കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം അതിരൂക്ഷമായിരിക്കവേ പ്രസിഡന്റ് ഗൊതബയ രജപക്സെ രാജ്യം വിട്ടു. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്സെ രാജ്യം വിട്ടത്. മാലിദ്വീപിലേക്കാണ് പ്രസിഡന്റ് രക്ഷപെട്ടതെന്നാണ് വിവരം. പ്രസിഡന്റിന്റെ വിമാനം ഇറക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമാണ് മാലിക്കുമേല്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്സെ നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടത്.
ആന്റണോവ് 32 എന്ന സൈനിക വിമാനത്തിലാണ് ഗൊതബയ രാജ്യം വിട്ടത്. മാലിദ്വീപിലേക്കാണ് വിമാനം പോയതെന്നാണ് സൂചന. നേരത്തേ ദുബായിലേക്ക് പോകാന്‍ ശ്രമിച്ച ഗൊതബയയെ 24 മണിക്കൂറോളം വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ വിമാനത്താവളത്തിലെ വിഐപി ലോഞ്ച് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് സാധാരണക്കാര്‍ക്കുള്ള ചാനലിലൂടെ പോകാന്‍ ഗൊതബയ വിസ്സമ്മതിച്ചിരുന്നു. ഇതിനിടെ ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി. ശേഷം ബുധനാഴ്ച രാവിലെയോടെയാണ് ഗൊതബയ സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് പറന്നത്. കഴിഞ്ഞ ദിവസം രാജ്യ വിടാന്‍ ശ്രമിച്ച ഗൊതബയയുടെ സഹോദരന് ബേസില്‍ രജപക്സയെ വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ തടഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ടെര്‍മിനല്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ബേസിലിനെ തടഞ്ഞത്. നേരത്തെ രാജിവെക്കാന്‍ ഗൊതബയ ഉപാധി വെച്ചിരുന്നു. തന്നേയും കുടുംബത്തേയും സുരക്ഷിതമായി രാജ്യം വിടാന്‍ സമ്മതിച്ചാല്‍ രാജിവെക്കാമെന്നാണ് ഗൊതബയ മുന്നോട്ട് വെച്ച നിര്‍ദ്ദേശം.എന്നാല്‍, ഇതൊന്നും പ്രതിപക്ഷ കക്ഷികള്‍ മുഖവിലയ്ക്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: