ന്യൂദല്‍ഹി: നാളെ മുതല്‍ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന മലിനീകരണ സാധ്യതയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 2022 ജൂലൈ ഒന്നു മുതല്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയത്.
2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2021 പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി ചട്ടങ്ങള്‍, 2021 ഓഗസ്റ്റ് 12ന് വിജ്ഞാപനം ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ആഘോഷവേളയില്‍, സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഒരു നിര്‍ണായക നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്.
ഐക്യ രാഷ്ട്രസഭ പരിസ്ഥിതി അസംബ്ലി നാലില്‍ ഈ പ്രമേയം അംഗീകരിച്ചത് ഒരു സുപ്രധാന നേട്ടമായിരുന്നു. 2022 മാര്‍ച്ചില്‍ സമാപിച്ച ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലിയുടെ അഞ്ചാം സമ്മേളനത്തില്‍, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആഗോളതലത്തില്‍ നടപടിയെടുക്കുന്നതിനുള്ള പ്രമേയത്തില്‍ സമവായം വികസിപ്പിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപെട്ടു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ ഉള്ള ഇയര്‍ ബഡ്സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീന്‍ (തെര്‍മോകോള്‍), പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്ട്രോ, ട്രേകള്‍, മധുരപലഹാര പെട്ടികള്‍ക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍, സ്റ്റിററുകള്‍ എന്നിവ നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്ക് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിയമപ്രകാരം കുറ്റക്കാരന്‍ അഞ്ചു വര്‍ഷം വരെ തടവൊ 1 ലക്ഷം പിഴയൊ അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്നതാണ്.
ആഗോളതലത്തില്‍ തന്നെ, സമുദ്രാത്തിലുള്‍പ്പെടെ ഭൗമ ജല ആവാസവ്യവസ്ഥകളില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നത് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുന്നു. 2019 ല്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ നാലാമത് പരിസ്ഥിതി അസംബ്ലിയില്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ മലിനീകരണം പരിഹരിക്കുന്നതിനുള്ള പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. ഈ സുപ്രധാന വിഷയത്തില്‍ ആഗോള സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ഇതിലൂടെ ഉയര്‍ത്തിക്കാട്ടി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ബോധവല്‍ക്കരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും, വ്യവസായ മേഖല , കേന്ദ്ര, സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റെഗുലേറ്ററി ബോഡികള്‍, വിദഗ്ധര്‍, പൗര സംഘടനകള്‍, ഗവേഷണവികസന സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി ഇത് സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: