കൊളംബോ:ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന ഗോതബായ രാജപക്സയുടെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകാരികള്‍ അവിടെ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ പണം പ്രക്ഷോഭകാരികള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജനങ്ങള്‍ നോട്ടെണ്ണുന്ന വീഡിയോ :
ശ്രീലങ്കയില്‍ ശനിയാഴ്ച പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗോതബായ രാജപക്സ രക്ഷപ്പെട്ടിരുന്നു. ഒരു കപ്പലില്‍ കറുത്ത പെട്ടികള്‍ കയറ്റുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് ഗോതബായ രക്ഷപ്പെട്ട കപ്പലാണെന്നും പെട്ടികള്‍ ഇദ്ദേഹമുള്‍പ്പെടെയുള്ള ഉയര്‍ന്ന വിവി ഐപികളുടേതുമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ചില സൈനിക വൃത്തങ്ങള്‍ പറയുന്നത് ഗോതബായ ശ്രീലങ്കയില്‍ തന്നെയുണ്ടെന്നാണ്. ഇതിനിടെ പ്രക്ഷോഭകാരികള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രസിംഗെയുടെ വസതി തീയിട്ടിരുന്നു.
പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും കണ്ടെടുത്ത പണം പട്ടാളക്കാര്‍ക്ക് സൂക്ഷിക്കാനായി പ്രസിഡന്റ് തന്നെ നല്കിയതായിരുന്നുവെന്ന് ശ്രീലങ്കയിലെ ഡെയ്ലി മിറര്‍ എന്ന പത്രം പറയുന്നു. “നമ്മുടെ രാജ്യത്ത് നിന്നും കട്ടെടുത്ത മുഴുവന്‍ പണവും കണ്ടെത്തിയിരിക്കുന്നു. വീട്ടില്‍ വൈദ്യുതിയില്ലാതെ ജനം വിഷമിക്കുമ്പോള്‍ പ്രസിഡന്റിന്റെ വീട്ടില്‍ എസി പ്രവര്‍ത്തിക്കുകയായിരുന്നു.”- നോട്ടെണ്ണിക്കൊണ്ടിരിക്കുന്ന ഒരാള്‍ പറയുന്നതായി ഒരു വീഡിയോയില്‍ കാണാം.
നൂറുകണക്കിന് ജനങ്ങളാണ് പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയിരിക്കുന്നത്. പലരും അവിടുത്തെ ഊണ്മേശയില് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും കാണാം. ചിലര്‍ കൊട്ടാരത്തി ന്റെ മുന്നിലെ പൂന്തോട്ടത്തിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതും കാണാം. ചിലര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലിരുന്ന് സംഗീതം ആസ്വദിക്കുന്നതും കാണാം.
കഴിഞ്ഞ രാത്രിയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജിവെച്ചു. അതിന് ശേഷം സൈനിക മേധാവി ജനറല്‍ ശാവേന്ദ്ര സില്‍വ ജനങ്ങളോട് ക്രമസമാധാനം പാലിക്കാന്‍ സൈന്യവുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രസിഡന്റിനെപ്പോലെ പ്രധാനമന്ത്രിയും കുടുംബസമേതം രക്ഷപ്പെട്ടിരിക്കുകയാണ്. ഇവര്‍ എവിടെയാണെന്ന് അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: