കൊച്ചി: ലെയ്സില്‍ പകുതിയും കാറ്റ് നിറച്ച് നല്കിയ ആഗോള കമ്പനിയായ പെപ്സികോയെ പാഠം പഠിപ്പിച്ച് മലയാളി. ചിപ്സ് ബ്രാന്‍ഡായ ലെയ്സില്‍ ചിപ്പ്സിന്റെ അളവ് കുറച്ചതിന് തൃശൂര്‍ ലീഗല്‍ മെട്രോളജി 85,000 രൂപ പിഴ ചുമത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.
പാക്കറ്റില്‍ കാണിച്ച അളവിനേക്കാള്‍ ലെയ്സ് കുറഞ്ഞതിനാണ് ഇദേഹം നിയമനടപടിയുമായി മുന്നോട്ട് പോയത്. ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ ജയശങ്കര്‍ പരാതി നല്കി.
115 ഗ്രാം തൂക്കം അവകാശപ്പെടുന്ന മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്വ്യക്തമാക്കിയത്. തുടര്‍ന്ന് തൃശൂര്‍ കാഞ്ഞാണിയിലെ സഹകരണ സംഘ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് കണ്ടെത്തി. പരാതി സത്യമാണെന്ന് കണ്ടെത്തിയതോടെയാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: