ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലൈ 21 ന് ഏജന്‍സിക്ക് മുമ്പാകെ ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്. കോവിഡ് -19 ബാധിച്ചതിനെ തുടര്‍ന്നുള്ള അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് നേരത്തെ കത്തയച്ചിരുന്നു.
കോവിഡും ശ്വാസകോശ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 23ന് ഹാജരാകാന്‍ ഇ.ഡി നല്കിയ നോട്ടീസിലെ ആവശ്യം മാറ്റിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കാനുള്ള അപേക്ഷ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുകയും ജൂലൈ അവസാന വാരം ഹാജരായി മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജൂണ്‍ എട്ടിന് ഹാജരാകാന്‍ സോണിയ ഗാന്ധിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവര്‍ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഹാജരായിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് ജൂണ്‍ 12 നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ദല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 20ന് സോണിയയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ കേസില്‍ മകനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ പല ദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: