ഇടുക്കി: ഏലപ്പാറയില്‍ കോഴിക്കാനം എസ്റ്റേറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു. എസ്റ്റേറ്റിലെ ജീവനക്കാരിയായ പുഷ്പയാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയ്ക്കാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് പിന്നിലെ മണ്ണാണ് ഇടിഞ്ഞുവീണത്. സംഭവം അറിഞ്ഞയുടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു.
ഫയര്‍ഫോഴ്സ് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് പുഷ്പയെ കണ്ടെത്താനായത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാല് മണിയ്ക്ക് ലയത്തിലെ അടുക്കളയില്‍ പാചകം ചെയ്യുമ്പോഴാണ് പുഷ്പയുടെ മേലേക്ക് മണ്ണിടിഞ്ഞത്. ഉടന്‍ ലയത്തിലുണ്ടായിരുന്ന ഭര്‍ത്താവും മൂന്നുമക്കളും വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ ഭാഗത്ത് കനത്ത മഴയാണ്. ഇടുക്കി ജില്ലയില്‍ ഇന്നും കനത്ത മഴ സാദ്ധ്യതയുളളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: