തൃശ്ശൂര്‍: രാജ്യാന്തര നിലവാരത്തിലേക്ക് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് പുനര്‍ നിര്‍മ്മിയ്ക്കുന്നതിന് തീരുമാനമായി. പൂര്‍ണ്ണമായും റെയില്‍വേയുടെ ചെലവില്‍ ഏറ്റെടുക്കുന്ന ഈ പദ്ധതിയ്ക്ക് നോഡല്‍ ഓഫീസറെ നിയമിച്ചു. പ്രാഥമിക വിവര ശേഖരണവും ആരംഭിച്ചിട്ടുണ്ട്. നൂറ് കോടിയോളം ചെലവ് വരുന്ന നിര്‍മ്മാണപ്രവര്‍ത്തികള്‍ മൂന്നു കൊല്ലം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര് മുകുന്ദ്, ടി എന്‍ പ്രതാപന് എംപിയെ അറിയിച്ചു. തൃശ്ശൂര്‍ ലോകസഭ മണ്ഡലത്തിലുള്‍പ്പെട്ട റെയില്‍വേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ചചെയ്യാന്‍ ടി എന്‍ പ്രതാപന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിയ്ക്കവെയാണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്.
ഡിആര്‍എം ആര് മുകുന്ദിന് പുറമെ റെയില്‍വേയില്‍ നിന്നും സീനിയര്‍ ഡിവിഷണല്‍ കൊമ്മേഴ്സ്യല്‍ മാനേജര്‍ ജെറിന് ആനന്ദ്, അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബുരാജ്, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ (നോര്‍ത്ത്) നരസിംഹ ആചാരി, എറണാകുളം ഏരിയ മാനേജര്‍ നിതിന്‍ റോബര്‍ട്ട് എന്നിവരും തൃശ്ശൂരിലെ മുഴുവന്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ടി എന്‍ പ്രതാപനോടൊപ്പം മുന്‍ എംഎല്‍എമാരായ ടി വി ചന്ദ്രമോഹന്, എം പി വിന്‍സെന്റ്, ഓട്ടോ തൊഴിലാളി യൂണിയന് നേതാവ് ഷംസുദ്ദീന്, യാത്രക്കാരുടെ പ്രതിനിധികളായ പി കൃഷ്ണകുമാര്‍, അരുണ്‍ ലോഹിതാക്ഷന്, ഷാജു ജോസഫ്, ടി രാമന്‍കുട്ടി, എം ഗിരീശന്, രവിക്കുട്ടന്, പുതുക്കാട് എംഎല്‍എയുടെ സെക്രട്ടറി മനോജ് എന്നിവര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു.
കോവിഡിന് മുമ്പ് ഓടിയിരുന്ന മുഴുവന്‍ തീവണ്ടികളും മൂന്ന്, നാല് ആഴ്ചകള്‍ക്കുള്ളില്‍ പുനരാരംഭിയ്ക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. പാസഞ്ചര്‍ വണ്ടികളുടെ ഹാള്‍ട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളും പുനഃസ്ഥാപിയ്ക്കും. എറണാകുളത്തുനിന്നും ഷൊര്‍ണ്ണൂര്‍ വരെയുള്ള മൂന്നാം പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വ്വേ നടന്നുവരികയാണ്. വേഗത കൂടിയ വണ്ടികള്‍ക്ക് കൂടി അനുയോജ്യമായ വിധത്തിലാകും പ്രസ്തുത പാത നിര്‍മ്മിയ്ക്കുക. ഓട്ടോമാറ്റിക് സിഗ്നലിങ് അടുത്ത ബഡ്ജറ്റില്‍ വീണ്ടും പരിഗണനയിലുണ്ട്. തൃശ്ശൂരിലെ പ്രീ പെയ്ഡ് ഓട്ടോ പ്രശ്!നം പരിഹരിയ്ക്കു ന്നതിന് ജൂണ്‍ 14 ചൊവ്വാഴ്ച ബന്ധപ്പെട്ട എല്ലാവരുടെയും യോഗം എംപിയുടെ സാന്നിദ്ധ്യത്തില്‍ ചേരും. അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേയ്ക്ക് നീട്ടുന്നത് അടുത്ത സമയ വിവര പട്ടികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗുരുവായൂര്‍ തിരുന്നാവായ പാത സര്‍വ്വേ തടസ്സപ്പെട്ടത് മൂലം റെയില്‍വേ മരവിപ്പിച്ചിരിയ്ക്കു കയാണ്. ഗുരുവായൂരിലെ യാര്‍ഡ് വികസനം പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാനുള്ള സാദ്ധ്യത പരിശോധിയ്ക്കും. തിരുവെങ്കിടം അടിപ്പാത മുനിസിപ്പാലിറ്റിയുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഏറ്റെടുക്കും. പൂങ്കുന്നം സ്റ്റേഷന്റെ ശേഷിയ്ക്കുന്ന പ്രവര്‍ത്തികളും റോഡ് ടാറിങ്ങും പൂര്‍ത്തിയാക്കും. പൂങ്കുന്നത്തു് ഏതാനും മിനി ഷെല്‍ട്ടറുകളും തൃശ്ശൂരില്‍ ടാക്സിക്കാര്‍ക്ക് വിശ്രമത്തിനായി ഷെഡ്ഡും ഇരിഞ്ഞാലക്കുടയില്‍ സ്റ്റേഷനിലേയ്ക്കുള്ള വഴിയില്‍ റൂഫിംഗും നിര്‍മ്മിയ്ക്കുന്നതിന് റെയില്‍വേ പദ്ധതി തയ്യാറാക്കിയാല്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും തുക അനുവദിയ്ക്കാമെന്ന് ടി. എന്‍. പ്രതാപന് അറിയിച്ചു. പുതുക്കാട് നടപ്പാലത്തിനുള്ള സാദ്ധ്യത പഠനം നടത്തും. നെല്ലായി സ്റ്റേഷന് കെട്ടിടം പുതുക്കി പണിയുന്നതിനുള്ള സാദ്ധ്യതകള്‍ ആരായും. മുതിര്‍ന്ന പൗരന്മാര്‍ക്കടക്കമുള്ള യാത്ര സൗജന്യം സംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: