”പച്ചത്തേങ്ങ സംഭരണം
45 കേന്ദ്രങ്ങളില്‍ കൂടി”
പച്ചത്തേങ്ങ സംഭരണത്തിന് വേഗം കൂട്ടാന്‍ പുതിയ 45 കേന്ദ്രങ്ങള്‍ തുറക്കുന്നു എന്നാണ് വാര്‍ത്ത. തലക്കെട്ട് വായിച്ചാല്‍ 45 കേന്ദ്രങ്ങളില്‍ തേങ്ങസംഭരണം കൂടി എന്നാണ് തോന്നുക.
‘പച്ചത്തേങ്ങ സംഭരണം:
45 കേന്ദ്രങ്ങളില്‍ക്കൂടി’ എന്നോ
‘പച്ചത്തേങ്ങ സംഭരണത്തിന്
45 കേന്ദ്രങ്ങള്‍ കൂടി’ എന്നോ തലക്കെട്ടു കൊടുത്താല്‍ ഈ അവ്യക്തത ഒഴിവാക്കാം.
ഒരേ പേജില്‍ വന്ന രണ്ടു തലക്കെട്ടുകള്‍
”വൃക്ഷ തൈകള്‍ നട്ടു.”
‘വൃക്ഷ തൈ നടുന്നതിന്റെ നഗരസഭാതല ഉദ്ഘാടനം’
തെറ്റും അര്‍ത്ഥവ്യത്യാസവും ഒഴിവാക്കാന്‍
‘വൃക്ഷത്തൈ’ എന്നുതന്നെ വേണം.
”എക്സൈസ് വകുപ്പ് ആധുനികവത്കരിക്കും.”
‘ആധുനികീകരിക്കും’-ശരി.
”ചൊവ്വാഴ്ച മുതല്‍ ഇവ പ്രവര്‍ത്തനം തുടങ്ങും”
‘മുതല്‍’, ‘തുടങ്ങും’- ഇവയില്‍ ഒന്നുമതി.
ചൊവ്വാഴ്ച ഇവ പ്രവര്‍ത്തനം തുടങ്ങും- ശരി
ചൊവ്വാഴ്ച മുതല്‍ ഇവ പ്രവര്‍ത്തിക്കും- ശരി.
മുഖപ്രസംഗങ്ങളില്‍നിന്ന്:
”സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന സന്ദര്‍ഭങ്ങളെ ഇല്ലാതാക്കുന്നതാണ് വിവേകപൂര്‍ണമായ യുക്തി.”
എന്തിനാണ് ഇവിടെ ‘യുക്തി’യും അതിനൊരു വിശേഷണവും.
‘സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് വിവേകം’ എന്നേ വേണ്ടൂ.
”നയതന്ത്രരംഗത്ത് ശരിയായ വിശദീകരണം കൊടുക്കുകയും ധാരണ തിരുത്തിക്കേണ്ടതുമുണ്ട്.”
‘….വിശദീകരണം കൊടുക്കേണ്ടതും ധാരണ തിരുത്തിക്കേണ്ടതുമുണ്ട്’ എന്നോ
….വിശദീകരണം കൊടുക്കുകയും ധാരണ തിരുത്തിക്കുകയും വേണം എന്നോ എഴുതിയാലേ വാക്യഘടന ശരിയാകൂ.
”…ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധികളാണ് വിവാദ പ്രതികരണം നടത്തിയതെന്നും അതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ നടപടി സ്വീകരിച്ചെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തു.”
‘…ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ നടപടി സ്വീകരിച്ചെന്നും….’ എന്നു വേണം.
”കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടരക്കോടി വൃക്ഷത്തൈ നട്ടുവെന്നും 80 ശതമാനവും സംരക്ഷിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.”
‘കഴിഞ്ഞ’ ആവശ്യമില്ല.
‘….നട്ടുവെന്നും 80 ശതമാനവും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നും….’ എന്നുവേണം.
അല്ലെങ്കില്‍, ‘…നട്ടതായും…കഴിഞ്ഞതായും…’ എന്നാക്കാം.
”….മോഹന്‍ ഭാഗവത് താന്‍ നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണ് നടത്തിയതെങ്കില്‍….”
”…മോഹന്‍ ഭാഗവത് ആത്മാര്‍ത്ഥതയോടെയാണ് പ്രസ്താവിച്ചതെങ്കില്‍….’ എന്നുമതി.
”…മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍…’എന്നുമാവാം.
”2011 ലെ വിജ്ഞാപനപ്രകാരം നിരോധിതമായ ഒരു പ്രവൃത്തിക്കും അനുമതിയുണ്ടാവില്ല. കൃഷി നടത്തുന്നതിനും മറ്റും തടസ്സമില്ല. അതേസമയം, വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം തുടരാനാവില്ല.
”അതിന്റെ ഭവിഷ്യത്തുകള്‍ അങ്ങിങ്ങ് ആവര്‍ത്തിക്കുമ്പോള്‍ കോടതി നടപടി അസ്വാഭാവികമാണെന്നു പറയാനാവില്ല. അതേസമയം, ഓരോ സംരക്ഷിത വനത്തിന്റെയും സവിശേഷതയും പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിഗണിച്ച് ബഫര്‍സോണിന്റെ വിസ്തീര്‍ണത്തില്‍ കുറവു വരുത്താനാവുമോ എന്നു പരിശോധിക്കുകയും നിര്‍ദേശമായി മുന്നോട്ടുവെക്കുകയും വേണം.”
രണ്ടിടത്തും ‘അതേസമയം’ ആവശ്യമില്ല. പലര്‍ക്കും ‘അതേസമയം’ ഒഴിയാബാധയാണ്!
പിന്കുറിപ്പ്:
‘വീണിടത്തു കിടന്ന് ഉരുളല്‍’ എന്ന പ്രയോഗത്തിന്റെ പുരോഗമന, പരിഷ്കൃത രൂപം?
താത്ത്വിക വിശകലനം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: