കണ്ണൂര്‍ : വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിച്ചെന്ന കേസില്‍ സ്കൂള്‍ അധ്യാപകന് ഫര്സീന് മജീദിന് ജോലി നഷ്ടപ്പെടും. ഇയാളെ സ്കൂളില്‍ നിന്നും പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും നടപടി.
ഫര്സീന് മജീദ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാള്‍ ജോലി ചെയ്തിരുന്ന മട്ടന്നൂര്‍ യുപി സ്കൂളില്‍ നിന്നും സസ്പെന്‍ഡും ചെയ്തിരിക്കുകയാണ്. എന്നാല്‍ നിയമന യോഗ്യതാചട്ടം പൂര്‍ത്തിയാക്കാതെയാണ് ഫര്സീന് മജീദ് ജോലി നേടിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷയായ കെ- ടെറ്റ് ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൊതു വിദ്യാഭ്യാസ ഡയര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫര്സീന് മജീദിന് ടിടിസി യോഗ്യതയാണ് ഉള്ളത്. 2019 ജൂണ്‍ ആറിനാണ് ഇയാള്‍ സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. കോവിഡിനെ തുടര്‍ന്ന് 2019, 2020 വര്‍ഷങ്ങളില്‍ അധ്യാപകരായി ചേര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാല്‍ 2021 മാര്‍ച്ച് 16ന് ഫര്സീന് മജീദിന്റെ നിയമനത്തിന് അംഗീകാരവും ലഭിച്ചു. എന്നാല്‍ 2022 മാര്‍ച്ച് 15ന് മുമ്പ് കെ-ടെറ്റ് പാസാകാത്തതിനാല് ഇദ്ദേഹത്തിന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചിട്ടില്ല. കെ-ടെറ്റ് പാസാകാത്ത അധ്യാപകര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റും ഉണ്ടാകില്ല.
അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഫര്സീന് മജീദ് അധ്യാരപകനായുള്ള സ്കൂളില്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കില്ലെന്ന് രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് മാനേജ്മെന്റ് ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നടപടികള്‍ കൈക്കൊള്ളുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഫര്സീന് മജീദിനെതിരെ പോലീസും നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹമുള്‍പ്പെട്ട വിവിധ മുന്‍കാല കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: