തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ വരുതിയില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പോലീസ് വേട്ടയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരായി മൊഴി നല്‍കിയതിന് ഗൂഢാലോചന കേസ് എടുക്കുന്നതും മുഖ്യമന്ത്രിക്ക് എതിരായി നിലപാട് എടുത്തതിന് പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുക്കുന്നതും കണ്ടു.
എ.കെ.ജി സെന്റര്‍ ആക്രമിച്ചവരെ കണ്ടെത്താന്‍ കഴിയാതെ പകരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടവരെ പിടികൂടുന്നത് എന്ത് ന്യായം ആണെന്നും വി.മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ചോദിച്ചു. സൈബര്‍ സ്പേസില്‍ അഭിപ്രായ സ്വാതന്ത്ര്യം പിടിച്ചുകെട്ടാന്‍ നിയമ ഭേദഗതി ആലോചിച്ച സര്‍ക്കാര്‍ സ്ത്രീ സമരങ്ങളെ പോലും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ നിരന്തരം സംസാരിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്ത് നടക്കുന്നത് കൂടി കാണണമെന്നും മന്ത്രി പ്രതികരിച്ചു. എസ്. ഡി. പി. ഐ പ്രവര്‍ത്തകര്‍ എ.കെ.ജി സെന്റര്‍ സന്ദര്‍ശനത്തിന് എത്തിയത് എന്തിന് എന്നതിന് നേതാക്കള്‍ തന്നെ മറുപടി പറയണമെന്നും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: