പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം വീണ്ടും അതിരൂക്ഷമായി. ഒരാഴ്ച മുമ്പുണ്ടായ കടലാക്രമണത്തിന് പിന്നാലെ ഇന്നും ശക്തമായ കടലാക്രമണമാണ് പുതിയങ്ങാടി കടപ്പുറം നേരിടുന്നത്.
കടലാക്രമണത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ സ്ഥലം കടലെടുത്തതോടെ അവിടെ നിര്‍ത്തിയിട്ട ഒരു വള്ളവും വലയും കടലിലേക്ക് ഒലിച്ച് പോയി. മറ്റൊരു വള്ളം കടലിലേക്ക് മറിഞ്ഞ നിലയിലായണ്. മറിഞ്ഞ വെള്ളത്തെ കരക്കെത്തിക്കുവാനുള്ള ഭഗീരപ്രയത്നത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍. പി.കെ ജലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വള്ളം.
കഴിഞ്ഞ അഞ്ചാം തിയ്യതിയുണ്ടായ കടല്‍ക്ഷോഭത്തില്‍ കരയില്‍ നിര്‍ത്തിയിട്ട രണ്ട് വള്ളങ്ങള്‍ തകര്‍ന്നിരുന്നു. മമ്മിമൂപ്പന്‍, അല്‍ അബാദ് എന്നീ രണ്ട് വള്ളങ്ങളാണ് അന്ന് തകര്‍ന്നത്. ആറോളം വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ത്തിയിട്ട ഇടത്തില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കര പൂര്‍ണമായും കടലെടുത്ത നിലയിലാണ്.
പുതിയങ്ങാടി കടപ്പുറം മുതല്‍ നീരൊഴുക്കും ചാല് വരെയും കടല്‍ കലിതുള്ളുകയാണ്. കടല്‍ കരയില്‍ നിര്‍ത്തിയിട്ട മറ്റ് വള്ളങ്ങളും മത്സ്യത്തൊഴിലാളികള്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: