തിരുവനന്തപുരം: സ്കൂളുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്. അനിലിന് ഭക്ഷണത്തിനൊപ്പം കിട്ടിയത് നീളമുള്ള തലമുടി. ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്കൂളിലെത്തിയതായിരുന്നു മന്ത്രി.
ചോറ്, അവിയല്‍, പുളിശ്ശേരി, അച്ചാര്‍ എന്നിവയായിരുന്നു ഒരുക്കിയിരുന്നത്. പാചകപ്പുരയൊക്കെ സന്ദര്‍ശിച്ച ശേഷം മന്ത്രി കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ആദ്യം കഴിക്കാന്‍ എടുത്തപ്പോള്‍ തന്നെ മുടി ലഭിച്ചു. ഇതോടെ മന്ത്രി പാത്രം നീക്കിവച്ചു. തുടര്‍ന്ന് വേറെ പ്ലേറ്റില്‍ ഭക്ഷണം നല്കി. മുടിയല്ല, തേങ്ങ ചിരകിയത് മറ്റോ വന്നതാകാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതല്ലേ, അത് സ്വാഭാവികമാണ്.
ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. അത് കുറച്ചുകൂടി ഗൗരവമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തും. ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും വൃത്തി ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്കൂളുകളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്കൂളുകളില്‍ എത്തി വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യമന്ത്രിയും ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി തന്നെ മുന്നോട്ടുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: