ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പഴയ ഒപി ചീട്ട് കൗണ്ടറിന് മുമ്പില്‍ കിടന്നു മരിച്ചയാള്‍ അനാഥന് തന്നെ.
ശനിയാഴ്ച രാവിലെ 8 നാണ് ഇവിടെ 65 വയസ്സു തോന്നിക്കുന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി മൃതദേഹം അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്ലൂന്നി സ്വദേശിയാണെന്നു രൂപസാദൃശ്യം കൊണ്ട് മനസിലാക്കി. വിവരം വാര്‍ഡ് മെമ്പര്‍ ലൂക്കോസിനെ അറിയിച്ചു. ഇദ്ദേഹം ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തി മരിച്ചത് ആര്‍പ്പൂക്കര വില്ലൂന്നി കാഞ്ഞിരക്കോണത്ത് വീട്ടില്‍ ബേബി (67) ആണെന്നു തിരിച്ചറിഞ്ഞു.
നാളുകളായി വീട്ടില്‍ നിന്നും പിണങ്ങി അകന്നു കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. തുടര്‍ന്ന് പോലീസെത്തി സഹോദരന് ജൂബിയേയും കൂട്ടി അത്യാഹിത വിഭാഗത്തിലെത്തി. അത്യാഹിത വിഭാഗത്തില്‍ കണ്ട മൃതദേഹം തന്റെ സഹോദരന് ബേബിയുടേതാണെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ഏഴാം വാര്‍ഡ് മെമ്പര്‍ ലൂക്കോസിന്റെ സാന്നിദ്ധ്യത്തില്‍ പോലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം, വൈകിട്ട് 4ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്കാരം നടത്തുവാനുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നു.
പിന്നീടാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്. ശനിയാഴ്ച സന്ധ്യയ്ക്ക് മെഡിക്കല്‍ കോളജ് കുരിശ് കവലയിലുള്ള ഫ്ളോറല്‍ പാര്‍ക്ക് ബാറില്‍ ഇരുന്ന് ബേബി മദ്യപിക്കുന്നത് നാട്ടുകാര്‍ കണ്ടു. അതിലൊരാള്‍ മാധ്യമ പ്രവര്‍ത്തകര്‍ വഴി ഗാന്ധിനഗര്‍ എസ്എച്ച്ഒയെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് ബാറിലെത്തി ബേബിയെ കണ്ട ശേഷം അദ്ദേഹത്തിന്റെ സഹോദരനെ വിളിച്ചു വരുത്തി. ബാറിലിരിക്കുന്നത് തന്റെ സഹോദരന് ബേബിയാണെന്ന് ഉറപ്പു വരുത്തി. രാവിലെ മെഡിക്കല്‍ കോളജ് 125-ാം കൗണ്ടറിന് മുമ്പിന് മരിച്ചു കിടന്നിരുന്ന ആള് ബേബി അല്ലയെന്നും പോലീസ് സ്ഥിരീകരിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ബേബി പഴയതു പോലെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിലേയ്ക്ക് ഉറങ്ങുവാനും പോയി.
ബേബി മരിച്ചെന്ന രീതിയില്‍ വീട്ടിലും ഇടവക പള്ളിയിലും അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ക്കുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ബേബി ജീവനോടെ മെഡിക്കല്‍ കോളേജ് വഴി നടക്കുന്നു. ബേബി പതിവു രീതി തുടരട്ടെ. പക്ഷെ എന്തായാലും ഇനി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആരുടേതെന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്വം ഗാന്ധിനഗര്‍ പോലീസിന്റെ തലയിലുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: