കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധിച്ച നടന് ഹരീഷ് പേരടിയെ പരിപാടികളില്‍ നിന്നും ഒഴിവാക്കി ഇടത് സാംസ്കാരിക സംഘടനയായ പു.കാ.സ. നാടക പ്രവര്ത്തകന് എ. ശാന്തന്റെ സ്മരണാര്‍ത്ഥം അദേഹത്തിന്റെ സുഹൃത്ത്സംഗമ പരിപാടിയില്‍ നിന്നുമാണ് ഹരീഷിനെ വിലക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി നടനും രംഗത്തുവന്നിട്ടുണ്ട്.
ജൂണ്‍ 16ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചിരുന്ന ശാന്തനോര്‍മ്മ2022 എന്ന പരിപാടിയുടെ ഉദ്ഘാടകനായി ഹരീഷ് പേരടിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ വേദിയിലേക്കുള്ള യാത്രമധ്യേ പരിപാടിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി അദേഹത്തെ സംഘാടകര്‍ അറിയിക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഒഴിവാക്കുകയാണെന്നായിരുന്നു പു.ക.സ നല്കിയ വിശദീകരണം.
മുഖ്യമന്ത്രിയുടെ പരിപാടികളില്‍ നിന്നും കറുത്ത വസ്ത്രവും മാസ്കും വിലക്കിയതിനെതിരെ പ്രതിഷേധവുമായി ഹരീഷ് പേരടി രംഗത്തുവന്നിരുന്നു. കറുത്ത മാസ്കും വസ്ത്രവും ധരിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അദേഹം പോലീസ് നടപടിയെ നിശിദമായി വിമര്‍ശിച്ചു. ‘ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധം’ എന്നായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്.
സുഹൃത്തിന്റെ അനുസ്മരണത്തില്‍ നിന്നും തന്നെ ഒഴിവാക്കിയ ഇടതു സംഘടനയുടെ നടപടിയെ നടന് ശക്തമായി വിമര്‍ശിച്ചു. “ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’നാടകംപെരുംകൊല്ലന്‍…” അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: