ന്യൂദല്‍ഹി : ന്യൂദല്‍ഹിയില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച വിമാനം അടിയന്തിരമായി പാക്കിസ്ഥാനില്‍ ഇറക്കിയതില്‍ സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിറക്കി. ചൊവ്വാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി കറാച്ചിയില്‍ ഇറക്കുകയായിരുന്നു.
വിമാനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം പാക്കിസ്ഥാനില്‍ ഇറക്കിയതെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വിശദീകരണം. എന്നാല്‍ എമര്‍ജന്‍സി ലാന്‍ഡിങ് ആയിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്ഡിങ്ങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു.
യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കറാച്ചിയിലേക്ക് വിമാനം അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റിയിയിട്ടുണ്ട്. വിമാനത്തിന്റെ തകരാറ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുകയാണ്. പരിശോധിച്ച് ക്ലിയറന്‍സ് നല്കിയ ശേഷം മാത്രമേ ഈ വിമാനം ഇനി പറത്താന്‍ സാധിക്കൂ. അല്ലെങ്കില്‍ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പാടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: