തൃശൂർ : നൃത്തത്തെ ജീവതാളമാക്കിയ വില്ലേജ് ഓഫീസറായ ഭർത്താവും അദ്ദേഹത്തോടൊപ്പം ചുവടുവെച്ച് വേദികളിൽ തിളങ്ങുന്ന ഭാര്യയും. മൃദംഗത്തിലും, നൃത്തത്തിലും കഴിവു തെളിയിച്ച രണ്ടു മക്കളും. ഇതാണ് വട്ടപ്പറമ്പത്ത് സുനിൽകുമാർ എന്ന അതുല്യ കലാകാരന്റെ കുടുംബം. തൃശൂരിൽ നടന്ന സംസ്ഥാന റവന്യൂ കലോത്സവത്സവത്തിൽ വച്ച് പുരുഷ വിഭാഗം ഭരതനാട്യത്തിലും, ഓട്ടൻ തുള്ളലിലും ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് ഓഫീസർ വി. സുനിൽ കുമാർ നൃത്തലോകത്ത് സജീവമായിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. ശങ്കരാഭരണം രാഗത്തിലുള്ള ഗണേശവർണ്ണമാണ് തേക്കിൻകാട് മൈതാനത്തിൽ നടന്ന കലോത്സവ വേദിയിൽ ഭരതനാട്യത്തിലൂടെ സുനിൽകുമാർ അവതരിപ്പിച്ചത്.
കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം എന്നു വേണ്ട നൃത്തത്തിലെ സമസ്ത മേഖലയിലും സുനിൽകുമാറിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. ചേറ്റുപുഴയിലുള്ള പ്രസന്ന ബാലനാണ് സുനിൽകുമാറിന്റെ ഗുരു. സുനിലിനോടൊപ്പം ഭാര്യ പ്രിയയും നൃത്തവേദികളിൽ ഭരതനാട്യത്തിന് ചുവടു വെക്കാറുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പ്രിയ തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജി. കരസ്ഥമാക്കിയിട്ടുണ്ട്. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ ഡിപ്ലോമയും ഇവർ നേടി. നൂറുകണക്കിന് കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്ന ശ്രീപ്രിയ കലാവേദിയുടെ സാരഥിയും പ്രിയയാണ്.
കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയ സുനിൽകുമാർ കിരാതം കഥയാണ് അവതരിപ്പിച്ചത്. ഓട്ടൻതുള്ളലിന് മൃദംഗം വായിച്ചത് പ്ലസ് വൺ വിദ്യാർത്ഥിയായ സുനിൽകുമാറിന്റെ മകൻ നന്ദകിഷോറാണ്. പിന്നണി പാടിയത് സുനിൽകുമാറിന്റെ ഭാര്യ പ്രിയയും, ഏഴാം ക്ലാസ് വിദ്യാർത്ഥിയും മികച്ച നർത്തകിയുമായ മകൾ ഗൗരിനന്ദയും ചേർന്നാണ്. 19 വർഷമായി സർക്കാർ ഉദ്യോഗത്തിലുള്ള അരിമ്പൂർ കൈപ്പിള്ളി സ്വദേശിയായ സുനിൽകുമാറും കുടുംബവും ഇപ്പോൾ കോടന്നൂരിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: