മനോജ് ചാരുംമൂട്
സങ്കട വള്ളികളില്‍
ഊഞ്ഞാലുകെട്ടിയാടുമ്പോള്
ഒരു മാനം നിറയെ മഴ
കരിഞ്ഞ പുല്‍ച്ചെടി
തുമ്പിലേക്കിരച്ചു വീണതു
ജീവന്റെ വര്‍ഷം
ഒരുമയുടെ വേരുകള്‍
ചികഞ്ഞു ചികഞ്ഞൊരു
വളവിലെത്തുമ്പോളവിടെ
അചരിചിതരുടെ കാല്‍പ്പാടുകള്‍
നിറഞ്ഞൊരു മതില്‍ക്കെട്ടാണ്
അതിനപ്പുറം നിഗൂഡം
വിശപ്പിന്റെ താവഴികള്
പടര്ന്നെരിഞ്ഞ
അസ്ഥിച്ചാരങ്ങള്ക്കു
മുകളിലൂടെ പീരങ്കികള്‍
ശബ്ദിച്ചു കൊണ്ടു പായുന്നു
തല വലിച്ചകത്തിട്ട ആമകള്‍
വെറും പുറന്തോടു കാട്ടി
ഒളിച്ചിരിപ്പുണ്ട്
മാനങ്ങള്‍ നിറയെ മഴ
പെയ്യുമ്പോഴും പുല്ലാകെ
ഉണങ്ങിയതു തീക്കാറ്റിലാണ്
ജീവന്റെ വര്‍ഷങ്ങള്‍ക്കു മീതേ
ചിതറിച്ചെറിച്ചു വീഴുന്നതൊക്കെയും
കട്ട പിടിച്ച ചുമപ്പാണ്
ആമക്കു പുറംതോടൊരു
മതിലെങ്കില്‍ പല മതില്‍ക്കെട്ടില്‍
ആമ ജീവിതങ്ങള്‍
സമ്പാദിച്ചും ഉണ്ടും ഉറങ്ങിയും
ആഘോഷങ്ങളിലാണ്
പൂത്തിരികള്‍ കത്തുന്നത്
ഉത്സവമാണവര്ക്ക്
എരിഞ്ഞു വീഴുന്നതൊക്കെ
അവരുടേതല്ല
കൂട്ടത്തിലാരുമവര്ക്കു
പ്രിയപ്പെട്ടവരല്ല
പിന്നെന്തിനവര്…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: