ന്യൂദല്‍ഹി: സാമ്രാട്ട് പൃഥ്വിരാജ് സിനിമയ്ക്ക് യുപിയില്‍ നികുതി ഒഴിവാക്കി യോഗി സര്‍ക്കാര്‍. സാധാരണ ജനങ്ങളിലേക്ക് സിനിമ എത്തിക്കാനാണ് നടപടിയെന്നും യോഗി ആദിത്യനാഥ് ലഖ്നൗവില്‍ പറഞ്ഞു.
‘സാമ്രാട്ട് പൃഥ്വിരാജ് ‘നികുതി രഹിതമാക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, അക്ഷയ് കുമാര്‍ തന്റെ സിനിമയില്‍ ഇന്ത്യയുടെ ചരിത്രം മനോഹരമായി കാണിച്ചിരിക്കുന്നു. അതിനാലാണ് ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്രാട്ട് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷമായിരുന്നു യോഗിയുടെ പ്രതികരണം.
റിലീസിനു മുന്‍പ് രാഷ്ട്രീയ പ്രമുഖര്‍ക്കായി നടത്തിയ പ്രത്യേക സ്ക്രീനിംഗിലാണ് അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടത്. അക്ഷയ് കുമാറും ഒപ്പമുണ്ടായിരുന്നു. സിനിമയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ രംഗത്തെത്തിയിരുന്നു.
12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെക്കുറിച്ചുള്ള ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന് ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൗഹാന്റെ ടൈറ്റില്‍ റോളില്‍ അക്ഷയ് കുമാറാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: