ന്യൂദല്‍ഹി: കാളി സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പോലീസും ഉത്തര്‍പ്രദേശ് പോലീസും. ഹിന്ദു ദൈവം സിഗരറ്റ് വലിക്കുന്നതായുള്ള സിനിമയുടെ പോസ്റ്ററിന്റെ പേരില്‍ പരാതിയുയര്‍ന്നതിന് പിന്നാലെയാണ് കേസ്. കുറ്റകരമായ ഗൂഡാലോചന, മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, സമാധാന ലംഘനത്തിന് ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തത്.
ലീന മണിമേഖല താന്‍ സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മധുരയില്‍ ജനിച്ച ലീന കാനഡയിലെ ടൊറന്‍ടോയിലാണ് താമസം. കാളീദേവിയുടെ രൂപത്തിലുള്ള സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ത്രിശൂലം, അരിവാള്‍, എന്നിവയോടൊപ്പം എല്‍ജിബിറ്റിക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തില്‍ വ്യക്തമാണ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ടൊറന്റോയിലെ അഖാ ഖാന് മ്യൂസിയം അവതരിപ്പിക്കുന്ന ‘റിഥംസ് ഓഫ് കാനഡ’ എന്ന പരമ്പരയുടെ ഭാഗമായുള്ള ഡോക്യുമെന്ററിയാണ് കാളി.
ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ഇന്നലെ ദല്‍ഹി പോലീസിന് നല്കിയ പരാതിയില്‍ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. സെക്ഷന്‍ 295എ, 298, 505, 67 (ഐടി ആക്ട്) 34 ഐപിസി പ്രകാരം കുറ്റകരമാണ്. കുറ്റാരോപിതര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. വ്യാപക പരാതി ലഭിച്ചതിന് പിന്നാലെയാണ് ലീനയ്ക്കെതിരെ എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: