ആരായിരിക്കും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും ഉരുത്തിരിഞ്ഞിരുന്നു. പലരുടേയും പേരുകളും ഉയര്‍ന്നുവന്നു. പക്ഷെ, അവസാന നിമിഷം വരേയും സസ്പെന്‍സ് നിലനിര്‍ത്തി, ഒടുവില്‍ ആ പേര് പ്രഖ്യാപിച്ചു. ദ്രൗപദീ മുര്‍മൂ. രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലേക്ക് എന്‍ഡിഎ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിത്വം. ഇന്ത്യന്‍ രാഷ്ട്രീയത്തെ ആഴത്തില്‍ അറിയാന്‍ ഔത്സുക്യം ഉള്ളവരല്ലാതെ അധികമാരും ഈ പേര് കേട്ടിട്ടുണ്ടാവാന്‍ ഇടയില്ല. വ്യക്തിയുടെ പ്രശസ്തിയിലല്ല, അവരുടെ കഴിവില്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് അവര്‍ മുന്നോട്ടുവയ്ക്കുന്ന ആദര്‍ശത്തില്‍ ഉറച്ചുനില്ക്കുന്നവരെ സമാജ സേവനത്തിനായി കണ്ടെത്താനു മറിയാം എന്നതിന് ദ്രൗപദീ മുര്‍മൂ തന്നെ മികച്ച ഉദാഹരണം.
സാന്താള്‍ ഗോത്രത്തിന്റെ പോരാട്ട വീര്യം സിരകളില്‍ നിറച്ചുകൊണ്ടാണ് ദ്രൗപദീ മുര്‍മൂ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. ഭാരതത്തിന്റെ ചേതനയെ അതിന്റെ സാകാര ഭാവത്തില്‍ നിലനിര്‍ത്തുന്നതിന് ഏറെ സംഭാവന നല്കിയവരാണ് ഇവിടുത്തെ ഗോത്ര വിഭാഗങ്ങള്‍. എന്നാല്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരകളിലേക്ക് പരിഗണിക്കാതെ തഴയുകയായിരുന്നു ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഭരണാധികാരികള്‍. ആ തെറ്റ് തിരുത്തുകയാണ് എന്‍ഡിഎ, ദ്രൗപദീ മുര്‍മൂവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചതുപോലെ സമൂഹത്തെ സേവിക്കുന്നതിനും പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അരികുവത്കരിക്കപ്പെട്ടവരുടേയും ശാക്തീകരണത്തിനുമായി സമര്‍പ്പിതമായ ജീവിതമാണ് മുര്‍മൂവിന്റേത്.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം 1997 ല്‍ ഒഡീഷയിലെ റായ്രങ്ക്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി. 2013 ല്‍ റായ്രങ്ക്പൂര്‍ ദേശീയ ഉപദേശക സമിതി വൈസ് പ്രസിഡന്റായി. ബിജെപിയുടെ എസ് ടി മോര്‍ച്ച ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചു. റായ്രങ്ക്പൂരില്‍ നിന്ന് രണ്ട് വട്ടം നിയമസഭയിലെത്തി. ഒഡീഷയിലെ ബിജെപി-ബിജെഡി സര്‍ക്കാരില്‍ 2000 മാര്‍ച്ച് ആറ് മുതല്‍ 2002 ആഗസ്ത് ആറ് വരെ ഗതാഗത സഹമന്ത്രിയായി. തുടര്‍ന്ന് 2004 മെയ് 16 വരെ മൃഗക്ഷേമ വകുപ്പ് മന്ത്രിയുമായി. 2007 മികച്ച നിയമസഭാ സാമാജികര്‍ക്കുള്ള പണ്ഡിറ്റ് നീലകണ്ഠ പുരസ്കാരത്തിനും അര്‍ഹയായി. 2015-2021 കാലയളവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായും പ്രവര്‍ത്തിച്ചു. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവിഭാഗക്കാരി എന്നീ നേട്ടങ്ങളും മുര്‍മൂവിന് സ്വന്തം.
സമൂഹത്തിന്റെ പൊതുധാരയില്‍ ശോഭിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസം മകള്‍ക്കു നല്കുന്നതില് ദ്രൗപദീ മുര്‍മൂവിന്റെ പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു മുന്‍കൈ എടുത്തിരുന്നു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജില്‍ നിന്നും ബിരുദം നേടി. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന-വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഹോണററി അസിസ്റ്റന്റ് ടീച്ചറായും സേവനമനുഷ്ഠിച്ചു.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് ഭാരത ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തും. സര്‍വ്വ സൈന്യാധിപയാകുന്ന ആദ്യത്തെ വനവാസി. ഒപ്പം രണ്ടാമത്തെ വനിതാ രാഷ്ട്രപതിയെന്ന ഖ്യാതിയും. ഒഡീഷയില്‍ നിന്നുള്ള ആദ്യത്തെ പ്രസിഡന്റും. ചരിത്രം പിറക്കുക പലപ്പോഴും സുപ്രധാനമായ ഒരു തീരുമാനത്തില്‍ നിന്നാകും. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഗോത്ര കലാപങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സാന്താള്‍ കലാപത്തില്‍ ഉയിര്‍കൊടുത്ത, സാന്താള്‍ ഗോത്രവിഭാഗത്തിന്റെ പിന്ഗാമികളില് ഒരാളാണ് ഭാരതത്തിന്റെ പ്രഥമവനിതയാകാന്‍ ഒരുങ്ങുന്നത്.
ജീവിതരേഖ
ജനനം 1958 ജൂണ്‍ 20 ന് ഒഡീഷ മയൂര്‍ഭഞ്ജിലെ ബൈദാപോസി ഗ്രാമത്തില്‍. അച്ഛനും മുത്തച്ഛനും ഗ്രാമത്തലവന്മാരായിരുന്നു. ദുരന്തങ്ങളിലൂടെ കടന്നുപോയ വ്യക്തിജീവിതം. അകാലത്തില്‍ ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനേയും രണ്ട് ആണ് മക്കളേയും നഷ്ടപ്പെട്ടു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗം.ഇതിന്റെ സങ്കടം മാറുന്നതിന് മുമ്പ് മൂത്ത മകന് ലക്ഷ്മണിനേയും ദ്രൗപദിക്ക് നഷ്ടമായി. 2009ലായിരുന്നു ഈ മരണം. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. . 2012ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും നഷ്ടമായി.ഏക മകള്‍ ഇതിശ്രീ. മരുമകന്: ഗണേഷ് ഹെംബ്രാം.
എതിര്‍പക്ഷത്ത് യശ്വന്ത് സിന്‍ഹ
ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദീ മുര്‍മൂവിന്റെ എതിരാളി മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയാണ്. 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് പാര്‍ട്ടിയില്‍ നിന്നും മാറി നിന്ന ശേഷമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വാജ്പേയി സര്‍ക്കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
പാട്നയിലെ കായസ്ഥ കുടുംബത്തില്‍ 1937 നവംബര്‍ ആറിന് ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. 1960 ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം 1984 ല്‍ ജനതാ പാര്‍ട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്. 1989 ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ ജനറല്‍സെക്രട്ടറിയായി. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ 1990 നവംബര്‍ മുതല്‍ 1991 ജൂണ്‍ വരെ ധനകാര്യ മന്ത്രിയായി. 1998 ല്‍ വാജ്പേയ് മന്ത്രിസഭയിലും അംഗമായി. 2002ല്‍ വിദേശകാര്യ സഹമന്ത്രി. ബിജെപിയില്‍ അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടും 2018 ല്‍ ബിജെപി വിട്ടു തൃണമൂലില്‍ ചേര്‍ന്നു. രാഷ്ട്രപതി സ്ഥാനം മോഹിച്ചുകൊണ്ട് പൊടുന്നനെ തൃണമൂല്‍ കോണ്‍ഗ്രസുകാരനല്ലാതാകാനും മടി കാണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: