കോഴിക്കോട്: ജനവാസ മേഖലയായ വെള്ളയില്‍ ആവിക്കലില്‍ മലിനജല പ്ലാൻ്റ് നിർമിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ പോലീസ് വളഞ്ഞിട്ട് തല്ലി. നാലു തവണ കണ്ണീർവാതക പ്രയോഗവും ഉണ്ടായി.
ഹര്‍ത്താലിനിടെ പോലീസിനു നേര്‍ക്ക് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിനു കാരണമായത്. സമരക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ ആവിക്കല്‍ തോട്ടില്‍ തള്ളിയിട്ടു. ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരക്കാരുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായതിനു പിന്നാലെ പോലീസ് ലാത്തിവീശി. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പോലീസ് നടപടി.
രാവിലെ ഒന്നരമണിക്കൂറോളം സമരക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നിരവധി പേര് അറസ്റ്റിലായി. പ്ലാൻ്റിനെതിരെ മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് ഇന്ന് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലീസ് കാവലിൽ മലിനജല സംസ്കരണ പ്ലാൻ്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാൻ്റ് നിർമാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: