കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ്, കൊല്‍ക്കത്ത പരസ്യ നമ്പര്‍ 02/2022 പ്രകാരം മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഊര്‍ജ്ജസ്വലരായ യുവ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് അവസരം. മൈനിങ് (ഒഴിവുകള്‍ 699), സിവില്‍ (160), ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷന്‍ (124), സിസ്റ്റം ആന്റ് ഇഡിപി(67), ബ്രാഞ്ചുകളില്‍ 60% മാര്‍ക്കില്‍ കുറയാതെ ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക് ബിരുദമെടുത്തിരിക്കണം. ഗേറ്റ്-2022 സ്കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്. ആകെ 1050 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.coalindia.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 23 രാവിലെ 10 മണി മുതല്‍ ജൂലൈ 22 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 31.5.2022 ല്‍ 30 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവുണ്ട്.
സിസ്റ്റം ആന്റ് ഇഡിപി ഡിസിപ്ലിനിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐടിയില്‍ 60% മാര്‍ക്കോടെ ബിഇ/ബിടെക് അല്ലെങ്കില്‍ 60% മാര്‍ക്കോടെ എംസിഎ യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ യോഗ്യതാ പരീക്ഷ 55% മാര്‍ക്കോടെ/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരുന്നാല്‍ മതി. 2021-22 വര്ഷയോഗ്യത പരീക്ഷ ആദ്യം തന്നെ വിജയിച്ചവര്‍ക്കും ഇക്കൊല്ലം ഫൈനല്‍ പരീക്ഷയെഴുതിയവര്ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. 2022 ഓഗസ്റ്റ് 31 നകം യോഗ്യത തെളിയിക്കണം.
ഒബിസി നോണ്‍ ക്രീമിലയെല് എസ്സി/എസ്ടി, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. അപേക്ഷാ ഫീസ് നികുതി ഉള്‍പ്പെടെ 1180 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്, കോള്‍ ഇന്ത്യ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
മാനേജ്മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷമാണ് പരിശീലനം. അടിസ്ഥാന ശമ്പളമായ 50,000 രൂപ പരിശീലന കാലം മാസംതോറും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 60,000-180,000 രൂപ ശമ്പള നിരക്കില്‍ E3 ഗ്രേഡില്‍ മാനേജര്‍/എന്‍ജിനീയര്‍/എക്സിക്യൂട്ടീവ് തസ്തികയില്‍ സ്ഥിര നിയമനം നല്‍കും. ഡിഎ, എച്ച്ആര്‍എ, ചികിത്സാലയം, ഗ്രാറ്റുവിറ്റി, പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്. നിയമനം ലഭിക്കുന്നവര്‍ 5 വര്‍ഷത്തെ സര്‍വീസ് ബോണ്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: