ലക്നൗ: കാണ്‍പൂരില്‍ ഹിന്ദു സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് കലാപത്തിന് ശ്രമിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആരോപണവുമായി സൂഫി സംഘടനാ ദേശീയ അധ്യക്ഷന്‍. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നും അവര്‍ക്കെതിരെ സംസ്ഥാന, ദേശീയ സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും സൂഫി ഖന്‍ഹാ ദേശീയ അധ്യക്ഷന്‍ സൂഫി കൗസര്‍ മജീദി ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും വന്ന ദിവസം തന്നെ ബന്ദ് നടത്താന്‍ തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട്. അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കരുതെന്നും മജീദി പറഞ്ഞു.
സംഭവത്തില്‍ പിടിയിലായ ഹയത്ത് സഫര്‍ ഹഷ്മിയില്‍ നിന്നും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആചാര്യന് മൊഹമ്മദ് അലി ജൗഗറിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ ദേശീയ ഉപാധ്യക്ഷനാണ് ഹയത്ത് സഫര്‍ ഹഷ്മി. ഇയാള്‍ ജനങ്ങളെ പറഞ്ഞ് പ്രകോപിപ്പിച്ച് അക്രമത്തിലേയ്ക്ക് നയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഇതുവരെ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം, ഗ്യാങ്സ്റ്റര്‍ ആന്റി സോഷ്യല്‍ ആക്ടിവിറ്റി പ്രിവന്‍ഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കുറ്റവാളികളുടെ സ്വത്തു വകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തും. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഇന്നുണ്ടായേക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം.
കാണ്‍പൂര്‍ മാര്‍ക്കറ്റിന് സമീപത്തെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരത്തിനെത്തിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നൂപൂര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചായിരുന്നു പ്രകടനം. ബെക്കോന്‍ഗുഞ്ച് മേഖലയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹിന്ദു സ്ഥാപനങ്ങള്‍ നിറഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ അക്രമാസക്തമാകുകയായിരുന്നു.
ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ൃ 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: