തുടര്‍ച്ചയായി മൂന്നാം ദിവസവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെ ഇ ഡി ചോദ്യം ചെയ്തതോടെ നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസ് വീണ്ടും സജീവ ചര്‍ച്ചയായി. 1938ല്‍ ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ചതാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം. കെ രാമറാവു ആയിരുന്നു പ്രഥമ എഡിറ്റര്‍. 5000 സ്വാതന്ത്ര്യ സമരസേനാനികളെ ഓഹരിയുടമകളാക്കിക്കൊണ്ട് 1937ല്‍ തുടങ്ങിയ അസോസിയേറ്റഡ് ജേണല്‍സാണ് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകര്. 1942ല്‍ ബ്രിട്ടീഷ് ഭരണകൂടം അടച്ചുപൂട്ടിയ പത്രം 45ല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2008ല്‍ അടച്ചുപൂട്ടി. തുടര്‍ന്നാണ് ഇതിന്റെ സ്വത്ത് അടിച്ചുമാറ്റാന്‍ സോണിയയും മറ്റും നീക്കമാരംഭിച്ചത്. സോണിയയും രാഹുലും പ്രധാന ഓഹരിയുടമകളായി 2010ല്‍ യങ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ചാരിറ്റിയാണ് തങ്ങളുടെ ദൗത്യമെന്നാണ് യങ് ഇന്ത്യ പറഞ്ഞതെങ്കിലും അത്തരമൊന്നും അവര്‍ ചെയ്തിരുന്നില്ല. വെറും അഞ്ചു ലക്ഷം രൂപയായിരുന്നു ഇതിന്റെ മൂലധനം.
ആസ്തി ഏറ്റെടുത്തു
നാഷണല്‍ ഹെറാള്‍ഡിന്റെയും നടത്തിപ്പുകാരായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെയും (എജെഎല്‍) കോടികളുടെ ആസ്തി ബാധ്യതകള്‍ നിസ്സാര വിലയ്ക്ക് സോണിയയും രാഹുലും അടക്കമുള്ള ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കി. യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയയുടേയും രാഹുലിന്റെയും പേരിലാണ്. മൊത്തം 76 ശതമാനം. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചു.
സോണിയ, മക്കളായ രാഹുല്‍, പ്രിയങ്ക വാദ്ര എന്നിവര്‍ പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് ഇപ്പോഴുള്ളത് 800 കോടി രൂപയുടെ ആസ്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 2010ല്‍ അഞ്ചു ലക്ഷം രൂപയുടെ ഓഹരി മൂലധനമായാണ് കമ്പനി ആരംഭിച്ചത്. രാഹുലിനു മാത്രം യങ് ഇന്ത്യയില്‍ 154 കോടി രൂപയുടെ ഓഹരികളുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 68 ലക്ഷം രൂപയുടെ ഓഹരികളാണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 2011-12 വര്‍ഷത്തില്‍ യങ് ഇന്ത്യന്‍ 249.15 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് ആദായനികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.
കുറഞ്ഞത് 2000 കോടിയുടെ സ്വത്താണ് അസോസിയേറ്റഡ് ജേണല്സിനുണ്ടായിരുന്നത്. ഒപ്പം 90.25 കോടിയുടെ ബാധ്യതയും. ഈ ബാധ്യതയും ആസ്തിയും യങ് ഇന്ത്യ ഏറ്റെടുത്തു. വെറും 50 ലക്ഷം രൂപ മാത്രം നല്‍കിയായിരുന്നു ഈ ഏറ്റെടുക്കല്‍.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) ഉടമസ്ഥതയിലുള്ള ദല്‍ഹി, മുംബൈ, പഞ്ച്കുല, ലഖ്നൗ, പട്ന എന്നീ പ്രധാന നഗരങ്ങളിലെ ഓഫീസുകള്‍ 2008ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയതോടെ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായത്തോടെയാണ് തുച്ഛമായ തുകയ്ക്ക് ഈ സ്വത്തുക്കള്‍ ഏറ്റെടുത്തത്. അതായത് വെറും 50 ലക്ഷം രൂപയ്ക്ക്, 2000 കോടി രൂപയുടെ സ്വത്താണ് ഏറ്റെടുത്തത്. യങ് ഇന്ത്യ എജെഎല്‍ ഏറ്റെടുത്തത് ചോദ്യം ചെയ്ത് ദല്‍ഹി ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച 2017ലെ മൂല്യനിര്‍ണയ റിപ്പോര്‍ട്ടില്‍ ഈ വിശദാംശങ്ങളുണ്ട്.
ഈ ഏറ്റെടുക്കലിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 2013ല്‍ ഡേ. സുബ്രഹ്മണ്യന് സ്വാമിയാണ് ഹര്‍ജി നല്‍കിയത്. അതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ രാഹുലിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സോണിയയ്ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: