കൊല്ലം: സിവില്‍ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ‘കളര്‍ഫുള്‍’ ആയി നവീകരിക്കുന്നു. അധ്യാപകരുടെ കലാവിരുതാണ് ഓഫീസിന്റെ ചുമരുകളില്‍ ചിത്രങ്ങളായി നിറം പകരുന്നത്.
ജില്ലയുടെ അടയാളങ്ങള്‍ വരകളില്‍ നിറയുന്നു. ചിന്നക്കടയിലെ മണിമേട, തങ്കശേരി വിളക്കുമാടം, വഞ്ചിവീടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവ ഇടം പിടിച്ചിട്ടുണ്ട്. പരിസ്ഥിതിയും പൊതുവിദ്യാഭ്യാസവുമൊക്കെ അടിസ്ഥാനമാക്കിയ രചനകളും കാണാം.
ഇളമ്പള്ളൂര്‍ എസ്എന്‍എസ്എംഎച്ച്എസ്എസിലെ എസ്. ശരത്ശശി, കൊല്ലം സെന്റ് ആലോഷ്യസ് സ്കൂളിലെ അലക്സ് ബാബു, കുണ്ടറ എംജിഡി സ്കൂളിലെ എസ്. ദീപുലാല്‍, വടക്കേവിള സര്‍ക്കാര്‍ എല്‍പിഎസിലെ ഡാഫിനി എന്നീ ചിത്രകലാ അധ്യാപകരാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ചിത്രകലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്നാണ് ആശയത്തിന്റെ തുടക്കം.
കൊട്ടാരക്കര ഉപജില്ലാ ഓഫിസ് കെട്ടിടം നേരത്തെ വര്‍ണാഭമാക്കിയിരുന്നു. ജീവനക്കാരുടെ പിന്തുണയോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ചുമരുകളും ചിത്രങ്ങളാല്‍ സമ്പന്നമാക്കാനാണ് തീരുമാനമെന്ന് ജില്ലാ വിദ്യാഭാസ ഓഫീസര്‍ ജെ. തങ്കമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: