ന്യൂദല്‍ഹി: ഉദയ്പൂറില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാന്‍ തുടങ്ങിയ ക്യാമ്പൈനില് കളക്ട് ചെയ്തത് ഒരു കോടി 30 ലക്ഷം രൂപ. ബിജെപി നേതാവ് കപില്‍ മിശ്രയയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പൈന്. ഒരു ദിവസം പിന്നിടുമ്പോള്‍ ലക്ഷ്യമിട്ടിരുന്ന ഒരു കോടിയും പിന്നിട്ട് സഹായക്യാമ്പൈന് പുരോഗമിക്കുകയാണ്.
ക്രൗഡ്കാഷ് എന്ന വെബ്പോര്‍ട്ടല്‍ വഴിയായിരുന്നു ധനസമാഹരണം. 12,178 പേരില്‍ നിന്നുമായി ഇതുവരെ 1,31,52,408 രൂപ കളക്ട് ചെയ്തു. തുക അധികമായതോടെ കനയ്യലാലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ഈശ്വര്‍ സിങ്ങിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് കപിലിന്റെയും സുഹൃത്തുക്കളുടേയും തീരുമാനം.
നേരിട്ട് ഉദയ്പൂരിലെത്തി കനയ്യയുടെ കുടുംബത്തിന് തുക കൈമാറാനാണ് സംഘാടകരുടെ തീരുമാനം. നിരവധിപേരാണ് കപിലിനെയും അദേഹത്തിന്റെ സഹ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു സമൂഹം കനയ്യലാലിന്റെ കുടുംബത്തിനൊപ്പം നില്ക്കുന്നതില് സന്തോഷമുണ്ടെന്ന് കപില്‍ പ്രതികരിച്ചു.
അതേ സമയം കൊലയാളികളില്‍ ഒരാള്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജേന്ദ്ര സിങ് യാദവ് വെളിപ്പെടുത്തി. ഗൗസ് മുഹമ്മദ്, കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദവാ അത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയിലെ അംഗമാണെന്നും ഇയാള്‍ 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നതായും പരിശീലനം നേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റൊരു പ്രതി റിയാസിന് ഐഎസ് ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈയിടെ എന്‍ഐഎ അറസ്റ്റു ചെയ്ത, ഐഎസ് ഭീകരന് ടോങ്ക സദേശി മുജീബ് അബ്ബാസിയുമായി റിയാസിന് ബന്ധമുണ്ട്. അബ്ബാസിയുമായി 2021ല്‍ മൂന്നു തവണ റിയാസ് ആശയ വിനിമയം നടത്തിയിരുന്നു. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ഐഎസുമായി ബന്ധമുള്ള ചിഹ്നങ്ങളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭീകരര്‍ കനയ്യ ലാലിനെ 26 തവണ കുത്തിയെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 10 കുത്തുകളും കഴുത്തിലാണ്. ഈ കുത്തുകളും അതുവഴി രക്തം വാര്‍ന്നു പോയതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: