അഴിമതി ആഘോഷമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്സ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയായ കോണ്‍ഗ്രസ്സ് നേതാവ് രാഹുലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ ദല്‍ഹിയിലും മറ്റിടങ്ങളിലും ഒത്തുചേര്‍ന്ന കോണ്ഗ്രസ്സുകാര് ഇങ്ങനെയൊരു പ്രതീതിയാണ് സൃഷ്ടിച്ചത്. എന്തിനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നു പോലും അറിയാത്തവരായിരുന്നു ബഹുഭൂരിപക്ഷവും. വിലക്കയറ്റത്തിനെതിരെ സമരം ചെയ്യാനെന്നായിരുന്നു ചിലരുടെ പ്രതികരണം. ദല്‍ഹിയിലുള്ള രാഹുലിനെ നേരില്‍ കാണാനെന്നായിരുന്നു ഹൈദരാബാദിലെ കോണ്ഗ്രസ്സുകാര് പറഞ്ഞത്! അഴിമതിക്കേസിലെ പ്രതിയായ നേതാവിനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന വസ്തുത മറച്ചുവച്ച് ആളുകളെ വാടകയ്ക്കു കൊണ്ടുവന്ന് അണിനിരത്തുകയായിരുന്നു. ഇ ഡിയുടെ ഓഫീസില്‍ അവര്‍ പറയുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതിനു പകരം നിരോധനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് പ്രകടനമായി എത്തിയ നടപടി തരംതാണതായിരുന്നു. അഴിമതിക്കേസില്‍ പ്രതികളായ നെഹ്റു കുടുംബാംഗങ്ങളോട് കൂറു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടിയത് ഇതിന്റെ തുടര്‍ച്ചയായേ കാണാനാവൂ. തങ്ങള്‍ക്ക് ആരെയും പേടിയില്ലെന്ന് വീമ്പിളക്കിയ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ തന്നെ പോലീസില്‍നിന്ന് ഓടിയൊളിക്കുന്ന കാഴ്ച കാണികളില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സ്വാതന്ത്ര്യസമര സേനാനികളില്നിന്ന് സ്വരൂപിച്ച പണം കൊണ്ട് പ്രസിദ്ധീകരണം ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ സ്വത്ത് നെഹ്റു കുടുംബത്തില്‍പ്പെട്ട സോണിയയും മക്കളായ രാഹുലും പ്രിയങ്കയും ചില വിധേയന്മാരും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് കേസ്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നാഷണല്‍ ഹെറാള്ഡിനുള്ള 2000 കോടിയുടെ സ്വത്ത് അതിന്റെ ഉടമസ്ഥതയിലുള്ള എജെഎല്ലില്‍ നിന്ന് ‘യങ് ഇന്ത്യ’ എന്ന ഒരു കടലാസുകമ്പനി രൂപീകരിച്ച് ചുളുവിലയ്ക്ക് സോണിയയും മക്കളും സ്വന്തമാക്കി എന്നാണ് ആരോപണം. യങ് ഇന്ത്യക്ക് ഇതിനുള്ള പണം നല്‍കിയത് കോണ്‍ഗ്രസ്സും. തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായാണത്രേ ഇത് നല്‍കിയത്. സ്വാതന്ത്ര്യസമര കാലത്ത് എല്ലാവര്ക്കും പങ്കാളിത്തം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ സ്വത്ത് അധികാരം ഉപയോഗിച്ച് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നെഹ്റു കുടുംബത്തിലെ ചിലര്‍ തങ്ങളുടേതാക്കി മാറ്റുകയായിരുന്നു എന്നര്‍ത്ഥം. നഗ്നമായ ഈ അഴിമതിയെ വെള്ള പൂശാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ നെഹ്റു കുടുംബത്തില്‍പ്പെട്ടവരായതിനാല്‍ അവര്‍ക്ക് ഇതിനൊക്കെ അവകാശമുണ്ടെന്നും ചോദ്യം ചെയ്യാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാട്. ഇവര്‍ സോണിയയുടെയും രാഹുലിന്റെയും ചുറ്റും കൂടി സ്തുതിഗീതം ആലപിക്കുകയാണ്.
നാഷണല്‍ ഹെറാള്‍ഡ് കേസ് ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളതുമാണ്. അറസ്റ്റ് ഭയന്ന് സോണിയയും രാഹുലും സുപ്രീംകോടതിയില്‍നിന്ന് ജാമ്യം എടുക്കുകയും ചെയ്തിട്ടുണ്ട്. യങ് ഇന്ത്യയുടെ പണമിടപാടില്‍ കൊല്‍ക്കത്തയിലെ ഒരു കമ്പനി വഴി ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കല്‍ ഉണ്ടായിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള തെളിവുകള്‍ ഇഡി ശേഖരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോണിയയേയും രാഹുലിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി പ്രതികാരം ചെയ്യുകയാണെന്ന് കുപ്രചാരണം നടത്തി അന്വേഷണ ഏജന്‍സികളെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്രകാലവും കോണ്‍ഗ്രസ്സ് ശ്രമിച്ചത്. കേസ് അവസാനിച്ചതാണെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നോക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയയ്ക്കും രാഹുലിനും ഇ ഡി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് അത് പരമാവധി വൈകിപ്പിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നത്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അനുഭവിക്കണം. നെഹ്റു കുടുംബത്തില്‍ പെട്ടവര്‍ നിയമത്തിനു മുകളിലല്ല. അങ്ങനെയൊരു ധാരണ അവര്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും വേണ്ട. നിയമം അനുസരിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: