കാസര്‍കോട്: ജില്ലയില്‍ മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. ഒരു മരണം റിപ്പോര്‍ട് ചെയ്തു. അടുത്ത അഞ്ച് ദിവസവും ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ പതിനൊന്നു വരെ ജില്ലയില്‍ മഞ്ഞ ജാഗ്രതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ മഴ തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു.
മഞ്ചേശ്വരം പഞ്ചായത് വാര്‍ഡ് 13 ഹൊസങ്കടിയില്‍ ഇരുപതോളം വീടുകളില്‍ വെള്ളം കയറി. നാട്ടുകാരുടെ സഹായത്തോടെ ഏഴ് കുടുംബങ്ങളിലെ 50 പേരെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റി. അഗ്നിശമനസേന ബാക്കിയുള്ളവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൊര്‍ക്കാടി പഞ്ചായത് വാര്‍ഡ് 14ല്‍ കവുങ്ങിന്തോട്ടത്തില് തൊഴിലാളിയായ മൗറിസ് ഡിസൂസ(52) യെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നു മീറ്റര്‍ വീതിയും 10 മീറ്റര്‍ നീളവും നാല് മീറ്റര്‍ ആഴവും ഉള്ളതാണ് കുളം. അഗ്നിശമന രക്ഷാസേന കുളത്തില്‍ നിന്ന് മൃതദഹം പുറത്തെടുത്ത് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കാസര്‍കോട് താലൂക്കില്‍ ചെങ്കള ഗ്രൂപ്പ് വില്ലേജില്‍ അബ്ദുല്‍ ഷിഹാബിന്റെ കിണര്‍ പൂര്‍ണമായും ഇടിഞ്ഞു. പൈവളികെ പഞ്ചായതില്‍ 5ാം വാര്‍ഡായ തല്‍കാജെയില്‍ പ്രശാന്ത് ഭട്ടിന്റെ സ്ഥലത്ത് മഴ വെള്ളം കയറി കൃഷി നശിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നീലേശ്വരം: കനത്ത മഴയില്‍ വീട് തകര്‍ന്നുവീണു. ചായ്യോം കിനാനൂര്‍ കരിമൂലയിലെ കുഞ്ഞമ്മയുടെ വീടാണ് ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ തകര്‍ന്നത്.ഈ സമയം വീട്ടില്‍ കുഞ്ഞമ്മയും മകന് ബാലകൃഷ്ണനും ഭാര്യയും മൂന്ന് മക്കളുമാണ്ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കനത്ത മഴയായതിനാല്‍ വീട്ടുപകരണങ്ങളും മറ്റും നശിക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചാല്‍ പറയുന്നു.
കനത്ത മഴയിൽ കാഞ്ഞങ്ങാട് നഗരം പൂര്‍ണ്ണമായും വെള്ളത്തിലായി. കാല്‍നടയാത്ര ദുഷ്കരമായി. ഡ്രൈനേജ് സംവിധാനം ശരിയില്ലാത്തതിനാലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. കെഎസ്ടിപി റോഡിന്റെ അശാസ്ത്രീയതയും വെള്ളകെട്ട് രൂക്ഷമാക്കി. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നഗരസഭ അധികൃതര്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം അടക്കമുള്ളവ കാര്യക്ഷമമായി ചെയ്യാത്തതും നഗരത്തെ ഇത്തരത്തില്‍ കൂടുതല്‍ വെള്ളകെട്ടിലാക്കിയിരിക്കുകയാണ്.
മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനിടയിലാകും. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ കടകളില്‍ വെള്ളം കയറി.റെയില്സ്റ്റേഷന് റോഡിലും വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലടക്കം നഗരത്തില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളകെട്ട് നീക്കാന്‍ കഴിയാത്ത സിപിഎം നിയന്ത്രിത നഗരസഭക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
ഇന്നലെ രാവിലെ കാഞ്ഞങ്ങാട് കോട്ടച്ചേരി ഇഖ്ബാല്‍ കവലയ്ക്കു സമീപം മരം കടപുഴകി വീണു. കനത്ത മഴയില്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തെ തണല്‍ മരം കടപുഴകി വൈദ്യുതി കമ്പിയില്‍ തട്ടി റോഡിലേക്കു വീണു. അഗ്നി രക്ഷാസേനയെത്തി മരകൊമ്പുകള്‍ മുറിച്ചു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: