ചെന്നൈ : തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലുള്ള സ്വകാര്യ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും അക്രമാസക്തരായി. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. സ്കൂളിലെ നിരവധി ബസുകള്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കത്തിച്ചു.
കല്ലക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള കണിയമൂരിലെ ശക്തി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഹോസ്റ്റൽ വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കുട്ടിയുടെ ബാഗിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. സ്കൂളിലെ രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാർത്ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്. കുറ്റവാളികള്‍ക്കെതിരെ ഇത്ര ദിവസമായിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സ്കൂളിന് സമീപത്തുള്ള ഗ്രാമവാസികളും (ആത്മഹത്യ ചെയ്ത പെണ്‍കുട്ടി തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിയാണ്.) വിദ്യാര്‍ത്ഥികളും അക്രമാസക്തരായത്. അവര്‍ സ്കൂള്‍ ബസുകളും പൊലീസ് വാനും തീവെച്ചു. ട്രാക്ടര്‍ ഉപയോഗിച്ച് സ്കൂള്‍ വാഹനങ്ങള്‍ തകര്‍ത്തു. 20 പൊലീസുകാര്‍ക്കും പൊലീസ് ഡപ്യൂട്ടി ഐജി പാണ്ഡ്യനും പരിക്കേറ്റു. ഒടുവില്‍ വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും പിരിച്ചുവിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവെയ്ക്കേണ്ടിവന്നു. ലാത്തിച്ചാര്‍ജ്ജും നടത്തി.
ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ് കല്ലക്കുറിശ്ശിയിലെ കലാപത്തില്‍ കാണുന്നതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു.. പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ അന്വേഷണം നടക്കാത്തതിന്റെ പേരിലാണ് കുടുംബക്കാരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അടിച്ച് തകർത്തത്. ഇത് ഭരണത്തകർച്ചയാണെന്നും, അണ്ണാമലൈ പറഞ്ഞു.
പോലീസിനോടുള്ള ബഹുമാനം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സ്കൂളിൽ നടന്ന പ്രതിഷേധം നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് കേസിൽ അന്വേഷണം ആരംഭിക്കാനുള്ള നടപടികൾ ഡിജിപി സ്വീകരിക്കണമെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ പറഞ്ഞു.കേസിന്റെ അന്വേഷണം ഉടൻ സിബിസിഐഡിക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജൻസ് എഡിജിപിയ്ക്ക് സ്വന്തം പദവി രക്ഷിക്കാൻ മാത്രമാണ് താൽപര്യം, വിദ്യാർത്ഥിനിയുടെ അമ്മയെ കാണാൻ പോലും വിദ്യാഭ്യാസ മന്ത്രിക്ക് സമയമില്ല. ഇതെല്ലാം ഒരു കഴിവുകെട്ട സർക്കാരിന്റെ പ്രകടനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: