മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. അദ്ദേഹത്തിനൊപ്പമെന്ന് അവകാശപ്പെട്ടിരുന്ന, കൂടുതല്‍ എംഎല്‍എമാര്‍ വിമത പക്ഷത്തേക്ക് ഒഴുകുകയാണ്. ഇപ്പോള്‍ ശിവസേനയിലെ 55 എംഎല്‍എമാരില്‍ 40 പേരും മന്ത്രിയും വിമതരുടെ നേതാവുമായ ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണ്. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ വേണ്ടി വന്നാല്‍ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് പ്രഖ്യാപിച്ചു. അതിനിടെ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുമുണ്ട്.
തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്ന് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ ഹിന്ദുത്വ ആദര്ശങ്ങള്ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നിന്ന് ആസാമിലേക്ക് പോയ വിമതര്‍ അവിടെ സുരക്ഷിത കേന്ദ്രത്തിലാണ്. വികാരപരമായ പ്രസംഗം നടത്തി വിമതരില്‍ ഏതാനും പേരെയെങ്കിലും കൂടെ എത്തിക്കാനും അങ്ങനെ സര്‍ക്കാരിനെ നിലനിര്‍ത്താനും ഷിന്‍ഡെ വഞ്ചിച്ചു എന്ന തോന്നലുണ്ടാക്കി ജനങ്ങളില്‍ രോഷംവളര്‍ത്താനും ഉദ്ധവ് ശ്രമിച്ചെങ്കിലും അത് പൊളിഞ്ഞു. ഇതിന്റെ ഭാഗമായി വൈകിട്ട് ഉദ്ധവ് ജനങ്ങളോടായി ഒരു പ്രസംഗം നടത്തി.
ഏതെങ്കിലും എംഎല്‍എ ഉദ്ധവ് തുടരരുതെന്ന് പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കുമെന്നായിരുന്നു ട്വിറ്റര്‍ വഴിയുള്ള പ്രഖ്യാപനം. രാജിക്കത്ത് തയ്യാറാണ്, എന്നോട് എതിര്‍പ്പുള്ള എംഎല്‍എമാര്‍ വന്ന് അത് വാങ്ങി രാജ്ഭവനില്‍ എത്തിച്ചാല്‍ മതി എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയായതെന്നും സ്വന്തം വീടായ മാതോ ശ്രീയിലേക്ക് ഉടന്‍ മാറുമെന്നും ഉദ്ധവ് പ്രസംഗത്തില്‍ പറഞ്ഞു.
അതിനിടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചില നടപടികളും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ ട്വിറ്റര്‍ അക്കൗണ്ടിലെ മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയെന്ന വാക്ക് എടുത്തുകളഞ്ഞു. ഉദ്ധവ് താക്കറെ രാത്രി ഒന്‍പതരയോടെ ഔദ്യോഗിക വസതിയായ വര്ഷയില് നിന്ന് സ്വന്തം വീടായ മാതോ ശ്രീയിലേക്ക് താമസം മാറ്റി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് കത്തു നല്കാന് ഉദ്ധവിന് സാധിക്കുമെന്നായിരുന്നു മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റൗത്തിന്റെ ഭീഷണി.
ഇതിനിടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ രക്ഷിക്കാനുള്ള അവസാന തന്ത്രവും പാളി. വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വാഗ്ദാനം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഷിന്‍ഡെ തള്ളി. ശരദ് പവാറും മകള്‍ സുപ്രിയ സൂലെയും ഉദ്ധവിന്റെ വസതിയില്‍ എത്തി അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയ ശേഷം പവാറാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ തന്നെ ഷിന്‍ഡെ അത് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: