതുപോലെ കറുപ്പും വെളുപ്പും കള്ളികള്‍ പെയിന്റെ ചെയ്ത് ഒരുക്കിയിരിക്കുകയാണ്. ഒരു ചെസ് ബോര്ഡാക്കിമാറ്റിയ രീതിയില്‍ പെയിന്റ് ചെയ്ത നേപിയര്‍ പാലത്തിന്റെ വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. “ഇന്ത്യയുടെ ചെസ് തലസ്ഥാനമായ ചെന്നൈ 2022 ചെസ് ഒളിമ്പ്യാഡിന് ഒരുങ്ങുന്നു. നേപ്പിയര്‍ പാലം ഒരു ചെസ് ബോര്‍ഡായി അലങ്കരിച്ചിരിക്കുന്നു”- എന്ന അടിക്കുറിപ്പോടെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ സുപ്രിയ സാഹു ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ വീഡിയോ വൈറലാണ്. 39 സെക്കന്റുള്ള ഒരു ടീസറും പുറത്തിറക്കിയിട്ടുണ്ട്. വിഘ്നേഷ് ശിവനാണ് സംവിധായകന്. എ.ആര്. റഹ്മാനാണ് ടീസറിന്റെ സംഗീതം. ഇതും വൈറലായി ഓടിക്കൊണ്ടിരിക്കുന്നു.
ഇക്കുറി ലോകത്തിലെ എല്ലാ കോണുകളിലും നിന്നായി 2000 താരങ്ങള്‍ പങ്കെടുക്കും. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ചെസ് ഒളിമ്പ്യാഡ് ഇന്ത്യയില്‍ എത്തുന്നത്. 188 രഷ്ട്ട്രങ്ങള് പങ്കെടുക്കും. ചെന്നൈയിലെ മഹാബലിപുരത്ത് ജൂലായ് 28ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റ് ആഗസ്ത് 10ന് സമാപിക്കും. ബെലാറൂസില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് പിന്നീട് റഷ്യയിലേക്ക് മാറ്റിയെങ്കിലും യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യ വേദിയായത്.
നോര്‍വ്വെയുടെ ടീമിനെ നയിക്കുക ലോകചാമ്പ്യന് മാഗ്നസ് കാള്‍സനാണ്.
ചെസ്സ് ഒളിമ്പ്യാഡിന്റെ ദീപശിഖ ജൂണ്‍ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഫിഡെ പ്രസിഡന്റ് അര്‍കാഡി വൊര്കോവിച്ചും ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും പങ്കെടുത്തിരുന്നു. 40 ദിവസങ്ങളില്‍ ഇന്ത്യയിലെ 70 നഗരങ്ങളിലൂടെ റാലി യാത്ര ചെയ്ത് ചെന്നൈയിലെ മഹാബലിപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: