ഏറെ കോളിളക്കം സൃഷ്ടിച്ച തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചത് ക്രമക്കേട് നടത്തിയവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തം. നടപടികളില്‍ വീഴ്ചയൊന്നും സംഭവിച്ചതിന് തെളിവില്ലെന്നു കണ്ടെത്തിയാണത്രേ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നത്. സസ്പെന്‍ഷനിലായവരില്‍ രണ്ട് പേര് വിരമിച്ചിരുന്നു. അവശേഷിക്കുന്നവരില്‍ ഏഴ് പേര്‍ക്ക് ജില്ലയ്ക്ക് പുറത്ത് നിയമനം നല്‍കാനാണ് തീരുമാനം. മറ്റുള്ളവര്‍ കരുവന്നൂര്‍ ബാങ്കില്‍ തന്നെ പഴയതുപോലെ തുടരും. ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ മതിയായ തെളിവുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ഇവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നു എന്നാണ് സഹകരണവകുപ്പിന്റെ ഉത്തരവിലുള്ളത്. അതേസമയം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയാണ് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുന്നതെന്നും പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് നടപടികളില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് സസ്പെന്ഷന് പിന്‍വലിക്കുകയാണെന്നു പറയുമ്പോള്‍ തന്നെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണ കമ്മീഷന് കണ്ടെത്തിയെന്ന് പറയുന്നതില്‍ പൊരുത്തക്കേടുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിത്യേനയെന്നോണം നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് മറയിടുന്നതിന്റെ ഭാഗമാണ് കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്ഷന് പിന്‍വലിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്നും, കോടികളുടെ തട്ടിപ്പ് നടന്ന കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നും കരുവന്നൂര്‍ ബാങ്കിലെ തിരിമറികള്‍ക്കെതിരെ പരാതിപ്പെട്ടയാള്‍ പറയുന്നതാണ് ശരി. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്ന ആവശ്യവുമായി പരാതിക്കാരന് മുന്നോട്ടുപോകുകയാണ്. തട്ടിപ്പുകാരില്‍നിന്ന് എങ്ങനെ പണം ഈടാക്കണമെന്ന് കാണിച്ച് വിദഗ്ദ്ധ സമിതി സഹകരണ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഭരണസമിതിയംഗങ്ങളുടെയും ഇല്ലാത്ത ഈട് കാണിച്ച് വന്‍തുക വായ്പയെടുത്തവരുടെയും വസ്തുവഹകള്‍ കണ്ടുകെട്ടി വിറ്റഴിച്ച് ബാങ്കിലേക്ക് മുതല്‍ക്കൂട്ടണമെന്നാണ് ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എട്ട് മാസമായിട്ടും നടപടിയൊന്നും എടുക്കാതെ അത് പൂഴ്ത്തിവയ്ക്കുകയാണ് സഹകരണവകുപ്പ് ചെയ്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്‍വലിക്കാനുള്ള തീരുമാനമെന്നും പരാതിക്കാര്‍ കരുതുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. അംഗങ്ങള്‍ ഈടു നല്കിയ വസ്തു വച്ച് ഭരണസമിതിക്കാര് വന്‍തുകകള്‍ നേടിയെന്ന വിവരം കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിനെ സഹായിക്കാന്‍ കണ്‍സോര്‍ഷ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ മറ്റ് സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാക്കേണ്ടിവരുമെന്നതിനാല്‍ പ്രഖ്യാപനം വെറുംവാക്കായി.
കരുവന്നൂര്‍ ബാങ്കിന്റെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളത് പാര്‍ട്ടി നേതാക്കളുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം നേതാക്കളും സഹകരണ വകുപ്പും ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയെങ്കിലും അതൊക്കെ വെറുംവാക്കായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. പാര്‍ട്ടിയുടെ ഭാഗമായി നിന്ന് സാമ്പത്തിക തട്ടിപ്പു നടത്തുന്നവരെ എന്തുവില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് സിപിഎമ്മിന്റെ നയം. പാര്‍ട്ടിയും ഇത്തരം തട്ടിപ്പുകളുടെ ഗുണഭോക്താവാകുന്നതാണ് ഇതിനു കാരണം. കരുവന്നൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പലതും പണം തിരിമറികളുടെ കേന്ദ്രങ്ങളാണ്. നോട്ട് നിരോധന കാലത്ത് ജനങ്ങള്‍ അത് കാണുകയും ചെയ്തു. പാര്‍ട്ടി നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കാനും, കള്ളപ്പണം വെളുപ്പിക്കാനുമുള്ള സുരക്ഷിത ഇടമായും സഹകരണ ബാങ്കുകളെ കൊണ്ടുനടക്കുന്നു. പണം തട്ടിപ്പിന് സഹായമാവുന്ന വിധത്തില്‍ ഒരേ ഭരണസമിതിയെ തന്നെ നിലനിര്‍ത്തുന്നു. ഒരുതരത്തിലുള്ള പരിശോധനയും അനുവദിക്കില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പോലും അവഗണിക്കും. സാമ്പത്തികത്തട്ടിപ്പിന്റെ സഹകരണ മാതൃകയാണിത്. താക്കോല്‍ സ്ഥിരമായി കള്ളന്റെ കൈവശമായാല്‍ കളവ് സ്വാഭാവികമായിരിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: