കാസര്‍കോട്: കനത്ത മഴയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തേജസ്വിനി പുഴയും മധുവാഹിനി പുഴയും കരകവിഞ്ഞൊഴുകിയതോടെ മധൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും വെള്ളം കയറി. പൊടൊതുരുത്തിയിലെ നളിനിയുടെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. മധുവാഹിനി കരകവിഞ്ഞൊഴുകിയപ്പോള്‍ മധൂര്‍ ക്ഷേത്രത്തിലേക്ക് വെള്ളം കയറി.
പട്‌ലയിലെ 15 വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് 60ഓളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജിലെ കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളില്‍പെട്ട 29 പേരെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റി പാര്‍പിച്ചു.
വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂര്‍ പഞ്ചായതിലെ പാലപ്പുഴയിലെ വിജയന്റെ കുടുംബത്തെ തൊട്ടടുത്ത അങ്കണ്‍വാടിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് താലൂക്കിലെ ക്ലായിക്കോട് വില്ലേജിലെ വെള്ളാട്ട് പ്രദേശത്തെ 20 ഓളം വീടുകളില്‍ വെള്ളം കയറി. പ്രായമുള്ളവരെ ബന്ധു വീടുകളിലേക്ക് താല്‍ക്കാലികമായി മാറ്റി.
ബന്തടുക്ക ചേമ്പ്രക്കല്ല് കോളനിയില്‍ വെള്ളം കയറി. കരിവേടകം വില്ലേജില്‍ പുനരധിവാസ ക്യാമ്പ് തുറന്നു. കരിവേടകം വില്ലേജിലെ ചേമ്പ്രക്കല്ല് കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു പന്ത്രണ്ട് വീട്ടുകാരെ സെന്റ് മേരീസ് എല്‍പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കാസര്‍കോട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.16 പുരുഷന്‍മാരും 21 സ്ത്രീകളും ഏഴ് ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. അറുപത് വയസ് പിന്നിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും ക്യാമ്പിലുണ്ട്.
വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജിലെ കമ്മാടി എന്നിവിടങ്ങളിലായി 2 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. രണ്ട് ക്യാമ്പുകളിലുമായി 18 കുടുംബങ്ങളിലെ 77 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കാസർകോട്ട് ഈ സീസണിൽ ലഭിക്കേണ്ട മഴയേക്കാൽ കൂടുതൽ മഴ ലഭിച്ചു. ജൂൺ ഒന്ന് മുതൽ ജൂലൈ പത്ത് വരെ 162% മഴയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: