”ഇനിമേല്‍ വയനാട് ബ്രിട്ടീഷ് മുക്തമായിരിക്കും. പാക്കത്ത് രാജാവാകും നമ്മുടെ ഭരണാധികാരി.” കാലം തരിച്ചുനിന്ന ആ പ്രഖ്യാപനം പിറന്നത് രണ്ട് നൂറ്റാണ്ട് അപ്പുറം 1812 ഏപ്രില്‍ 12ന്. വീരപഴശ്ശി സൃഷ്ടിച്ച പോരാട്ടങ്ങളുടെ അലയൊലികളില്‍ തുടര്‍ന്ന ഗോത്ര പോരാട്ടങ്ങളുടെ തുടര്‍ച്ചയായി നടന്ന വിപ്ലവങ്ങളുടെ വിജയം.
അവര്‍ക്കൊരു നായകന്, കുറുമ ഗോത്രത്തലവനായ രാമന് നമ്പി. കലാപങ്ങളെ സ്വാതന്ത്ര്യസമരമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചവര്‍ ഐതിഹാസികമായ ആ ഗോത്ര പോരാട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ കാലം അവയെ തിരിച്ചുപിടിക്കുകയാണ്. വയനാട് പൈതൃക സംരക്ഷണ കര്‍മ സമിതി സെക്രട്ടറിയും ഗ്രന്ഥകാരനുമായ വി.കെ. സന്തോഷ് കുമാറാണ് കുറുമ ഗോത്രത്തലവനായ രാമന് നമ്പിയെന്ന സമരനായകനെ, അദ്ദേഹത്തിന്റെ വീരമൃത്യുവിന് 210 വര്‍ഷം പിന്നിടുമ്പോള്‍, രാജ്യത്തിന് പരിചയപ്പെടുത്തിയത്.
അജ്ഞാതമായ ഏതോ കുഴിമാടത്തില്‍ ശിരസ്സില്ലാത്ത ആ ശരീരം അടക്കം ചെയ്തിട്ടുണ്ടാവും. ആ ധീരന്റെ പോരാട്ടങ്ങളില്‍ പ്രചോദിതരായി നിരവധിപേര്‍ അധിനിവേശ വിരുദ്ധസമരത്തില്‍ പങ്കാളികളായിട്ടുണ്ടാവും. രാമന് നമ്പിക്കു ശേഷം 1820 വരെയും ശക്തമായ പോരാട്ടം നടന്നു എന്നതിന് തെളിവുകളുണ്ട്.
1812 മാര്‍ച്ച് 25ന് ഗണപതി വട്ടത്തിന് (സുല്‍ത്താന്‍ ബത്തേരി) അടുത്തുള്ള കുറിച്യാട് വനമേഖലയിലാണ് രാമന് നമ്പിയുടെ നേതൃത്വത്തില്‍ പോരാട്ടമാരംഭിച്ചത്. നികുതിപിരിവുകാരായ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചായിരുന്നു തുടക്കം. കുപ്പാടിയിലെ ബ്രിട്ടീഷ് സൈനിക പോസ്റ്റ് ആക്രമിച്ച് മുഴുവന്‍ വെള്ളക്കാരെയും കൊലപ്പെടുത്തി. ശേഷം പുല്‍പ്പള്ളി മുരിക്കന്മാര് ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തി. ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ആ പുണ്യസങ്കേതത്തില്‍ വച്ച് വട്ടത്തൊപ്പിക്കാരെ ആട്ടിപ്പായിക്കാനുള്ള പോരാട്ടത്തില്‍ ഇറങ്ങാന്‍ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു.
പ്രക്ഷോഭകാരികള്‍ താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, പാല്‍ചുരം തുടങ്ങിയ വയനാട് അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. അധികാരം പിടിച്ചെടുത്ത ഗോത്രപോരാളികള്ക്കെതിരെ വെള്ളക്കാരന് ആക്രമണമഴിച്ചുവിട്ടു. കുടുംബാംഗങ്ങളെ ബന്ദികളാക്കുകയോ വധിക്കുകയോ ചെയ്തു. വീടുകള്‍ അഗ്നിക്കിരയാക്കി. താമസിയാതെ വയനാടിന്റെ സമ്പൂര്‍ണ്ണമായ നിയന്ത്രണം കമ്പനി സൈന്യം ഏറ്റെടുത്തു.
പിന്നീട് കമ്പനി സൈന്യം രാമന് നമ്പിയുടെ മകനെയും കുടുംബാംഗങ്ങളെയും ബന്ദികളാക്കി കുടക് സൈനിക പോസ്റ്റില്‍ താമസിപ്പിച്ചു. വിവരമറിഞ്ഞ് രാമന് നമ്പി വിശ്വസ്തരായ ആളുകളോടൊപ്പം കുടക് പോസ്റ്റ് ആക്രമിച്ചു. ആ ആക്രമണത്തിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് 1812 ഏപ്രില്‍ 30ന് രാമന് നമ്പി വീരമൃത്യു വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: