തിരുവനന്തപുരം : ലോകകേരള സഭയില്‍ അനിത പുല്ലയിലെത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സ്പീക്കര്‍ എം.ബി. രാജേഷിന് നല്കി. മോന്സന് കേസില്‍ ആരോപണ വിധേയയായ അനിത ലോക കേരള സഭയില്‍ എത്തിയതില്‍ രൂക്ഷ വിമര്‍ശനം ഉയരുകയും സംഭവത്തില്‍ അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഭ ചീഫ് മാര്‍ഷലാണ് സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തരവാദികള്‍ക്കെതിരായ നടപടി സ്പീക്കര്‍ പ്രഖ്യാപിക്കും.
അനിത പുല്ലയില്‍ ലോക കേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയാണെന്നും റിപ്പോര്‍ട്ടുണ്ട്. സഭാ ടിവിക്ക് സാങ്കേതികസഹായം നല്കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. പ്രവീണിന് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്കുന്ന സ്വകാര്യ ഏജന്‍സിയിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് പ്രവീണ്‍ വഴിയാണ് അനിത പുല്ലയില്‍ അകത്ത് കയറിയതെന്ന് വ്യക്തമായത്.
ലോക കേരള സഭചേര്‍ന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ചീഫ് മാര്‍ഷല്‍ പരിശോധിച്ചു. പ്രവീണിനൊപ്പമാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തില്‍ കടന്നത് പ്രവീണിന്റെ ശുപാര്‍ശയിലാണെന്ന് വ്യക്തമാകുന്നത്.
അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന് നോര്‍ക്ക നേരത്തേ അറിയിച്ചിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞത്. എന്നാല്‍ ഡെലിഗേറ്റുകളുടെ പട്ടിക പരിശോധിക്കുന്നതിനായി ഇത് പുറത്തവിടാന്‍ ആവശ്യപ്പെട്ടിട്ടും നോര്‍ക്ക നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹത തുടരുകയാണ്. കൂടാതെ 351 അംഗ ലോക കേരളസഭയില്‍ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
ഓപ്പണ്‍ ഫോറത്തില്‍ ആളുകള്‍ക്ക് പാസ് വാങ്ങി വേണമെങ്കില്‍ പങ്കെടുക്കാം. എന്നാല്‍ പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയില്‍ രണ്ട് ദിവസവും ഈ വരാന്തയില്‍ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകള്‍ക്കും മലയാളം മിഷന് വഴി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓപ്പണ്‍ ഫോറം പാസ് നല്‍കിയത്. അതേസമയം മാധ്യമങ്ങളില്‍ നിന്ന് അനിതയെ സംരക്ഷിക്കാന്‍ സഭാ ടിവി ഓഫീസിനകത്ത് രണ്ടരമണിക്കൂര്‍ ചെലവഴിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത് അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: