വടക്കാഞ്ചേരി: കുഞ്ഞുശിവയുടെ സ്വപ്നം പൂവണിഞ്ഞു. പഠനാവസരം ചോദിച്ച് വിദ്യാലയത്തിലെത്തിയ ഒഡീഷ സ്വദേശി ഇനി അക്ഷരകേരളത്തിന്റെ ഭാഗം. ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ ഒഡീഷ ഒഡബ ജില്ല സ്വദേശികളായ ഭഗവാന് – സുസ്മിത ദമ്പതികളുടെ മകന് ശിവ (13) ഇനി അമ്പലപുരം ദേശവിദ്യാലയം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി.
ശിവയുടെ ദുരിതം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് ജന്മഭൂമിയാണ്. നിറകയ്യടികളോടെയാണ് സഹപാഠികള്‍ പുതിയ കൂട്ടുകാരനെ ക്ലാസ് മുറിയിലേക്ക് വരവേറ്റത്. യൂണിഫോം, നോട്ട്ബുക്ക്, പെന്‍സില്‍ ബോക്സ് തുടങ്ങിയ പഠനോപകരണങ്ങള്‍ നല്കി അധ്യാപകരും വിദ്യര്‍ത്ഥിയെ സ്വീകരിച്ചു. പഠിക്കണമെന്ന കുട്ടിയുടെ ആഗ്രഹം സഫലമാക്കിയ സ്കൂള്‍ അധികൃതര്‍ക്കും അഭിനന്ദന പ്രവാഹമുയരുകയാണ്.
സ്കൂള്‍ തുറന്ന് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു അമ്പലപുരം ദേശവിദ്യാലയത്തിലേക്ക് കുട്ടി തനിച്ചു കയറി വന്നത്. ഞാന്‍ മാത്രമിങ്ങനെ നടന്നാല്‍ മതിയോ എനിക്കും പഠിക്കണ്ടേ എന്നായിരുന്നു ഉച്ചനേരത്ത് സ്റ്റാഫ്റൂമില്‍ കയറി വന്ന കുട്ടിയുടെ ചോദ്യം. ആദ്യം അമ്പരന്ന അധ്യാപകര്‍ ശിവക്ക് പഠിക്കാനാവശ്യമായ രേഖകള്‍ ഇല്ലെന്നറിഞ്ഞതോടെ കുട്ടിയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് മടക്കി വിട്ടിരുന്നു.
മൂന്നാം വയസില്‍ കേരളത്തിലെത്തിയ തനിക്ക് പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെ മലപ്പുറം വടക്കുംപുറത്തെ സ്വകാര്യ സ്കൂളില്‍ മൂന്ന് വരെ പഠിക്കാന്‍ കഴിഞ്ഞതായും കുട്ടി പറയുന്നു. എന്നാല്‍ ഈ സ്കൂള്‍ പിന്നീട് അടച്ചുപൂട്ടിയതോടെ പഠനം പ്രതിസന്ധിയിലായി. തൃശൂര്‍ അത്താണിയിലെത്തി പഠനം തുടരാന്‍ നിരവധി വിദ്യാലയങ്ങളെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. രേഖകളില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ശിവയുടെ മാതാപിതാക്കളും വിഷമ വൃത്തത്തിലായി. അങ്ങനെയാണ് സ്കൂള്‍ തുറന്നതിന്റെ രണ്ടാംദിനം മാതാപിതാക്കളറിയാതെ ശിവ അപേക്ഷയുമായി സ്കൂളിലെത്തിയത്.
പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഏതു ക്ലാസില്‍ വേണമെങ്കില്‍ പഠിച്ചോളാമെന്ന നിഷ്കളങ്കമായ വാക്കുകള്‍ അധ്യാപകരെയും സ്വാധീനിച്ചു. ഉന്നത അധികൃതരുമായി ചര്‍ച്ച നടത്തിയും വിശദമായ പഠനം നടത്തിയതിനും ശേഷം സ്കൂള്‍ മാനേജര്‍ ടിഎന്‍ ലളിത, പ്രധാനാധ്യാപിക സതീദേവി എന്നിവര്‍ അത്താണി പെരിങ്ങണ്ടൂരിനടുത്തെ കുട്ടിയുടെ വീട് കണ്ടെത്തി രക്ഷിതാക്കളോട് അവരുടെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം സ്കൂളിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2010ലെ ആര്‍ടിഇ ആക്ട് പ്രകാരം രക്ഷിതാക്കളുടെ സത്യവാങ്ങ് മൂലം വാങ്ങി ശിവക്ക് പഠിക്കാന്‍ അവസരം ഒരുക്കിയതെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ദേശവിദ്യാലയത്തില്‍ ഇതരസംസ്ഥാനക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: