അനീഷ് കെ.അയിലറ
കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്കു അടിത്തറയിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്. പി.എന്‍ പണിക്കര്‍ പതിനേഴാമത്തെ വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് സ്വന്തം ഗ്രാമമായ നീലംപേരൂരില്‍ ‘സനാതനധര്‍മ്മം’ വായനശാല ആരംഭിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്നു കേരളത്തിലങ്ങോളമിങ്ങോളം വായനശാലകള്‍ ആരംഭിക്കുന്നതിനു നേതൃത്വം കൊടുത്തു. 1945ല്‍ 47 ഗ്രന്ഥശാലകള്‍ ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിച്ചു.സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാന് സര് സി.പി രാമസ്വാമി അയ്യരായിരുന്നു.
1947 ല്‍ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം രൂപീകരിച്ചു. 1957 ല്‍ കേരളാ ഗ്രന്ഥശാലാ സംഘം രൂപം കൊണ്ടു. പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വായനശാലകള്‍ ഉണ്ടാക്കുന്നതിനുള്ള വിജയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. 1970 ല്‍ പാറശ്ശാല മുതല്‍ കാസര്‍കോടു വരെ കാല്‍നടയായി അദ്ദേഹം ഒരു സാംസ്കാരിക ജാഥ നയിച്ച് ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന ആശയം കേരളത്തിലാകെ പ്രചരിപ്പിച്ചു. കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ഏതെങ്കിലുമൊരു പുസ്തകം വായിച്ചു ചര്‍ച്ച ചെയ്യുന്ന കുടുംബ വായനയെന്ന അദ്ദേഹത്തിന്റെ ആശയം വഴി കൂടുതല്‍ ആളുകളെ പുസ്തവായനയിലേക്ക് അടുപ്പിക്കുവാന്‍ കഴിഞ്ഞു. 1995 ജൂണ്‍ 19 നു പി.എന്‍ പണിക്കര്‍ അന്തരിച്ചതിനു അടുത്ത വര്‍ഷം മുതലാണ് വായനാദിനം ആചരിച്ചു തുടങ്ങിയത്.
വിദ്യാര്‍ത്ഥികളില്‍ പഠനം പുരോഗതിപ്രാപിക്കുന്നതിനും സ്വഭാവരൂപീകരണത്തിനും അച്ചടക്കം ഉണ്ടാക്കുന്നതിനും അവശ്യം വേണ്ടത് വായനയാണ്. നമുക്ക് പുതിയ അറിവുകള്‍, പുതിയ ചിന്തകള്‍ പുതിയ ആശയങ്ങള്‍ ഇതൊക്കെ ഉണ്ടാകണമെങ്കില്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കണം. പഠിക്കുന്ന പുസ്തകങ്ങള്‍ മാത്രമല്ല പത്രങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കണം. ജീവിതത്തില്‍ ഉന്നത വിജയം നേടിയവരുടെ ആത്മകഥകള്‍ വായിക്കണം. അവരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതെന്ന് പഠിക്കണം. ഫ്രാന്‍സിസ് ബേക്കണിന്റെ അഭിപ്രായത്തില്‍ ചില പുസ്തകങ്ങള്‍ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂര്‍വ്വം ചില പുസ്തകങ്ങള്‍ ചവച്ചരച്ച് ദഹിപ്പിക്കേണ്ടതാണ്.
കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ പുത്തകം എന്നാണ് വിളിച്ചിരുന്നത്. പുത്തന്‍ കാര്യങ്ങള്‍ അകത്തുള്ളതാണ് പുത്തകം. അദ്ദേഹം പറഞ്ഞു,എല്ലാവരും നിര്‍ബന്ധമായും വായിക്കേണ്ട രണ്ടു പുസ്തകങ്ങളുണ്ട്. ഒന്ന് അവനവനെത്തന്നെ. രണ്ട് നമുക്കു ചുറ്റുമുള്ള പ്രകൃതിയെ.
നന്നായി വായിക്കുന്ന ഒരാള്‍ക്ക് നന്നായി എഴുതുവാന്‍ കഴിയും, നന്നായി സംഭാഷണം ചെയ്യുവാനും സാധിക്കും. ശരീരം പുഷ്ടിപ്പെടാന്‍ ആഹാരം ആവശ്യമുള്ളതുപോലെ മനസ്സിന്റെ ആരോഗ്യത്തിനു വായന അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് മനസ്സിന്റെ ഭക്ഷണമാണ് വായന എന്നു പറയുന്നത്.എന്തു വായിച്ചു എന്നതല്ല പ്രധാനം. വായിച്ച ഗ്രന്ഥങ്ങളില്‍ നിന്ന് എന്തു നേടി എന്നതാണ്. പുസ്തങ്ങള്‍ ഓടിച്ചു വായിക്കുന്നവരുണ്ട്, രുചിച്ച് വായിക്കുന്നവരുണ്ട്. എന്നാല്‍ രസിച്ച് വായിച്ച് ഗ്രഹിക്കുന്നതാണ് ഏറ്റവും അഭിലഷണീയം. വളരെ വായിച്ചില്ലെങ്കിലും വഴിയേ വായിക്കുകയാണ് വേണ്ടത്.അതായത് ത്യാജ്യ ഗ്രാഹ്യ വിവേചനത്തോടെ വസ്തുതകള്‍ വായിച്ച് ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടത്. തെളിഞ്ഞ വായനയിലൂടെ മാത്രമേ മനുഷ്യത്വവും മനുഷ്യസ്നേഹവും സഹവര്‍ത്തിത്വവും സഹാനുഭൂതിയും കരുണയുമൊക്കെ ഒരാളില്‍ ജന്മമെടുക്കുകയുള്ളൂ. അതുകൊണ്ടാണ് ‘പുസ്തകം വായിച്ചു വളരാത്തവന്‍ വെറും മൃഗമാണ് ‘ എന്നു ഷേക്സ്പിയര് പറഞ്ഞത്.
പുസ്തകങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരയില്‍ നിന്നു പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്.വായനയെന്നത് ഒരര്‍ത്ഥത്തില്‍ കണ്ണു തുറന്നുകൊണ്ടുള്ള സ്വപ്നം കാണലാണ്. വായനയിലൂടെ ഒരാള്‍ ആയിരക്കണക്കിനു ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്ത ഒരാള്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു.
ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് ഓരോ പുസ്തകങ്ങളും പകര്‍ന്നു തരുന്നത്. ഒരു എഴുത്തുകാരന് വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച അറിവും അനുഭവവുമാണ് ഒരു വായനക്കാരന് കുറച്ചു സമയത്തെ പ്രയത്നംകൊണ്ട് സ്വായത്തമാക്കുന്നത്. അതുകൊണ്ട് ഈ -പുസ്തകങ്ങളുടെ കാലത്തും നമുക്ക് വായനയെ ചങ്ങാതിയായി കൂടെ കൂട്ടി പി.എന്‍ പണിക്കരുടെ സ്വപ്നം സാക്ഷാത്കരിക്കാം. പുസ്ത വായന നമ്മെ ലോകവുമായി ബന്ധിപ്പിക്കുക മാത്രമല്ല അതിരില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വലിയ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുക കൂടി ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: