പി.ഉണ്ണികൃഷ്ണന്
ആഷാഢ പൗര്‍ണ്ണമി വീണ്ടും സമാഗതമായിരിക്കുന്നു, ജഗദ് ഗുരു വേദവ്യാസ സ്മരണകള്‍ ഉയരുന്ന ഈ ദിനം വ്യാസ പൗര്‍ണ്ണമിയെന്നും അറിയപ്പെടുന്നു.’വ്യാസോച്ഛിഷ്ടം ജഗദ് സര്‍വ്വം’ എന്നാണ് പ്രമാണം. ചതുര്‍വേദ വ്യസനം, മഹാഭാരതം, മഹാഭാഗവതം, ഭഗവദ് ഗീത, ബ്രഹ്മസൂത്രം പതിനെട്ട് പുരാണങ്ങള്‍ എന്നീ വിപുലമായ രചനകളിലൂടെ ഭാരതീയ ജ്ഞാന ഗോപുരത്തിന് ശക്തമായ അടിത്തറ പാകിയത് കൃണദ്വൈപായനനായിരുന്നു. ‘അഷ്ടാദശ പുരാണത്താല്‍ വ്യാസന് ചൊന്നതു രണ്ടു താന്‍, പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്ന മഹത്തായ മാനവീക മൂല്യത്തെ ലോകത്തിന് പ്രദാനം ചെയ്തതും ഈ മുക്കുവക്കുടിലിന്റെ സന്തതിയാണ്. ഈ മഹത്വംകൊണ്ടാണ് വ്യാസന് ജഗദ്ഗുരുവായതും ലോകം വ്യാസപൂര്‍ണ്ണിമ ഗുരുപൂജയ്ക്കായി തിരഞ്ഞെടുത്തതും.
ഗുരു ധര്‍മ്മം വളരെ വ്യക്തമാണ്, ‘ഗു’ശബ്ദസ്യാന്ധകാരശ്ച ‘രു’ ശബ്ദസ്തന്നിരോധക, അന്ധകാരത്തെ ഇല്ലാതാക്കുന്നത് ഏതോ അത് ഗുരുവാകുന്നു. പ്രകാശം കൊണ്ട് പ്രപഞ്ചാന്ധകാരത്തെ ഇല്ലാതാക്കുന്ന സുര്യദേവനെ നാം ഗായത്രി മന്ത്രത്തിലൂടെ സ്തുതിക്കുന്നു. പ്രകാശസംശ്ലേഷണത്തിലൂടെ സര്‍വ്വഭൂതങ്ങളെയും ഊട്ടാനുള്ള അന്നജം ഉല്‍പ്പാദിപ്പിക്കുന്നതും സൂര്യ ദേവനാണ്. താപഊര്‍ജ്ജത്തിലൂടെ സക്രിയതയും ഗുരുത്വാകര്‍ഷണത്തിലൂടെ ഗോളാന്തര ഐക്യവും സുവ്യവസ്ഥയും സൃഷ്ടിക്കുന്നു. അതായത് ഗുരു തത്വത്തിന്റെ ശാസ്ത്രീയവും പ്രകൃതിദത്തവുമായ പ്രതീകമാണ് സോളാര്‍ സിസ്റ്റം എന്നത്.
ഗുരു ബ്രഹ്മാവാണ്, ബ്രഹ്മാവ് സൃഷ്ടിയുടെ ദേവന്. ധര്‍മ്മരാഷ്ട്ര സംസ്ഥാപനത്തിന് എന്തെല്ലാം കുറവുകളുണ്ടോ, അവയെ സരസ്വതി ദേവിയുടെ ജ്ഞാനോപദേശം സ്വീകരിച്ച് സൃഷ്ടിക്കുക എന്നതാണ് ബ്രഹ്മാവായ ഗുരുവിന്റെ ദൗത്യം. ഗുരു മഹാവിഷ്ണുവാണ്, സ്ഥിതികാരനാണ് മഹാവിഷ്ണു. ധര്‍മ്മരാഷ്ട്രത്തിന് മുന്‍കാല സൃഷ്ടികളിലും ആനുകാലിക സൃഷ്ടികളിലും ആവശ്യമായവയെ മഹാലക്ഷ്മീ സഹയോഗത്തോടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് മഹാവിഷ്ണുവായ ഗുരുവിന്റെ ചുമതലകള്‍. ഗുരു മഹേശ്വരനാണ്, ധര്‍മ്മരാഷ്ട്ര സ്ഥാപനത്തിനും നിലനില്‍പ്പിനും ഭീഷണിയായി വരുന്ന ഏതുതരം ശക്തികളെയും ശ്രീപാര്‍വ്വതി ദേവിയുടെ സഹധര്‍മ്മത്തോടെ സംഹരിച്ച് സംസ്ക്കരിക്കുക എന്നത് ശിവ ഗുരുവിന്റെ കടമയാണ്. ഈ തൃമൂര്‍ത്തികളും തൃശക്തികളും ഗുരുധര്‍മ്മത്തിന്റെ ഉത്തമ മാതൃകകളാണ്.
മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന് ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ശിഷ്യന് ഗുരുവിനെക്കുറിച്ചും ഗുരുവിന് ശിഷ്യനെ സമ്പന്ധിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം. ശ്രീരാമനും ലക്ഷ്മണനും, ‘ജാംബവാനും ഹനുമാനും, ശ്രീകൃഷ്ണനും അര്‍ജ്ജുനനും, ശ്രീ ശങ്കരനും മണ്ഡനമിശ്രണനും, ശ്രീരാമകൃഷ്ണനും നരേന്ദ്രനും തുടങ്ങിയ അനേകം ഗുരുശിഷ്യബന്ധങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകുന്നതാണ്. കൃതയുഗ ഗുരുവായ ദക്ഷിണാ മൂര്‍ത്തിയെക്കുറിച്ച്, ‘ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യത്ഛിന്ന സംശയ’ എന്ന് പറയുന്നത് ഈ ആത്മ സംവേദനത്തിന് ഉദാഹരണമാണ്.
ഭാരതീയ ശിക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യം ബ്രഹ്മജ്ഞാനം നേടലാണ്, പാശ്ചാത്യന്റെ പാഠ്യക്രമം ഇന്നും ബൗദ്ധിക തലത്തില്‍ മാത്രം എത്തി നില്‍ക്കുന്നതാണ്. പതിനായിരത്തില്പരം വര്‍ഷങ്ങളുടെ പഠന ഗവേഷണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ് നമ്മുടെ ‘പഞ്ചകോശ ശിക്ഷണ’ പദ്ധതി. ഭാരതീയ ഗുരുകുല വിദ്യാഭ്യാസ വ്യവസ്ഥയുടെ മൂലാധാരം ഇതാണ്. അന്നമയകോശത്തിനുള്ള ആഹാരം ഔഷധം ആയോധനം തുടങ്ങിയ പദ്ധതിയിലൂടെ ‘ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ എന്ന തത്വം പ്രയോഗത്തില്‍ വരുത്തുകയായിരുന്നു. പിന്നീട് മനോമയകോശങ്ങള്‍ക്കുള്ള സംഗീതം, നൃത്തം, കലകള്‍, നാടകം, ഉത്സവാഘോഷം തുടങ്ങിയ പരിപാടികളിലൂടെ സാംസ്ക്കാരിക ബോധം വളര്‍ത്തല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിത്തീര്‍ന്നു. ജ്ഞാനമയ കോശത്തിനായി ബൗദ്ധിക വിഷയങ്ങളായ വേദ പഠനം, ശാസ്ത്രം, ദര്‍ശനം, ഗണിതം, ഇതിഹാസം തുടങ്ങിയവയുടെ പ്രശിക്ഷണം വഴി ഉത്തമ ചിന്തകന്മാരെ സൃഷ്ടിക്കുവാന്‍ സാധിച്ചു. യോഗ, പ്രാണായാമം, സൂക്ഷ്മ വ്യായാമം തുടങ്ങിയ വിദ്യകളിലൂടെ മനുഷ്യ ശരീരത്തിലെ പ്രാണ ചൈതന്യത്തെ ശക്തിപ്പെടുത്തി ഉള്‍ക്കരുത്ത് വര്‍ദ്ധിപ്പിക്കാനായിരുന്നു അടുത്ത ശ്രമങ്ങള്‍. ഈ നാലുകോശങ്ങള്‍ക്കും കൃത്യമായ പ്രശിക്ഷണം ലഭിച്ച വ്യക്തിക്ക് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംഗമ അനുഭൂതി അനുഭവപ്പെടാന്‍ തുടങ്ങി. ഇപ്രകാരം സമാധിയിലെത്തിയ വ്യക്തികള്‍ ബ്രഹ്മാണ്ഡത്തോളം വ്യാപ്തിയുള്ളവരായിത്തീരുന്നു. ഈ അവസ്ഥയാണ് ബ്രഹ്മജ്ഞാനി എന്നത്. ഇത്തരം ഋഷികള്‍ തൃകാലജ്ഞാനികളും സര്‍വജ്ഞന്‍ന്മാരുമായിരിക്കും.
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരു പരമ്പരാ … -എന്ന ശ്ലോകത്തിലൂടെ ഇത്തരം മഹാത്മാക്കളെയാണ് നാം സ്തുതിക്കുന്നത്.
ഭാരതത്തില്‍ സദ്ക്കര്‍മ്മങ്ങളെല്ലാം ഗുരുത്വത്തോടെ നടക്കണം എന്ന് നിര്‍ബന്ധമാണ്. രാഷ്ട്രീയ സ്വയംസേവക സംഘവും വൈഭവ രാഷ്ട്രം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതും പരമപവിത്ര ഭഗവധ്വജത്തെ മുന്‍നിര്‍ത്തിയാണ്. സനാതനമായ രാഷ്ട്ര പ്രതീകമായാണ് ഇതിനെ സ്വീകരിച്ചിരിക്കുന്നത്. ശാഖയില്‍ ധ്വജവന്ദനം, പ്രാര്‍ത്ഥന എന്നി ആചാര പദ്ധതിയിലൂടെ രാഷ്ട്രപൂജയാണ് നിത്യവും നടക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ തന മന ധനപൂര്‍വ്വകമായ സമര്‍പ്പണത്തിന്റെ പ്രതീകമായി ഗുരുദക്ഷിണാ സമര്‍പ്പണവും നടത്തി വരുന്നു. ‘ശതഹസ്തേന സമാഹാര സഹസ്രഹസ്തേന വികിര’ എന്ന സാമ്പത്തിക സംസ്ക്കാരം വളര്‍ത്തുന്നതാണ് ഗുരുദക്ഷിണാ സമ്പ്രദായം. വര്‍ത്തമാന കാലഘട്ടത്തില്‍ സമസ്ത മേഖലയിലും സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും വ്യാപകമായിരിക്കുന്നു. ഇതിനെതിരെ പല നടപടികളും നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത് പ്രതീക്ഷക്ക് വകനല്കുന്നതാണ്. എങ്കിലും സമ്പൂര്‍ണ്ണ സമാജത്തിലും സാമ്പത്തിക അച്ചടക്കവും സംസ്ക്കാരവും കൊണ്ടുവരുവാന്‍ ത്യാഗം, സമര്‍പ്പണം, സേവനം എന്നി മനോഭാവം വളര്‍ത്തേണ്ടതുണ്ട്, ഈ പരിശ്രമമാണ് രാഷ്ട്രീയ സ്വയംസേവക സംഘം നടത്തിവരുന്നത്.
സംഘത്തിന്റെ ശതാബ്ദി കാലഘട്ടത്തില്‍ സമഗ്രമായ ലക്ഷ്യമാണ് നമുക്ക് കൈവരിക്കാനുള്ളത്. സംഘടനാ ശക്തിയും സാമാജിക ശക്തിയും കൈവരിച്ച് പ്രഭാവി ഭാരതം സൃഷ്ടിക്കണം. അതിന്നായി മാതൃശക്തിയും യുവശക്തിയും അണിനിരക്കണം. മദ്യവും ലഹരിയും അരാജകവാദവും താലിബാനിസവും നമ്മുടെ യുവതലമുറയെ സാരമായ സ്വാധീനിക്കുന്നത് വളരെ ഗൗരവത്തില്‍ കാണേണ്ട വിഷയമാണ്. ശക്തി യുക്തമായ യുവതയാണ് വികാസ യുക്തമായ ഭാരതത്തിന്റെ മൂലധനം എന്ന് നാം തിരിച്ചറിയണം.
ആസാദി കാ അമൃതവര്‍ഷത്തില്‍ നമ്മുടെ ദേശീയ സങ്കല്‍പ്പം, സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഭാരതം അതിന്റെ സ്വത്വം വീണ്ടെടുക്കണം എന്നതാണ്. എന്താണ് നമ്മുടെ സ്വത്വം എന്നറിഞ്ഞാലെ അത് വീണ്ടെടുക്കാനുള്ള പദ്ധതികളും പരിപാടികളും ആവിഷ്ക്കരിക്കാനാകു. നമ്മുടെ പൂര്‍വ്വികര്‍ മുന്നോട്ടുവെച്ച ചില വീക്ഷണങ്ങള്‍ നമുക്ക് പരിശോധിക്കാം. ഒന്നാമതായി പ്രഭാവി ഭാരതം തന്നെയാണ്, ജ്ഞാനപ്രകാശം കൊണ്ട് ലോകത്തെ നയിക്കുന്ന ജഗത്ഗുരുവായി ഭാരതം ഉയരണം. അതിനായി വേദപാഠശാലകള്‍, വേദ വിശ്വവിദ്യാപീഠങ്ങളും സ്ഥാപിതമാകണം. ജ്ഞാനശക്തിയുള്ള സമാജ വ്യവസ്ഥ ഇതിലൂടെ സ്വായത്തമാക്കാം. രണ്ടാമത് വൈഭവ ഭാരതം ഒരാള്‍ക്കും ഒന്നിന്റെയും അഭാവമില്ലാത്ത അവസ്ഥയാണിത്. ഈ അവസ്ഥ കൈവരിക്കാന്‍ ആ സമാജത്തിന് വേണ്ട അടിസ്ഥാന യോഗ്യത പരമമായ വൈരാഗ്യഭാവം എന്നതാണ്. വൈരാഗ്യഭാവത്തിലൂടെ പരംവൈഭവം എന്നത് ആത്മീയശക്തിയുടെ ബലത്തില്‍ മാത്രം നേടാന്‍ കഴിയുന്ന ലക്ഷ്യമാണ്. മൂന്നാമത് രാമരാജ്യം എന്ന സങ്കല്‍പ്പമാണ്. രാഷ്ട്ര ജനത രാമനെപ്പോലെയും സീതയെപ്പോലെയും ധര്‍മ്മിഷ്ടരാകുന്ന അവസ്ഥയില്‍ രാമരാജ്യം നിലവില്‍ വരും. തീര്‍ത്തും സനാതന ധര്‍മ്മാധിഷ്ടിതമായ സാമൂഹ്യ വ്യവസ്ഥയാണിത്. നാലാമതായി മാവേലി നാട് എന്ന മലയാള സങ്കല്‍പ്പമാണ്, കള്ളവും ചതിയുമില്ലാത്തനാട് സമൂഹത്തില്‍ എല്ലാവരും മനസാവാചാകര്‍മ്മണ സത്യനിഷ്ടയുള്ളവരാകുമ്പോള്‍ മാവേലിനാട് പിറവിയെടുക്കുന്നു. ഇത് ആര്‍ഷ സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കൈവരിക്കാന്‍ കഴിയുന്ന ദൗത്യമാണ്.
അഞ്ചാമതായി, സ്വര്‍ഗീയ ദീനദയാല്‍ ഉപാദ്ധ്യായ ഏകാത്മ മാനവദര്‍ശനത്തില്‍ പറയുന്ന വിരാട് രാഷ്ട്രമാണ്. ഇത് ആരെയും ഭയപ്പെടാത്ത ആരെയും ഭയപ്പെടുത്താത്ത ശക്തിയുടെ ആധാരത്തില്‍ രാഷ്ട്രത്തിലെ ഓരോ പൗരനും ലോകത്തിന്റെ ഏത് കോണിലും അനുഭവപ്പെടുന്ന സുരക്ഷാ ബോധമാണ്, അജയ്യ ശക്തിയാണിതിന്റെ അടിസ്ഥാനം എന്ന് നാം മനസ്സിലാക്കണം. ആറാമത്തെത്, നമ്മുടെ പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ ഭാരതം എന്ന കാഴ്ച്ചപ്പാടാണ്. സ്വയംപര്യാപ്ത ഭാരതം ഒന്നിനും ആരെയും ആശ്രയിക്കേണ്ടാത്ത ഭാരതം. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഭാരതം, സമ്പല്‍സമൃദ്ധിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥയാണിത്. ഏഴാമതായി സമ്പൂര്‍ണ്ണ സ്വരാജ്, മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച ഹിന്ദ് സ്വരാജ് തന്നെയാണിത്, ഭാരതവത്കൃതമായ വീക്ഷണവും വ്യവസ്ഥകളും സംവിധാനങ്ങളും ആവിഷ്ക്കരിക്കണം. അങ്ങിനെയുള്ള സദ്ഭരണം. ഗ്രാമസ്വരാജ് മുതല്‍ സമഗ്ര ഭാരതം വരെ എത്തിച്ചേരുകയും വേണം. മേല്‍പ്പറഞ്ഞ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭാരതം സമ്പൂര്‍ണ്ണ ഏകീകൃത ഭാരത വര്‍ഷമായിരിക്കും. അങ്ങിനെയുള്ള വിരാട് രാഷ്ട്രം ജഗദ് ഗുരു സ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്യും. വരാന്‍പോകുന്ന കാല് നൂറ്റാണ്ട് ഓരോ ഭാരതീയ യുവാവിനെ സമ്പന്ധിച്ചും അവിശ്രമ പരിശ്രമത്തിനുള്ളതാണ്. രാഷ്ട്ര സമര്‍പ്പിതമായ ജീവിതത്തിനുള്ള പ്രതിജ്ഞയെടുക്കാന്‍ ഈ ഗുരുപൂജ ദിനം എന്തുകൊണ്ടും ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: