ന്യൂദല്‍ഹി: അശോക സ്തംഭത്തിലെ സിംഹമുഖങ്ങള്‍ ശൗര്യമാര്ന്നതു തന്നെയാണെന്നും സാരാനാഥിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്റെ തനിപ്പകര്‍പ്പ് തന്നെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ചതെന്നും ശില്പിമാരായ സുനില്‍ ദിയോറും റൊമീല് മോസസും വ്യക്തമാക്കി. ഇത്ര ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ താഴെ നിന്ന് നോക്കുന്നതു മൂലമാണ് സിംഹരൂപത്തില്‍ വ്യതിയാനം വന്നുവെന്ന തോന്നല്‍ ചിലര്ക്കുണ്ടായിരിക്കുന്നത്. സാരാനാഥിലെ യഥാര്‍ത്ഥ അശോക സ്തംഭത്തെ താഴെ നിന്ന് നോക്കിയാലും ഇതേ രൂപമാണ് ലഭിക്കുക. സിംഹമുഖങ്ങളില് മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും ശില്പിമാര് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിച്ചുവിട്ടത്. ഇതോടെയാണ് അസംബന്ധ പ്രചാരണത്തിനെതിരെ ശില്പിമാര് തന്നെ രംഗത്തെത്തിയത്. സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷമാണ് വെങ്കല പ്രതിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ശില്പിമാര് വിശദീകരിച്ചു. സാരാനാഥിലെ സ്തംഭത്തിന് മൂന്നര അടി മാത്രമേ വലുപ്പമുള്ളൂ. എന്നാല്‍ ഇത് 21.3 അടി വലിയ പ്രതിമയാണ്. പ്രതിമയുടെ ചിത്രം ക്യാമറ ഉപയോഗിച്ച് താഴെനിന്ന് പകര്‍ത്തിയതു മൂലമാണ് സിംഹത്തിന്റെ മുഖഭാവങ്ങളില്‍ വത്യാസം തോന്നാന്‍ കാരണം. മുഖത്തെ വികാരങ്ങള്‍ വന്യമായി തോന്നുകയും വായ വലുതായി കാണപ്പെടുകയും ചെയ്തത് താഴെനിന്നുള്ള നോട്ടത്തില്‍ മാത്രമാണ്.
ശില്പം നേരേ നിന്ന് നോക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ ഭാവം തിരിച്ചറിയാനാവൂ, ശില്‍പ്പി സുനില്‍ ദിയോര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രനഗരവികസന മന്ത്രി ഹര്ദ്ദീപ്സിങ് പുരിയും അറിയിച്ചിരുന്നു. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിനും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുമെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഓരോ ദിവസവും കള്ളപ്രചാരണവുമായി രംഗത്തെത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: