കഴിഞ്ഞ 12 വര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെ നീന്തല്‍ പരിശീലനം നേടി താരങ്ങളായവരെ ഒരുപാട് അന്വേഷിക്കേണ്ടതില്ല. കാരണം അങ്ങനെയാരും ഉയര്‍ന്നുവന്നിട്ടില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ പരിശീലനം നേടിയ ആരും ഇന്നുവരെ നീന്തല്‍ ഇനത്തില്‍ ജില്ല വിട്ട് പോലും പോയിട്ടില്ല. അടുത്തിടെ പ്ലസ് വണ്‍ പ്രവേശത്തിന് ബോണസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തല്‍ പരിശീലിച്ച നാലു കുട്ടികളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് പദ്ധതികളില്‍ ഒന്നെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഒരു കുട്ടിയെ എങ്കിലും അതിലൂടെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.
നീന്തല്‍ താരമോ..! അതെന്ത് താരം, സിനിമാ താരത്തിനും മേലെയാണോ? എന്ന് ചോദിക്കുന്നവര്‍ മന്ത്രിസഭയില്‍ ഉണ്ടെങ്കിലും ആശ്ചര്യപ്പെടേണ്ടതില്ല. അന്തരിച്ച വിഖ്യാത ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജന് പ്രതികരിച്ചത് കേരളത്തിന്റെ കായിക ലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നെന്നും സ്വര്‍ണമെഡല്‍ നേടി അദ്ദേഹം കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തിയെന്നുമാണ്. പ്രതികരിച്ചത് കായികമന്ത്രി തന്നെയായിരുന്നെന്ന് പ്രത്യേകം ഓര്‍ക്കണം.
കൂടുതല്‍ ഒളിമ്പിക്സ് മെഡലുകള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാടിനൊപ്പം സര്‍ക്കാരും മുന്‍നിരയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്നാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജി.വി. രാജ പുരസ്ക്കാരദാന ചടങ്ങില്‍ ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കായിക രംഗത്ത് വര്‍ഷാ-വര്‍ഷം പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ 12 ഒളിമ്പിക് ഗെയിംസുകളിലായി കേരളത്തില്‍ നിന്നുള്ള പതിനഞ്ചിലധികം വനിതാ അത്ലറ്റുമാര്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ 40 വര്‍ഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള വനിതാ അത്ലറ്റുമാര്‍ ഉള്‍പ്പെടാതിരുന്നത്. പുതിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശീലനത്തിന്റെയും സാങ്കേതികമായ വികാസത്തിന്റെയും പോരായ്മയാണ് പ്രധാന കാരണം. നീന്തല്‍ പരിപോഷിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതികള്‍ക്കും ഇതുതന്നെയാണ് സംഭവിച്ചത്.
നീന്തല്‍ ബോണസ് പോയിന്റ് ! തെറ്റ് തിരുത്താന്‍… കുരുതി കൊടുത്തത് 5 ജീവനുകള്‍
നീന്തല്‍ സ്കൂള്‍ തലത്തില്‍ പാഠ്യേതര വിഷയങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറല്ലെങ്കിലും പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ബോണസ് മാര്‍ക്ക് ലഭിക്കണമെങ്കില്‍ നീന്തല്‍ അറിഞ്ഞിരിക്കണം എന്നതായിരുന്നു മാനദന്ധം. വളരെ കാലങ്ങളായി മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ഇക്കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഉപരിപഠനത്തിനായി ഉന്നത മാര്‍ക്ക് ഉണ്ടായിട്ടും പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ അറിയില്ലെന്ന കാരണത്താല്‍ പിന്നോട്ട് പോയ നിരവധി കുട്ടികളുണ്ട്. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ നീന്തല്‍ അറിയാവുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബോണസ് പോയിന്റ് നല്‍കാനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തൊട്ടാകെ നീന്തല്‍ പ്രാവിണ്യ പരിശോധന സംഘടിപ്പിച്ചതും. എന്നാല്‍ ഉപരിപഠനത്തിന്റെ ഭാഗമായി പരിശോധനകള്‍ സംഘടിപ്പിക്കുന്നത് നഗരങ്ങളിലെ സ്വകാര്യ ഹോട്ടലുകളിലെ പൂളിലും മറ്റുമാണ്. നീന്തല്‍ പാഠ്യേതര വിഷയമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്കൂളുകളിലും സമീപ സ്ഥലങ്ങളിലും നീന്തല്‍ കുളങ്ങള്‍ നിര്‍മിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേതന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
15 മീറ്റര്‍ ദൂരം നീന്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. പണം കൊടുത്ത് നീന്തല്‍ പരിശീലിക്കാന്‍ കഴിവില്ലാത്തവര്‍ കുട്ടികളെ കുളങ്ങളിലേക്കും തോടുകളിലേക്കും പറഞ്ഞയക്കുന്നു. രണ്ടര ആഴ്ച മുന്‍പാണ് കണ്ണൂരില്‍ മകനെ നീന്തല്‍ പഠിപ്പിക്കാന്‍ കുളക്കടവില്‍ പോയ അച്ഛനും മകനും അതിദാരുണമായി മരണപ്പെട്ടത്. ബോണസ് പോയിന്റിനായി ജലാശയങ്ങളില്‍ ഇറങ്ങി മരണപ്പെട്ടവര്‍ വേറെയും. ഇത്തരം നിരവധി സംഭവങ്ങളാണ് ദിനംപ്രതി നമുക്ക് ചുറ്റും നടക്കുന്നത്. മരണപ്പെടുന്നതില്‍ ഏറെയും കൗമാരക്കാരാണ് എന്നുള്ളത് സങ്കടകരവും. നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി മരണപ്പെട്ട സാഹചര്യത്തിലാണ് പ്ലസ് വണ്‍ പ്രവേശത്തിനായി നല്‍കിയിരുന്ന നീന്തല്‍ ബോണസ് പോയിന്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി കുരുതി കൊടുത്തത് അഞ്ചു ജീവനുകളാണ്.
നീന്തല്‍ അറിയാതെ പോകുന്നതില്‍ ഇത്രയേറെ മരണങ്ങള് സംഭവിച്ചിട്ടും സര്‍ക്കാര്‍ നീന്തല്‍ സ്കൂള്‍ പാഠ്യേതര വിഷയങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തയാറാകാത്തത് ഖേദകരമാണ്. നാളെയുടെ പ്രതീക്ഷകളെ ഇത്തരത്തില്‍ മരണക്കയത്തിലേക്ക് തള്ളിവിടാതെ അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം എന്നാണ് ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഒന്നടങ്കം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എത്രതന്നെ വിലക്കിയാലും ചെറുപ്രായക്കാരായ കുറെയധികംപേര്‍ സാഹസികതാത്പര്യത്തോടെ ജലാശയങ്ങളിലേക്ക് അറിയാതെയെന്നോണം ആകര്‍ഷിക്കപ്പെടുന്നുവെന്നത് സമൂഹവും അധികൃതരും ശ്രദ്ധയോടെ കാണേണ്ട വിഷയമാണ്. ഉറ്റവരുടെയോ സുഹൃത്തുക്കളുടെയോ കണ്മുന്നില് അവര്‍ നിസ്സഹായരായി നോക്കിനില്‍ക്കെ ഒഴുക്കിലോ ചുഴിയിലോ പെട്ട് കാണാതാകുന്ന സംഭവങ്ങളാണ് അധികവും. നിമിഷങ്ങള്‍ക്കകം അത്യാഹിതം സംഭവിക്കുന്ന ദുഃഖകരമായ അവസ്ഥ.
നീന്തല്‍ അറിയാത്തതിനാല്‍ ഒരു ജീവനും പൊലിയരുത്
മരണകാരണമായേക്കാവുന്ന അത്യാഹിതങ്ങളില്‍ മറ്റുള്ളവ പോലെ അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് മുങ്ങിമരണം. നമ്മളില്‍ പലരും ജലസ്രോതസുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ പലപ്പോഴും ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ ഇത് കാരണം നഷ്ടപ്പെടുന്നത് സ്വന്തം ജീവന് ആണെന്നത് പലപ്പോഴും മറന്നുപോവുകയും ചെയ്യുന്നു.
മുങ്ങി മരണങ്ങള് ഇല്ലാത്ത ഒരു കേരളത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ വര്‍ഷങ്ങളായി നീന്തലിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിച്ച് നീന്തല്‍ പരിശീലനം നടത്തിവരുന്നുണ്ട്. നീന്തലില്‍ പ്രാവിണ്യമുള്ള ആരോഗ്യപൂര്‍ണമായ ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കേണ്ടതിന്റെ ആവശ്യകത ഇനിയും അവഗണിച്ചു കൂടാ. ഒരു അധ്യായന വര്‍ഷം കുട്ടികള്‍ക്ക് പഠനത്തിനൊടൊപ്പം നീന്തല്‍ കൂടി പഠിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈ കൊള്ളണം എന്നാണ് ഈ സാഹചര്യത്തില്‍ ആവശ്യപ്പെടാനുള്ളത്. നീന്തല്‍ അറിയാത്തതുകൊണ്ട് ഒരു ജീവന് പോലും ഇനി നഷ്ടപ്പെടാന്‍ ഇടയാകരുത്.
ഡോള്‍ഫിന്‍ രതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: