കൊച്ചി : പോലീസ് കസ്റ്റഡിയിലിരിക്കെ എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയ്ക്ക് സ്വീകരണം നല്കിയ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി. പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞത്. ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. ഇതൊന്നും അനുവദിക്കാന്‍ പാടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അര്‍ഷോ. വധശ്രമ കേസില്‍ മൂന്നുമാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുമ്പ് കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ കൂടി പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്.
തുടര്‍ന്ന് അര്‍ഷോയെ ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അര്‍ഷോ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഇതിനിടെ മലപ്പുറത്ത് നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത അര്‍ഷോയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
ഇതോടെയാണ് സംഭവം വിവാദമാവുകയും യൂത്ത് കോണ്‍ഗ്രസ് പോലീസിനെ സമീപിച്ചതോടെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അര്‍ഷോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അര്‍ഷോയ്ക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറിയെ ജയിലിലേക്ക് പറഞ്ഞയച്ചപ്പോള്‍ പോലീസ് വെറും നോക്കുകുത്തിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: